Breaking News
Home / Lifestyle / ചേച്ചി ഒരു കോണ്ടം വേണം ഒരു പത്തു രൂപ നോട്ടും നീട്ടിപ്പിടിച്ചു തൊപ്പി വച്ച ഒരു താടിക്കാരൻ ചേട്ടൻ

ചേച്ചി ഒരു കോണ്ടം വേണം ഒരു പത്തു രൂപ നോട്ടും നീട്ടിപ്പിടിച്ചു തൊപ്പി വച്ച ഒരു താടിക്കാരൻ ചേട്ടൻ

കടപ്പാട് :ദിവ്യജസ്മിൽ

ചേച്ചി.. ഒരു കോണ്ടം വേണം”. ശബ്ദം കേട്ടമാത്രയിൽ ഏറെ നേരമായി മുഖംപൂഴ്ത്തി വച്ച ഫയലിൽ നിന്നും ഞാൻ മുഖമുയർത്തി നോക്കി. ഒരു പത്തു രൂപ നോട്ടും നീട്ടിപ്പിടിച്ചു ഒരു ഭാവബേധവും ഇല്ലാതെ എന്നെക്കാൾ പത്തുവയസ് അധികം തോന്നിക്കുന്ന തൊപ്പി വച്ച ഒരു താടിക്കാരൻ ചേട്ടൻ.

ചോദിച്ചതിൽ തെറ്റൊന്നും പറയാനില്ല. ഒരു ഫാർമസിയിൽ ഇതൊക്കെ സ്വാഭാവിക കാഴ്ച തന്നെ. എങ്കിലും പലപ്പോഴും ഇത് വാങ്ങാൻ വരുന്നയാൾ ഒരു പെണ്കുട്ടി മാത്രമാണ് ഷോപ്പിലെന്നു കണ്ടാൽ വഴിമാറിപോവുകയാണ് പതിവ്. ചിലപ്പോ ആരേലും വന്നു ചോദിച്ചാൽ തന്നെ ഇവിടില്ല, തീർന്നു പോയെന്നൊക്കെ പറഞ്ഞു ആ കച്ചോടം അങ്ങു വേണ്ടാന്നു വയ്ക്കാറാണ് പതിവ്.

അനാവശ്യ ചോദ്യങ്ങൾ ചിലര് ചോദിക്കുമെന്നു ഭയന്നു തന്നെയാണ് പലപ്പോഴും അങ്ങനെ ചെയ്യുന്നതും. ഇന്നെന്തോ അങ്ങനെ പറയാൻ തോന്നിയെങ്കിലും ‘ഇതൊക്കെ എന്റെ ഡ്യൂട്ടിയിൽ പെടുന്നതല്ലെ ‘.. ന്നു വിചാരിച്ചു എടുത്തു കൊടുക്കുമ്പോഴേക്കും ചുറ്റുമൊന്ന്‌ നോക്കി “ഇത് ഉപയോഗിക്കേണ്ട വിധം കൂടി ഒന്നു പറഞ്ഞു തരണമെന്നയാൾ പറഞ്ഞപ്പോൾ പെരുവിരൽ മുതലൊരു പെരുപ്പായിരുന്നു എനിക്ക്.

പെട്ടെന്നെന്ത് മറുപടി കൊടുക്കണമെന്ന് അറിയില്ലായിരുന്നു. ചോദ്യം തികച്ചും അനാവശ്യമാണെന്നു നൂറു ശതമാനം ഉറപ്പാണ്. എത്ര ബോൾഡ് ആയ പെണ്കുട്ടികളാണെങ്കിലും ഇങ്ങനെയുള്ള സാഹചര്യം വരുമ്പോൾ മനസ്സ് തളരും. പലപ്പോഴും എന്ത് ഉടക്ക് പറയണം എന്ന് പെട്ടെന്ന് മനസിൽ വരില്ല. വല്ലാത്തൊരു അസ്വസ്ഥത തോന്നിയെങ്കിലും മനസിൽ ധൈര്യം വീണ്ടെടുത്ത് ക്യാഷ് സീറ്റ് ചൂണ്ടി “അച്ഛനിപ്പോ വരും അവര് പറഞ്ഞു തരും” എന്നും പറഞ്ഞ് വീണ്ടും ഞാൻ ഫയലിൽ മുഖം പൂഴ്ത്തി ഇരുന്നു.

അച്ഛനിപ്പോ വരില്ലെന്ന് എനിക്ക് നന്നായിട്ടറിയാം. ഫാർമസിയിലേക്ക് മരുന്നെടുക്കാൻ ടൗണിൽ പോയാൽ ഉച്ചയാവും വരാൻ. രാവിലെ തന്നെ ഇതെവിടുന്നു വരുന്നാവോ ന്നു ഞാനയാളെ മനസ്സിൽ പ്രാകി. അച്ഛൻ വരുമെന്നു പറഞ്ഞാൽ അയാളപ്പാടെ പോകുമെന്ന് വിചാരിച്ച എനിക്ക് തെറ്റി. ച്യൂഗവും ചവച്ച് കൈയിലൊരു കീയും കറക്കി അയാളവിടെതന്നെ കുറ്റിയടിച്ചു.

ആളുകൾ പലരും മരുന്നു വാങ്ങാൻ വരുമ്പോഴും അയാളവിടെതന്നെ നിൽക്കുന്നത് എനിക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നി. എനിക്കൊന്നിലും ശ്രദ്ധിക്കാൻ പറ്റാത്ത പോലെ. പല മരുന്നും രണ്ടും മൂന്നും തവണ വായിച്ചിട്ടാണ് എടുത്തു വയ്ക്കുന്നതും, അത് തന്നെയല്ലേ ന്നു പലതവണ ഉറപ്പ് വരുത്തിയാണ് എടുത്ത് കൊടുക്കുന്നതും. അയാളവിടുന്നു പോവാതെ എനിക്കൊന്നിലും ശ്രദ്ധ കൊടുക്കാൻ പറ്റില്ലെന്ന് ഉറപ്പാണ്.

ആളുകളൊക്കെ പൊയ്ക്കഴിഞ്ഞപ്പോൾ കൈ രണ്ടും കൗണ്ടറിൽ കുത്തി എന്നോടെന്തോ ചോദിക്കാനയാൾ തുനിഞ്ഞതും ഞാൻ പെട്ടെന്ന് ഫോണെടുത്തു അച്ഛനെ വിളിച്ചു, അച്ഛനെന്തേലും പറയുന്നതിന് മുന്നേ “എത്താറായോ”.. ന്നു ചോദിച്ചതും മറുപടി എന്തേലും പറയുന്നതിന് മുന്നേ “ഹോ.. അവിടെത്തിയോ.. എന്നാൽ വേഗം വാ.. ഒരാൾ വെയ്റ്റ് ചെയ്യുന്നുണ്ടെ”ന്നും പറഞ്ഞ് മറുപടി ഒന്നും പറയാൻ സമ്മതിക്കാതെ ഞാൻ ഫോൺ കട്ടാക്കി.

എന്നിട്ടയാളെ നോക്കി ഒരു ഭാവബേധവും കൂടാതെ “വെയ്റ്റ് ചെയ്തോളൂ.. ഇപ്പോ എത്തും” ന്ന് പറഞ് ഞാനെന്റെ ജോലിയിൽ മുഴുകി.. എന്നിട്ടും ഒന്നു രണ്ടു മിനിറ്റ് അയളവിടെത്തന്നെ നിന്നു, പിന്നെ മെല്ലെ കീയും കറക്കി അവിടെ നിന്നും പോയി. പോയെന്ന് ഉറപ്പ് വരാതെ എനിക്കൊരു സമാധാനവും കിട്ടിയില്ല. അപ്പോഴുണ്ട് ഒരു ചുവന്ന കാറിൽ അയാൾ ഷോപ്പിന് മുന്നിൽ വന്ന് ഹോണടിക്കുന്നു, ഷോപ്പിന്റെ ഗ്ലാസ്സിലൂടെ ഞാനത് കാണുന്നുണ്ടെങ്കിലും കാറിലേക്ക് ഞാൻ നോക്കിയതെയില്ല. മെല്ലെ അതവിടുന്നു പോയി.

അയാളെ പിന്നെ ഒരിക്കലും എവിടെയും കാണാത്തത് കൊണ്ട് ആ കഥ അവിടം കൊണ്ട് മാഞ്ഞു പോയി. പക്ഷെ മനസ്സിൽ നിന്നും അതൊരിക്കലും മായില്ല. ഇന്നും അച്ഛനോടെനിക്ക് ഇത് പറയാനും കഴിഞ്ഞിട്ടില്ല. പലപ്പോഴും ഇതുപോലുള്ള പ്രൊഫഷനെ ചൂഷണം ചെയ്യാൻ ഇതുപോലെ പലരും എത്താറുണ്ട്. അപ്പോഴൊക്കെ പെട്ടെന്നൊരു മറുപടി കൊടുക്കാൻ പാടുപെടാറുണ്ട്. ‘ഇതിലൊന്നും വല്യ കാര്യമില്ല.. തന്റേടത്തോടെ പെരുമാറാൻ പഠിക്കണം..’ എന്നൊക്കെ പറയാൻ കൊള്ളാം..

പക്ഷെ ഈ പറയുന്ന ആൾക്ക് പോലും ആവശ്യം പോലെ പ്രതികരിക്കാൻ കഴിയില്ല. ‘ഇതൊക്കെ പുറത്ത് പറഞ്ഞു നാലാൾ അറിയട്ടെ’ എന്നു പറയുന്നയാൾ തന്നെ ഇതൊക്കെ പുറത്തു പറയേണ്ട വല്ല കാര്യവുമുണ്ടോ ന്നു കേൾക്കാതെ പറയും. പുറത്തുപറഞ്ഞ നമ്മൾ തന്നെ പരിഹസ്യരാവുകയും ചെയ്യും.

സാനിറ്ററി നാപ്കിൻസ് പരസ്യമായി വാങ്ങാൻ മടികാണിക്കരുതെന്നു പറയുന്നതൊക്കെ ശരി തന്നെ പക്ഷെ മറച്ചു പിടിക്കേണ്ടത് മറച്ചു തന്നെ പിടിക്കണമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളതും. നമുക്ക് പീരിയഡ്സ് ആണെന്ന് നമ്മൾ ബാക്കിയുള്ളവരെ അറിയിക്കുന്നതെന്തിനാ.. ആദ്യം പഠിപ്പിക്കേണ്ടത് സമൂഹ്യദ്രോഹികളെ നേരിടാനാണ്.. അപമാനിക്കുന്നവനിട്ടു ഒട്ടും തളരാതെ രണ്ട് കൊട്ട് കൊടുത്തു പഠിക്കണം.

കാരട്ടെയും കളരിയും പഠിച്ചാൽ മാത്രം പോര വാക്ക് കൊണ്ട് അഭ്യാസം ചെയ്ത് വൃത്തികേട് പറഞ്ഞവന്റെ വായടപ്പിക്കാൻ പഠിക്കണം. അർത്ഥം വച്ചും മുന വച്ചും വൃത്തികേട് സംസാരിക്കുന്ന ഞരമ്പ് രോഗികളെ ഇനിയൊരിക്കലും ആ വക പെരുമാറില്ലെന്നു പറയിക്കണം. ഇനിയുള്ള തലമുറയ്ക്ക് ഇത്തരത്തിലുള്ള സാമൂഹ്യദ്രോഹികൾക്കു വംശനാശം വരുത്താൻ കഴിയട്ടെ…

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *