Breaking News
Home / Lifestyle / എല്ലുകള്‍ ഒടിഞ്ഞുനുറുങ്ങാന്‍ വലിയ കാരണമൊന്നും വേണ്ട.

എല്ലുകള്‍ ഒടിഞ്ഞുനുറുങ്ങാന്‍ വലിയ കാരണമൊന്നും വേണ്ട.

മൃദുവായ ഒരു ഷേക്ഹാന്‍ഡ് മതി, ലതീഷ അന്‍സാരിയുടെ കൈയിലെ എല്ലുകള്‍ ഒടിയാന്‍.ജന്മനാ ബ്രിറ്റില്‍ ബോണ്‍ ഡിസീസുമായി മല്ലിടുകയാണ് ലതീഷ. എല്ലുകള്‍ ഒടിഞ്ഞുനുറുങ്ങാന്‍ വലിയ കാരണമൊന്നും വേണ്ട. അതുകൊണ്ടുതന്നെ അവള്‍ക്ക് മറ്റു കുട്ടികളുടേതുപോലുള്ള ഒരു ബാല്യമുണ്ടായിരുന്നില്ല.

പഠിക്കാന്‍ അവള്‍ക്ക് വലിയ ആഗ്രഹമായിരുന്നു. ചേച്ചിയുടെ സ്കൂളില്‍ ചേര്‍ന്നുപഠിക്കണമെന്ന് അവള്‍ മോഹിച്ചു.
പക്ഷേ, അവളുടെ ആരോഗ്യസ്ഥിതി കണ്ട് പല സ്കൂളുകളും പ്രവേശനം നിഷേധിച്ചു. ഒരുവിധത്തില്‍ അച്ഛനമ്മമാര്‍ അവള്‍ക്ക് ഒരു സ്കൂള്‍ കണ്ടുപിടിച്ചു. അവള്‍ സ്കൂളിലുള്ളപ്പോള്‍ അച്ഛനും ഹാജരുണ്ടാവണം എന്ന‍ നിബന്ധനയിലായിരുന്നു പ്രവേശനം.

ഒരു ചെറിയ റെസ്റ്റോറന്‍റ് നടത്തുന്ന പിതാവ് അന്‍സാര്‍ എല്ലാ ദിവസവും സ്കൂളില്‍ മകള്‍ക്ക് കൂട്ടുപോയി.
സ്കൂള്‍ കാലത്തിന് ശേഷം അവള്‍ പിന്നെയും പഠിച്ചു. കൊമേഴ്സില്‍ മാസ്റ്റേഴ്സ് ഡിഗ്രി എടുത്തു. പഠനകാലത്തൊന്നും വീല്‍ചെയറിനായി റാംപോ പ്രത്യേക സംവിധാനങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. ടീച്ചര്‍മാരും സഹപാഠികളും ലതീഷയെ ഏറെ സഹായിച്ചു. ഒരു ക്ലാസില്‍ നിന്ന് മറ്റൊന്നില‍േക്ക് അവര്‍ അവളെ ചുമന്നുകൊണ്ടു പോകുമായിരുന്നു. സ്വപ്നങ്ങള്‍ പിന്തുടരാന്‍ അവര്‍ എന്നും കൂട്ടുണ്ടായിരുന്നു.

ഓരോ തവണ എല്ലുകള്‍ മുറിയുമ്പോഴും അസഹ്യമായ വേദനയാണ്. ആയിരത്തിലധികം തവണയാണ് എല്ലുകള്‍ക്ക് പൊട്ടലുണ്ടായത്… ആ വേദനയൊന്ന് ആലോചിച്ചുനോക്കൂ…വേദനകള്‍ മറക്കാന്‍ അവള്‍ പെയിന്‍റ് ചെയ്യും, കീബോര്‍ഡ് വായിക്കും, സ്വപ്നം കാണും.

ലതീഷയുടെ പോരാട്ടവീര്യം അവള്‍ക്ക് നിരവധി ആരാധകരെ നല്‍കി. നിരവധി പേര്‍ക്ക് ആത്മവിശ്വാസവും പ്രതീക്ഷയും പകര്‍ന്നുകൊണ്ട് അവള്‍ പല ടെലിവിഷന്‍ ഷോകളിലും അതിഥിയായെത്തി. ആ ഷോകളില്‍ നിന്ന് ലഭിച്ച പണം പത്ത് ഭിന്നശേഷിക്കാരെ സ്കൂളിലെത്തിക്കാന്‍ വേണ്ടി ചെലവഴിച്ചു.

പി ജി പഠനത്തിന് ശേഷം സിവില്‍ സര്‍വ്വീസില്‍ ചേരണമെന്ന മോഹമുദിച്ചു. ഇന്‍ഡ്യയിലെ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുകയെന്ന ലക്ഷ്യമാണ് ആ മോഹത്തിന് പിന്നില്‍. ഒരു കോച്ചിങ് സെന്‍ററില്‍ ചേര്‍ന്ന് യു പി എസ് സി പരീക്ഷയ്ക്കായി ഒരുവര്‍ഷത്തോളം തയ്യാറെടുപ്പു നടത്തി.
പക്ഷേ, പ്രിലിംസ് എക്സാമിനേഷന് തൊട്ടുമുമ്പ് പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍ ബാധിച്ചതിനാല്‍ അവസാന നിമിഷം പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.

എന്നാല്‍ ഈ വര്‍ഷം ലതീഷ യു പി എസ് സി പരീക്ഷ എഴുതുക തന്നെ ചെയ്തു. പാസാവുമെന്ന വലിയ പ്രതീക്ഷയിലുമാണ്.”വേദന വരും പോവും. പക്ഷേ, അതിനെക്കുറിച്ച് വേവലാതിപ്പെട്ടുകൊണ്ടിരുന്നാല്‍ നിങ്ങള്‍ എങ്ങുമെത്തില്ല,” ആ 26-കാരി പറയുന്നു. ലതീഷയുടെ സിവില്‍ സര്‍വ്വീസ് മോഹം പൂവണിയട്ടെ, അതിന് പിന്നിലുള്ള മഹത്തായ ലക്ഷ്യവും.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *