കാർഷികമേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് പാലാ രൂപതയുടെ നേതൃത്വത്തിൽ ഒരു ലക്ഷം പേർ അണിനിരക്കുന്ന കർഷക പ്രക്ഷോഭം ഇന്നു 2.30നു പാലാ കുരിശുപള്ളി ജംക്ഷനിൽ നടക്കും. ടൗണിലെ 5 കേന്ദ്രങ്ങളിൽ സംഗമിക്കുന്ന ഫൊറോനതല കർഷക സമൂഹം ടൗണിൽ കർഷ കമതിൽ തീർക്കും. കത്തീഡ്രൽ മൈതാനം, കൊട്ടാരമറ്റം ജംഗ്ഷൻ, കിഴതടിയൂർ ബൈപാസിലെ കിഴതടിയൂർ പള്ളി ജംഗ്ഷൻ, ളാലം പാലം ജംഗ്ഷൻ, മാർക്കറ്റ് റോഡിൽ സിവിൽ സ്റ്റേഷൻ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് മതിലുകൾ തീർക്കുന്നത്. രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നു വൈദികരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ കർഷകർ ഒത്തുകൂടും.
രൂപതയുടെ 170 ഇടവകകളിൽനിന്നു വൈദികരുടെയും വിവിധ സംഘടനാ ഭാരവാഹികളുടെയും നേതൃത്വത്തിലാണ് കർഷകർ എത്തുന്നത്. 3.30ന് ടൗൺ കുരിശുപള്ളി ജംക്ഷനിൽ ചേരുന്ന കർഷക മഹാസംഗമത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, വൈദികർ, കർഷക നേതാക്കൾ എന്നിവർ പ്രസംഗിക്കും. ലക്ഷക്കണക്കിനു കർഷകർ ഒപ്പിടുന്ന ഭീമഹർജി മുഖ്യമന്ത്രിക്ക് സമർപ്പിക്കും.
കർഷകരുടെ ജീവൽ പ്രശ്നങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അടിയന്തര ശ്രദ്ധയും ഇടപെടലും ലക്ഷ്യം വച്ചാണ് രൂപതയുടെ നേതൃത്വത്തിൽ കർഷകമതിലും റാലിയും മഹാസമ്മേളനവും സംഘടിപ്പിച്ചിരിക്കുന്നത്. ബിഷപ് മാർ ജേക്കബ് മുരിക്കൻ, മോണ്‍. ജോസഫ് കുഴിഞ്ഞാലിൽ, മോണ്‍. ജോസഫ് മലേപ്പറന്പിൽ, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, മോണ്‍. സെബാസ്റ്റ്യൻ വേത്താനാത്ത്, റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഷെവലിയർ വി.സി. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിക്കും.