Breaking News
Home / Uncategorized / പ്യൂണായി ജോലി ചെയ്ത സ്കൂളിൽ തന്നെ അധ്യാപകനായി ചേർന്ന പ്രവീണിന്റെ കഥ

പ്യൂണായി ജോലി ചെയ്ത സ്കൂളിൽ തന്നെ അധ്യാപകനായി ചേർന്ന പ്രവീണിന്റെ കഥ

സ്കൂൾ അടയ്ക്കുന്നതു വരെ ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവ. ബോയ്സ് എച്ച്എസ്എസിലെ കുട്ടികൾക്കു പ്രവീൺ ‘ചേട്ടൻ’ ആയിരുന്നു. സ്കൂൾ തുറന്നപ്പോൾ പ്രവീൺ അവർക്കു ‘സാറായി.’ പ്യൂണായി ജോലി ചെയ്ത സ്കൂളിൽ തന്നെ അധ്യാപകനായി ചേർന്ന വി.പ്രവീണിന്റെ കഥ ഈ കൗതുകത്തിൽ തീരുന്നില്ല. സ്റ്റാഫ് റജിസ്റ്ററിൽനിന്ന് അധ്യാപകരുടെ ഹാജർ പുസ്തകത്തിലേക്കുള്ള ഒരൊപ്പിന്റെ പകർച്ച മാത്രമല്ലത്…!!

സ്കൂളിലെ പ്യൂൺ ജോലിയിൽനിന്നുള്ള പ്രവീണിന്റെ വിടുതലും ഹൈസ്കൂൾ അധ്യാപകനായി ചേരലും 6ാം തീയതിയായിരുന്നു. മകനെ അധ്യാപനാക്കണമെന്ന് ഏറെ മോഹിച്ചാണു പ്രവീണിന്റെ പിതാവ് വാസുദേവൻ മരിച്ചത്. ‘ഒപ്പിടുമ്പോൾ അച്ഛൻ മുന്നിലിരിക്കുന്നതു പോലെ തോന്നി’ – പ്രവീണിന്റെ വാക്കുകളിൽ ദുഃഖം ചാറുന്നു.

കുത്തിയതോട് പറയകാട് നികർ‍ത്തിൽ വാസുദേവനും ഭാര്യ ശുഭയും കയർ തൊഴിലാളികളായിരുന്നു. കുട്ടിക്കാലം മുതൽ പ്രവീണും ജോലിയിൽ സഹായിച്ചിരുന്നു.ബി കോമിനു പഠിക്കുമ്പോൾ നാട്ടിലെ കുട്ടികൾക്കു പ്രവീൺ ട്യൂഷനെടുത്തു തുടങ്ങി. അതുകണ്ടാണു വാസുദേവൻ മകനെ അധ്യാപകനാക്കാൻ ആഗ്രഹിച്ചത്…!

പ്യൂണായി ആദ്യ നിയമനം രാമപുരം സ്കൂളിൽ. 2005 ജൂലൈയിൽ. 2011ൽ ആണു ചേർ‍ത്തല സ്കൂളിലെത്തിയത്. അടുത്ത വർഷം മാർച്ച് 4നു വാസുദേവൻ മരിച്ചു. വീടിനടുത്തുവച്ചു ട്രെയിൻ തട്ടിയതാണ്. വാസുദേവനു ശ്വാസംമുട്ടലിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു. നാലാം തീയതി അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകാൻ തുടങ്ങുകയായിരുന്നു പ്രവീൺ. സ്കൂളിലേക്ക് അത്യാവശ്യമായി പോകേണ്ടിവന്നു…!!

പ്രവീൺ എത്തുമ്പോഴേക്കും റെയിൽവേ പാളം കടന്നു കാത്തുനിൽക്കാമെന്നു കരുതി വാസുദേവൻ നടന്നതാണ്. പാളം കടക്കുമ്പോൾ ട്രെയിൻ പാഞ്ഞെത്തി. പെട്ടെന്നു പ്രതികരിക്കാനായില്ല. പാളത്തിൽ തളർന്നിരുന്നു പോയി. പിന്നാലെ എത്തിയ ഭാര്യ ശുഭ കണ്ടത് ദുരന്തദൃശ്യമായിരുന്നു.

അച്ഛന്റെ സ്വപ്നം സത്യമാക്കാനുള്ള അധ്വാനമായി പിന്നെ. വിദൂര വിദ്യാഭ്യാസത്തിലൂടെ എം കോം ജയിച്ചു. അവധിയെടുത്തു ബിഎഡ് നേടി. പിന്നെ സെറ്റ്, നെറ്റ് യോഗ്യതകളും.സാമൂഹിക ശാസ്ത്രമാണ് ഇപ്പോൾ പഠിപ്പിക്കുന്നത്. ഹയർ സെക്കൻഡറി അധ്യാപക റാങ്ക് പട്ടികയിലുണ്ട് പ്രവീൺ. കോമേഴ്സിൽ ഗവേഷണം ആഗ്രഹങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. ജോലി ചെയ്തു വേണം അതും സാധിക്കാൻ.,,,,,

‘ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം ഈ സ്കൂളിന്റെ മണ്ണിൽ വന്ന ശേഷമാണ്. വിവാഹം, ഭാര്യ ജഷീനയ്ക്കു തിരുവനന്തപുരം മെഡി. കോളജിൽ ജോലി, മകന്റെ ജനനം.’ അച്ഛന്റെ ഓർമ ചേർത്തുവച്ചാണു പ്രവീൺ മകനു പേരിട്ടത്: ഉജ്വൽ വാസുദേവ്. ഇതു ശ്രീനാരായണ ഗുരുവിന്റെ മണ്ണാണ്. ഗുരു ആരംഭിച്ച എഴുത്തുപള്ളി വളർന്നാണ് ഇന്നത്തെ ശ്രീനാരായ മെമ്മോറിയൽ സ്കൂളായത്….

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *