Breaking News
Home / Uncategorized / ലേഷ് തിയ്യഞ്ചേരി എന്ന ഒരു സിവിൽ പോലീസ് ഓഫീസർ ഉണ്ട എന്ന സിനിമ സംബന്ധമായി സോഷ്യൽ മീഡിയയിൽ ഇട്ട ഒരു അനുഭവക്കുറിപ്പ് ഇപ്പോൾ വൈറലാവുകയാണ്.

ലേഷ് തിയ്യഞ്ചേരി എന്ന ഒരു സിവിൽ പോലീസ് ഓഫീസർ ഉണ്ട എന്ന സിനിമ സംബന്ധമായി സോഷ്യൽ മീഡിയയിൽ ഇട്ട ഒരു അനുഭവക്കുറിപ്പ് ഇപ്പോൾ വൈറലാവുകയാണ്.

ശ്രീലേഷ് തിയ്യഞ്ചേരി എന്ന ഒരു സിവിൽ പോലീസ് ഓഫീസർ ഉണ്ട എന്ന സിനിമ സംബന്ധമായി സോഷ്യൽ മീഡിയയിൽ ഇട്ട ഒരു അനുഭവക്കുറിപ്പ് ഇപ്പോൾ വൈറലാവുകയാണ്. ശ്രീലേഷ് പറയുന്നത് ഈ സിനിമ അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ്. ഗിരീഷ് എന്ന പോലീസ് കോൺസ്റ്റബിൾ കഥാപാത്രം അദ്ദേഹം തന്നെയായിരുന്നു എന്നും അദ്ദേഹം ഈ കുറിപ്പിലൂടെ പറയുന്നു.

ശ്രീലേഷ് തിയ്യഞ്ചേരി എഴുതുന്നു..

ഗിരീഷ് എന്ന പൊലീസ് കോണ്സ്റ്റബിൾ എനിക്ക് ഞാൻ തന്നെയായിരുന്നു..ജോജോയും ബിജുവും ഗോകുലുമോക്കെ എനിക്ക് രാഗേഷും അരുണും ശരത്തും ജിനേഷുമൊക്കെയായിരുന്നു…മണി സാറിൽ ഞാൻ കണ്ടത് വിനോദ് സാറിനെയോ ശ്രീനേഷ് സാറിനെയോ ആയിരുന്നു..മാത്യു സാർ പലപ്പോഴും കുഞ്ഞികൃഷ്ണൻ സാറോ കുട്ടിച്ചൻ സാറോ ആയി..സിനിമയിലെ ബാക്കി പോലിസുകാർ എനിക്ക് എന്റെ കൂടെ ട്രെയിനിങ് കഴിഞ്ഞ കെ എ പി നാലാം ബറ്റാലിയനിലെ E and F കമ്പനിയിലെ സഹപ്രവർത്തകരായി..

ഞങ്ങൾക്ക് മുൻപും പിൻപും അവിടുത്തെ മൈതാനത്തിൽ നിന്നും പിറവിയെടുത്ത പൊലീസുകാരായി..ഇതാണ് എനിക്ക് ഒറ്റവാക്കിൽ ഉണ്ട എന്ന സിനിമ… ഈ സിനിമ ചെയ്യാൻ ഇതിന്റെ അണിയറക്കാർ എത്രമാത്രം പഠനം നടത്തിയിരിക്കുന്നു എന്നത് പലയിടങ്ങളിലും സുവ്യക്തം..ഓരോ ചലനത്തിൽ തുടങ്ങി, സംഭാഷണത്തിലും ജീവിതങ്ങളിലും കാണിക്കുന്ന കാഴ്ചകൾ നമുക്ക് വ്യക്തമാക്കി തരുന്നുണ്ട് ഈ കാര്യം..ബാരക്കിന്റെ വരാന്തയിൽ ബൂട്ട് പോളിഷ് ചെയ്തു കൊണ്ടിരുന്നത് റിയൽ ലൈഫ് പൊലീസുകാരല്ല എന്ന് ആർക്കു പറയാൻ പറ്റും??

ആ രംഗം ചിത്രീകരിക്കുമ്പോൾ അവിടെ ഞാനും ഉണ്ടായിരുന്നു..ഒരു മുൻപരിചയവുമില്ലാത്ത സംവിധായകനോട് ഞാൻ പറഞ്ഞു..”സാർ സിവിൽ ഷൂവിനു പകരം ബൂട്ട് ഉപയോഗിച്ചാൽ കുറെക്കൂടി ഒറീജിനാലിറ്റി കിട്ടും എന്ന്…വെറുമൊരു അഭിപ്രായമായി തള്ളിക്കളയാമായിരുന്നു എങ്കിലും സംവിധായകൻ എന്റെ അഭിപ്രായം സ്വീകരിക്കുകയും രംഗം ചിത്രീകരിക്കുകയും ചെയ്തു…പെർഫെക്ഷൻ ആഗ്രഹിക്കുന്ന ഒരു സംവിധായകന്റെ മനസ് ഞാൻ അവിടെ കണ്ടു..

ഉണ്ട തുളഞ്ഞു പോകുന്ന ചില അവസ്ഥകളുണ്ട്..ചിരിയും, കണ്ണീരും,പേടിയും, ധൈര്യവും, തമാശയും,കുറ്റം പറച്ചിലും,ഏറ്റു പറച്ചിലും മാപ്പു പറച്ചിലും,പങ്കുവെയ്ക്കലും ഓർമപ്പെടുത്തലുമുണ്ട്..മരണത്തെപ്പറ്റി ചിന്തിക്കുമ്പോഴും ചിരിക്കാൻ വേണ്ടി നടത്തുന്ന സൗഹൃദങ്ങളുടെ ചില ആത്മാർത്ഥമായ ശ്രമങ്ങളുണ്ട്..

വിജയിക്കുന്നതും തോറ്റു പോവുന്നതുമായ ശ്രമങ്ങൾ..സിനിമ കാണുന്ന ഓരോരോ പ്രേക്ഷകനും അവനവന്റെ ജീവിതത്തോട് ചേർക്കാവുന്ന അത്രയും തന്നെ തരംഗദൈർഘ്യം ഉള്ള ചില വികാരങ്ങൾ..അവിടെ ഈ സിനിമ അത് കാണുന്ന പ്രേക്ഷകന്റേത് കൂടിയാവുന്നു..സംവിധായകൻ പ്രേക്ഷകരുടെ സ്പന്ദനം മനസിലാക്കുന്നു…

ഒരു കയ്യൊപ്പ് ബാക്കി വയ്ക്കാത്ത ഒരു രംഗം പോലും 2 മണിക്കൂർ 11 മിനിറ്റ് 45 സെക്കൻഡിൽ ഈ സിനിമയിൽ ഇല്ല എന്നതാണ് വാസ്തവം..ഛായാഗ്രഹണവും, എഡിറ്റിങ്ങും പശ്ചാത്തല സംഗീതവും പലയിടത്തും മത്സരിക്കുന്നതായി തോന്നി..അവിടെ സിനിമ ഒരു ടീം വർക്കായി മാറി..വിജയം മാത്രം ആഗ്രഹിച്ചു മുന്നോട്ട് കുതിച്ചോടുന്ന ചില മനുഷ്യരുടേതായി..

മമ്മൂട്ടി എന്ന താരം എന്നൊക്കെ മണ്ണിൽ ഇറങ്ങി വന്നിട്ടുണ്ടോ അപ്പോഴൊക്കെ നമുക്ക് അത്ഭുതങ്ങൾ സമ്മാനിക്കപ്പെട്ടിട്ടുണ്ട്..ഇക്കുറിയും ചരിത്രം ആവർത്തിക്കപ്പെടുന്നു…തന്റെ അഭിനയജീവിതത്തിൽ മമ്മൂട്ടി ചെയ്ത ഏറ്റവും നല്ല പോലീസ് വേഷമാകുന്നു എസ് ഐ മണി സാർ..ഏതൊരു പൊലീസുകാരനാണ് മണി സാറിനെപ്പോലൊരു സുപ്പീരിയർ ഓഫീസർ ഉണ്ടെങ്കിൽ എന്നു ആഗ്രഹിച്ചു പോവാത്തത്??അല്ലെങ്കിൽ എല്ലാ പൊലീസുകാരന്റെയും ജീവിതത്തിൽ മണി സാറിനെപ്പോലെ ഉള്ള ഒരു ഓഫീസർ ഉണ്ടായിട്ടുണ്ടാവും എന്നു പറയുന്നതാണ് ശരി..

മണി സാറിന്റെ കൂടെ അണിനിരന്ന ഓരോരുത്തരും മികച്ചു നിന്നു..ഉള്ളിൽ സ്നേഹം വെച്ച് പുറമെ പരുക്കനായി അഭിനയിക്കേണ്ടി വരുന്നവർ തന്നെയാണ് ക്യാംപിൽ ഉള്ള ഹവിൽദാർമാർ..ഞങ്ങളുടെ രജീഷ് കൈതേരി സാറിനെപ്പോലെ…അങ്ങനെയൊരു വേഷം ചെയ്യേണ്ടത് ഷൈൻ ടോം ചാക്കോ അല്ലാതെ വേറെ ആരാണ്??അർജുൻ അശോകനും റോണിയും,ലുക്മാനും പകരമായി ആരെയാണ് കാസ്റ്റ് ചെയ്യാൻ പറ്റുക??കാസ്റ്റിങ് ടീം അർഹിക്കുന്ന കയ്യടിയുടെ ശബ്ദം വളരെ ഉയരത്തിലാണ്…

ഉണ്ട സംസാരിക്കുന്ന ചില രാഷ്ട്രീയമാനങ്ങളുണ്ട്..സാംസ്കാരിക ജീർണതയുടെ കാണിച്ചു തരലുകളും സത്യസന്ധതയുടെ കൂടെ ചേർന്നു നിന്നു തെറ്റിനു നേരെയുള്ള വളരെ ദൃഢമായ വിരൽ ചൂണ്ടലുകളുമുണ്ട്..ഇന്ന് നമ്മൾ സംസാരിക്കേണ്ടുന്ന രാഷ്ട്രീയം ഇന്ന് തന്നെ നമുക്ക് വേണ്ടി സംസാരിക്കുന്നുണ്ട് ഉണ്ട..അവിടെ സിനിമ സമൂഹത്തിന്റേത് കൂടിയാവുന്നു..പ്രതിബദ്ധതയുടെ ഒരു നിറവേറ്റൽ കാണാം നമുക്ക് ഇവിടെ..ജനിച്ച മണ്ണ് ജീവിക്കാൻ കൂടിയുള്ളതാണ് എന്നൊരു വലിയ തിരിച്ചറിവോ ഓർമപ്പെടുത്തലോ ഉണ്ടാവുന്നുണ്ട്..കുനാൽ ചന്ദും മക്കളും നോവിനെക്കാൾ ഉപരി ഒരു ചോദ്യചിഹ്നമാകുമ്പോൾ, ലുക്ക്മാന്റെ കഥാപാത്രം കൊളുത്തുന്ന ഊരുവിളക്കിന്റെ അരണ്ട വെളിച്ചത്തിന് ഒരുപക്ഷേ ഈ ലോകത്തെ തന്നെ പ്രകാശിപ്പിക്കാൻ കഴിയും..എത്ര വലിയ മതിൽക്കെട്ടിന്റെ ഇടയിലൂടെയും തുളച്ചു കയറാൻ ആ കുഞ്ഞുനാളത്തിന് സാധിക്കും എന്ന് തോന്നിപ്പോകുന്നുണ്ട്…..

സിനിമയിലെ ഒരു രംഗം കണ്ടപ്പോൾ എന്റെ അടുത്തിരുന്ന എന്റെ ഭാര്യയുടെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടു..പലപ്പോഴും ഉച്ചത്തിലുള്ള കയ്യടികൾ അവളിൽ നിന്നും ഞാൻ കേട്ടു..സിനിമയുടെ അവസാനം, എസ് ഐ ആയ അവളുടെ അച്ഛനെ വിളിച്ച് വാതോരാതെ അവൾ സംസാരിച്ചപ്പോൾ എനിക്ക് മനസിലായി…ഈ സിനിമ ഹൃദയം തൊട്ടിരിക്കുന്നു എന്ന്.. ഉണ്ട ലക്ഷ്യത്തിൽതന്നെ തുളഞ്ഞു കയറിയിരിക്കുന്നു എന്ന്‌..ഒരു ചൂണ്ടുവിരലായി, ഒരു ഓർമപ്പെടുത്തലായി,പലർക്കുമുള്ള ഒരു തിരിച്ചറിവായി മാറും എന്ന്.. കാക്കിയിട്ട പോലീസുകാരന്റെ ജീവിതം അത്രമേൽ സത്യസന്ധമായാണ് ഇവിടെ അവതരിപ്പിച്ചത്..ആക്ഷേപഹാസ്യമാവാതെ,പരിഹസിക്കാതെ, പോലീസുകാരുടെ എല്ലാ മാനസികാവസ്ഥയും തൊട്ടു കടന്നു പോകുന്ന ഒരു സിനിമയാവുന്നു ഉണ്ട..

ഖാലിദ് റഹ്മാൻ എന്ന സംവിധായകന് ഓർമയുണ്ടാവുമോ എന്നറിയില്ല..കെ എ പി ക്യാംപിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിന്റെ ഗ്ളാസ്സിൽ ഞാൻ തട്ടിയപ്പോൾ നിങ്ങൾ ഇറങ്ങി വന്നു..നിങ്ങളുടെ കൂടെ സെൽഫി എടുത്ത് നിങ്ങളെ കെട്ടിപ്പിടിച്ചു ഞാൻ പറഞ്ഞു..”ഈ സിനിമ വലിയൊരു വിജയമാകും സാർ,ഞാൻ പ്രാർത്ഥിക്കും,ആദ്യ ദിവസം തന്നെ നിങ്ങളെ വിളിച്ചു ഞാൻ അഭിനന്ദനം അറിയിക്കും എന്ന്…”അത് സംഭവിച്ചിരിക്കുന്നു..ഖാലിദ് റഹ്മാൻ തന്റെ സിനിമ ഡയറിയിൽ വിജയത്തിന്റെ രണ്ടാമത്തെ കയ്യൊപ്പും നീട്ടി വരയ്ക്കുന്നു….

“റൈഫിൾ ഇടം വലം തിരിയാതെ… നോക്കുന്ന കണ്ണിന്റെ വിപരീത കണ്ണടച്ച്…പച്ചപ്പിൽ നോക്കി കണ്ണുകളെ റീഫ്രഷ് ചെയ്ത്… ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു….ഒറ്റ വെടി… അതേ സാർ..നിങ്ങളുടെ ഉണ്ട ചീറിപ്പാഞ്ഞു തുളച്ചു കയറിയത് ലക്ഷ്യത്തിന്റെ ഒത്ത നടുവിൽ തന്നെയാണ്…നിങ്ങൾക്ക് അഭിമാനിക്കാം..കാരണം നിങ്ങൾ ഇന്നൊരു ഷാർപ് ഷൂട്ടർ തന്നെയാണ്..

നന്ദി..ഇങ്ങനെയൊരു വിഷയം ചലച്ചിത്രമാക്കിയത്തിന്..കാക്കിക്കുള്ളിൽ പൊലീസുകാരെ കാണാതെ മനുഷ്യരെ കണ്ടതിന്.. രണ്ടുവാക്ക് നല്ലത് പറഞ്ഞതിന്…

ശ്രീലേഷ് തിയ്യഞ്ചേരി
സിവിൽ പോലീസ് ഓഫീസർ
കണ്ണൂർ

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *