തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകൾ മർദിച്ചു എന്നാരോപിച്ച് പോലിസിൽ പരാതി നൽകിയ പോലീസുകാരനെതിരെയും കേസെടുത്തു. പോലീസുകാരൻ കൈക്കു കയറി പിടിച്ചെന്നാരോപിച്ചാണ് എഡിജിപിയുടെ മകൾ വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.ആ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
മകൾ മർദ്ദിച്ചുവെന്നാരോപിച്ച് അദ്ദേഹത്തിന്റെ ഡ്രൈവർ ആര്യനാട് സ്വദേശി ഗവാസ്കർ ഉന്നയിച്ച പരാതിയിൽ എഡിജിപിയുടെ മകൾക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അവർ മൊഴി നൽകുകയും ആശുപത്രിയിൽ എത്തുകയും ചെയ്തത്. അസഭ്യം പറയൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇതേസമയം എഡിജിപിയുടെ വീട്ടിൽ വളർത്തുന്ന പട്ടിക്ക് മീൻ വറുത്തു നൽകാനാകില്ലെന്ന് കാട്ടി എസ്എപി ക്യാമ്പിലെ പൊലീസുകാർ രംഗത്തെത്തി. എസ്എപി ക്യാമ്പിലെ മെസിൽ നിന്നുമാണ് എഡിജിപിയുടെ നായയ്ക്ക് മീൻ വറുത്തു നൽകിയിരുന്നത്. എഡിജിപിയുടെ മകൾ പൊലീസുകാരനെ മർദ്ദിച്ച സംഭവത്തെ തുടർന്നാണ് പൊലീസുകാർ എഡിജിപിക്കെതിരെ രംഗത്തെത്തിയത്. ഇതേസമയം എഡിജിപിയുടെ ക്വാർട്ടേഴ്സിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ക്യാമ്പ് ഫോളോവർമാരെ എഡിജിപി തിരിച്ചയച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.