Breaking News
Home / Uncategorized / ഞാനും വിളിച്ചിട്ടുണ്ട് ഒന്നിലേറെ തവണ സിസ്റ്ററേ സിസ്റ്ററേ ന്ന് കുഞ്ഞ് താഴോട്ടിറങ്ങുന്ന സമയത്ത് വയറിന് താഴേക്ക് വല്ലാത്തൊരു പ്രഷറാണ്

ഞാനും വിളിച്ചിട്ടുണ്ട് ഒന്നിലേറെ തവണ സിസ്റ്ററേ സിസ്റ്ററേ ന്ന് കുഞ്ഞ് താഴോട്ടിറങ്ങുന്ന സമയത്ത് വയറിന് താഴേക്ക് വല്ലാത്തൊരു പ്രഷറാണ്

പ്രസവത്തിന് വേണ്ടി ലേബർ റൂമിൽ കയറിയാൽ അമ്മേ ഭഗവാനേ റബ്ബേ തുടങ്ങിയ വിളികളുടെ കൂട്ടത്തിൽ ഇടയ്ക്കിടയ്ക്ക് കേൾക്കുന്നതാണ് സിസ്റ്ററേ. സിസ്റ്ററേ എന്ന വിളികൾ.ഒന്ന് രണ്ട് തവണ വന്ന് നോക്കിയാൽ പിന്നെ ആ വിളികൾ അവർ അവഗണിക്കാറുമുണ്ട്.പ്രസവം കഴിയുന്നത് വരേയും ഈ വിളികൾ തുടർന്നുകൊണ്ടേയിരിക്കുമെന്നുറപ്പുള്ളതിനാലാവാമത് .എന്നാലും ചിലർ വിളിച്ചുകൊണ്ടേയിരിക്കും.

അപ്പോഴൊക്കെയും ഇടയ്ക്കൊന്നു വന്ന് ” എന്തേ .വല്ലാതെ വേദനിക്കുന്നോ ? “സാരമില്ലടോ… ഇപ്പൊ കഴിയും ” തുടങ്ങിയ ചില ആശ്വാസ വാക്കുകൾ പറയാൻ അവരേ കാണൂ .എല്ലാവരും ഇതുപോലെയൊന്നുമല്ലട്ടോ.ഇത്രയ്ക്ക് വേദന സഹിക്കാൻ പറ്റോത്തോര് ഈ പണിക്ക് നിക്കണോ ?എന്ന് പുച്ഛത്തോടെ പറയുന്ന ചില മാലാഖമാരുമുണ്ട് .ചില പെണ്ണുങ്ങളുടെ കരച്ചിലടക്കാൻ അവർ പുറത്തെടുക്കുന്ന ഒറ്റമൂലിയാവാം ഇത്.എന്നിരുന്നാലും ഭൂരിഭാഗം പേരും ആദ്യം പറഞ്ഞ തരക്കാരായിരിക്കും. അവരുടെ ഉള്ളിലെ സ്ത്രീത്വവുംമനുഷ്യത്വവും അവരെക്കൊണ്ടങ്ങിനെ ചെയ്യിക്കുന്നതാവാ .വേദനകൊണ്ട് പുളയുന്ന സമയത്ത് അവരുടെ സാരമില്ലെന്ന തലോടലും.നോട്ടവും ആശ്വാസവാക്കുകളും എന്തിന് ആ സാമീപ്യം പോലും എത്രമേൽ ആശ്വാസം പകരുന്നതാണെന്നോ.

ഞാനും വിളിച്ചിട്ടുണ്ട് ഒന്നിലേറെ തവണ സിസ്റ്ററേ സിസ്റ്ററേ ന്ന് കുഞ്ഞ് താഴോട്ടിറങ്ങുന്ന സമയത്ത് വയറിന് താഴേക്ക് വല്ലാത്തൊരു പ്രഷറാണ് .സിസ്റ്ററേ എനിക്ക് മൂത്രൊഴിക്കണം . യ്യോ . ഇപ്പൊ പോണം. “ഞാൻ പറഞ്ഞു.ഇല്ലെടോ തനിക്കതിന് മൂത്രം ണ്ടായിട്ടുവേണ്ടേ… ഉള്ളതൊക്കെ ഞാനിപ്പൊ കുത്തിയെടുത്തില്ലേ ഇനിയുംണ്ട് . ” ഞാൻ വിടാൻ ഭാവമില്ല .ഇല്ലാന്ന് പറഞ്ഞില്ലേ .ശരിക്കൂംണ്ട് സിസ്റ്റർ “ന്നാ താനതവിടെത്തന്നെ ഒഴിച്ചോ.ഞാനത് ചെയ്യില്ല എന്ന ഉറപ്പിൽ പറഞ്ഞതല്ല ആ വാചകം പ്രസവത്തിനൊപ്പം എത്രയോ പേരുടെ രക്തവും മൂത്രവും മലവുമൊക്കെ കണ്ടറപ്പു തീർന്ന സ്വരമാണത് .

ദാ പ്ലാസൻറ വരുന്നു. ആരാ റെഡിയാവുന്നേ എന്ന ഡോക്ടർ ശബ്ദത്തിന് പിറകേ വന്ന
ഞാൻ ..” എന്ന വാക്കിനുടമസ്ഥയെ ഞാൻ കണ്ടില്ല . പക്ഷേ ആ ശബ്ദമാണ് ഞാൻ കേട്ടതിൽ വെച്ചേറ്റവുമധികമെന്നെ സന്തോഷിപ്പിച്ച സന്നദ്ധതയുടെ അടയാളം .ചോരയിൽ കുതിർന്ന കുഞ്ഞിനെ വൃത്തിയാക്കി ” ഇതാ അശ്വനി ; ആൺകുഞ്ഞാണ് .. ഒരുമ്മ കൊടുത്തേ..” എന്ന് പറഞ്ഞ മുഖവും ആ ശബ്ദവും മനസ്സിൽ മായാതെ നിൽക്കുന്ന ഒന്നാണ് . കണ്ണുകളടഞ്ഞു പോകുന്ന തളർച്ചയിലും കരളിലലിഞ്ഞു ചേർന്ന മുഖവും ശബ്ദവും .

പ്രസവാനന്തരം മുറിവ് തുന്നിക്കെട്ടുന്ന ഒരു രീതിയുണ്ട് . വലിയ മുറിവാണേൽ തുന്നലിൻറെ എണ്ണവും അതിൻറെ വേദനയും കൂടുതലായിരിക്കും .
നേരെയൊന്നമർന്നിരിക്കാൻ പറ്റാതെ ബെഡ്ഡിൽ കമഴ്ന്ന് കിടക്കുന്നപോലെ ചാരിയിരുന്നാണ് പലരും ഭക്ഷണം കഴിക്കുന്നതും കുഞ്ഞിന് പാൽ കൊടുക്കുന്നതും . അമർന്നിരുന്നാലേ സ്റ്റിച്ച് ഉണങ്ങൂ എന്നൊക്കെ ഡോക്ടർമാർ പറഞ്ഞിരുന്നെങ്കിലും എൻറെ കാര്യത്തിൽ അത് വല്ലാത്തൊരു ഭീകരതയായിരുന്നു . ഉപ്പിട്ട ചുടുവെള്ളത്തിലിരുന്നും മരുന്നു പുരട്ടിയുമൊക്കെ മുറിവുണക്കാൻ ശ്രമിച്ചിട്ടും വേദന കുറഞ്ഞില്ല . പിന്നെ ഇതൊക്കെ സ്വാഭാവികമാണെന്ന് കരുതി വേദന കടിച്ചമർത്തിയിരുന്ന സമയത്താണ് “കുഴപ്പമൊന്നുമില്ലല്ലോ ” എന്ന കുശലച്ചോദ്യവുമായൊരു മാലാഖ മുന്നിൽ വന്നത് .

“സ്റ്റിച്ച് നല്ല വേദനയുണ്ട് . ഇങ്ങനെയുണ്ടാവ്വ്വോ ? ” എന്ന് ചോദിച്ചപ്പോൾ ;ആ അതൊക്കെയുണ്ടാവും ‘എന്നൊരൊഴുക്കൻ മറുപടിയാണ് പ്രതീക്ഷിച്ചത് .ഒന്ന് കാണട്ടേ ” എന്ന് പറഞ്ഞതും മുറിവു നോക്കിനിൽക്കുന്ന ആ മുഖത്തെ ഭാവവ്യത്യാസത്തിൽ നിന്നും അതെത്രമാത്രമുണ്ടെന്നൂഹിച്ചുകൊണ്ടിരുന്ന എന്നോട് . ‘ഇത്രയ്ക്കുണ്ടായിട്ടെന്താ പറയാതിരുന്നതെ’ന്ന ചോദ്യം കൊണ്ട് ഞെട്ടിച്ചതും അപ്രതീക്ഷിതമായിരുന്നു .

ഇനി മുറിവിൽ മരുന്ന് നിങ്ങൾ പുരട്ടണ്ട ഞങ്ങൾ ക്ലീൻ ചെയ്ത് മരുന്ന് വെച്ചോളാം ” . എന്നും പറഞ്ഞ് അപ്പോൾ തന്നെ കത്രികയും ഗ്ലിസറിനും പഞ്ഞിയും ഒക്കെയുള്ള ആ മാജിക് ബോക്സുമായി വന്നു . മരുന്ന് വെച്ച് കെട്ടുകയും ചെയ്തു . പിറ്റേന്ന് ഇനി അവരോട് പറയേണ്ടെന്ന് മടിച്ച് നിന്ന ഞാൻ കുളിക്കാൻ പോകുന്നതിന് മുന്നെ ഓടി വന്ന് “മരുന്ന് പുരട്ടണ്ട കെട്ടോ . ഞാൻ വരാം ” എന്ന് പറഞ്ഞതെന്തിനായിരുന്നു ? പിന്നീട് ഡേയും നൈറ്റും മാറി മാറി വന്നവർ പരാതിയില്ലാതെ മൂന്ന് ദിവസം ഇതേ ജോലി തുടർന്നതോ ? വീട്ടിൽ പോയതിന് ശേഷം ഈ മുറിവ് കണ്ണാടിയിൽ കണ്ട് ഭയന്ന് കണ്ണുകളടച്ചെങ്കിലും..നനഞ്ഞ കണ്ണുകളോടെ ഈ മാലാഖമാരെ നന്ദിയോടെയും അത്ഭുതത്തോടെയും ഓർത്തതോ ?

“ഹോ ഇതിനൊക്കെ പ്രത്യേകം പ്രത്യേകം ബില്ലിട്ടു കാണില്ലേ… പിന്നിത്രയ്ക്ക് പറയാനുണ്ടോ ? ” എന്ന് ചോദിക്കുന്നവരോടാണ് പറയാനുള്ളത് .
ഉവ്വ് ബില്ലിൽ നഴ്സിങ്ങ് ചാർജ്ജ് പ്രത്യേകം എഴുതീട്ടുണ്ട് . പക്ഷേ അവരുടെ സർവ്വീസിനുള്ള ഈ കൂലിയൊക്കെയും അവർക്ക് ടിപ്പായി കൊടുക്കണതല്ല ; അതൊക്കെയും ഹോസ്പിറ്റൽ മുതലാളാരുടെ കീശയിലാണ് കിലുങ്ങുന്നത് . ന്യായമായ വേതനം അവർക്ക് നൽകുന്നുണ്ടായിരുന്നെങ്കിൽ ഇതിവിടെ വിഷയമാവില്ലായിരുന്നു എന്നും കൂടി പറയട്ടെ.

ഡോക്ടറുടെ ഇടവും വലവും അവരുണ്ട്.രോഗിക്കിരു വശവും അവർ തന്നെ . ഇടയ്ക്കിടയ്ക്ക് ഡോക്ടറുടേയും രോഗികളുടേയും ബൈസ്റ്റാൻറേഴ്സിൻറേയും കുത്തു വാക്കുകളേറ്റു വാങ്ങാനുമവരുണ്ട് .തുച്ഛമായ ശംബളം നൽകുന്ന ഹോസ്പിറ്റലുകൾ തന്നെയാണവരുടെ വീടിൻറെ ആധാരം പണയം വാങ്ങിച്ചവരെ നഴ്സിങ്ങ് പഠനം പൂർത്തിയാക്കാൻ ‘സഹായിച്ചത് അവർ തന്നെയാണിവരിൽ പലർക്കും വീടും നാടും വിട്ട് ; ഉള്ളതൊക്കെ വിറ്റ് പെറുക്കി ; കടം വീട്ടാനുള്ള പണവും ബഹുമാനം കിട്ടുന്ന തൊഴിലും തേടി അന്യനാടുകളിലേക്ക് ചേക്കേറാൻ പ്രചോദനമായത്.
ഇത്തരം സഹായങ്ങളിലും പ്രചോദനങ്ങളിലും സഹികെട്ടാണവർ സമരമുഖത്തേക്കിറങ്ങിയത് . ന്യായമായ അവകാശങ്ങൾ സാധിച്ചു കൊടുക്കാൻ ജനങ്ങളും സർക്കാരും കൂടെ വേണം .

മുറിവിലിത്തിരി പഞ്ഞിയൊപ്പി നിൽക്കുന്ന കരുണയുടെ കൈകളാണ് മുഷ്ടി ചുരുട്ടി നമുക്ക് മുമ്പിൽ ദേ സൂചി കുത്തുവാണേ .ഒരുറുമ്പ് കടിക്കുന്ന വേദന ” എന്നോർമ്മിപ്പിച്ച ശബ്ദങ്ങളാണ്മുദ്രാവാക്യങ്ങളായ് നമ്മുടെ കാതിൽ . നീതി ലഭിക്കട്ടെ. കൂടെ നിൽക്കാം . ആവശ്യം വരുമ്പോൾ മാത്രം അവരെ അധികാരത്തോടെ സിസ്റ്റർ ഇവിടെ വരൂ’ എന്ന് വിളിക്കുകയും അല്ലാത്തപ്പോൾ മനപ്പൂർവ്വം മറന്ന് കളയുകയും ചെയ്യുന്ന സ്വാർത്ഥതയുടെ മുഖം മൂടി നമുക്കഴിച്ചു വെക്കാം. അവർക്കൊപ്പം . മാലാഖമാർക്കൊപ്പമെന്നുറക്കെ പറയാം.
ബഹുമാനിക്കപ്പെടേണ്ട ഒരു തൊഴിലിനെ ;അത് ചെയ്യുന്നവരെ.
“ഓള് നഴ്സല്ലേ.മ്മക്കാ ബന്ധം വേണ്ട്രാ”.എന്ന് പറഞ്ഞ് താഴ്ത്തിക്കെട്ടുന്നവരായി ഇനിയും നാം മാറാതിരിക്കാം . അവരെ ചേർത്ത് നിർത്താം .

രാത്രിയിലൊരറ്റാക്ക് വന്നാൽ.ഒരാക്സിഡൻറ്റുണ്ടായാൽ .ഒന്ന് തലയിടിച്ച് വീണാൽ .തീരാവുന്നതേയുള്ളൂ നമ്മിൽ പലർക്കും ഈ രാത്രിപ്പണി’യോടുള്ള പുച്ഛവും പരിഹാസവും.നമുക്കീ മാലാഖമാരെ തോളിൽ തട്ടി അഭിനന്ദിക്കാം.ആശംസകൾ നേരാം.ഇനിയും സ്നേഹിക്കാം.എന്നും കൂടെയുണ്ടെന്നോർമ്മിപ്പിക്കാം .ജീവിതത്തിലാദ്യമായി ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റാവുന്നതും നഴ്സുമാരുമായി അടുത്തിടപഴകുന്നതും പ്രസവസമയത്താണ്.അത്കൊണ്ട് മാത്രമാണ് വീണ്ടുമിക്കാര്യങ്ങൾ തന്നെ പറയേണ്ടി വന്നത്.സെൻസർ ബോർഡംഗങ്ങൾ ക്ഷമിക്കുമല്ലോ.
കടപ്പാട് : AswaniSajeesh.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *