Breaking News
Home / Lifestyle / കള്ളിയങ്കാട്ട് നീലിയും കടമറ്റത്ത് കത്തനാരും നമ്മൾ മലയാളികളുടെ ഒരു യക്ഷി സങ്കൽപ്പമുണ്ടല്ലോ

കള്ളിയങ്കാട്ട് നീലിയും കടമറ്റത്ത് കത്തനാരും നമ്മൾ മലയാളികളുടെ ഒരു യക്ഷി സങ്കൽപ്പമുണ്ടല്ലോ

പോസ്റ്റ്‌ കടപ്പാട് : Wilfred Raj David

കള്ളിയങ്കാട്ട് നീലിയും കടമറ്റത്ത് കത്തനാരും

നമ്മൾ മലയാളികളുടെ ഒരു യക്ഷി സങ്കൽപ്പമുണ്ടല്ലോ – രവിവർമ്മ ചിത്രത്തെ വെല്ലുന്ന സൗന്ദര്യം, പനങ്കുല പോലെ കാൽമുട്ടിന് താഴെയെത്തുന്ന തലമുടി, വെള്ളസാരി, പാദസരങ്ങളുടെ കിലുക്കം, തറയിൽ നിന്ന് അരയടി ഉയരത്തിൽ നിലംതൊടാതെയുള്ള സഞ്ചാരം, പാലപ്പൂവിൻ്റെ ഗന്ധം, പനയുടെ ചുവട്ടിൽ നിന്നു കൊണ്ട് പുരുഷന്മാരോട് ചുണ്ണാമ്പ് ചോദിക്കൽ, ചുണ്ണാമ്പ് നീട്ടുമ്പോൾ പിടിച്ച് പനയുടെ മുകളിൽ കൊണ്ടു പോയി കറുമുറെ തീറ്റ- ഈ ലക്ഷണങ്ങൾ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് കള്ളിയങ്കാട്ട് നീലി എന്ന കഥാപാത്രത്തിലൂടെയായിരുന്നു. (Intro song സിനിമാക്കാർ കൊടുത്തതാണ്).

അന്ന് തിരുവനന്തപുരത്ത് നിന്ന് പത്മനാഭപുരം പോകുന്ന വഴിയിൽ തക്കലയ്ക്ക് മുമ്പുള്ള ഭാഗം കാടായിരുന്നു. പഞ്ചവൻ കാട് എന്നാണ് ഈ കാട് അറിയപ്പെട്ടിരുന്നത്. ഇവിടെ വിഹരിച്ചിരുന്ന യക്ഷിയാണ് കള്ളിയങ്കാട്ട് നീലി.

യഥാർത്ഥത്തിൽ നാഗർകോവിലിനടുത്തുള്ള ഒരു ഗ്രാമത്തിലെ ഒരു വിധവയുടെ മകളായിരുന്നു, നീലി. സുന്ദരിയായ അവളെ കണ്ട് മോഹിച്ച ഒരു ബ്രാഹ്മണൻ അവിടെ പറ്റിക്കൂടി. അവൾ ഗർഭിണിയായപ്പോൾ, ബ്രാഹ്മണൻ അവളെയും കൊണ്ട് ദൂരയാത്രയ്ക്കെന്ന് പറഞ്ഞ് പുറപ്പെട്ടു. അവൾക്ക് ക്ഷീണം തോന്നിയപ്പോൾ ഒരു കള്ളിച്ചെടിയുടെ ചുവട്ടിൽ വിശ്രമിക്കാനിരുന്നു. അവൾ അയാളുടെ മടിയിൽ തലവച്ച് ഉറങ്ങി. അവളുടെ ആഭരണങ്ങൾ കൈക്കലാക്കാൻ അയാൾക്ക് മോഹമായി. അയാൾ അടുത്ത് കണ്ട ഒരു കല്ലെടുത്ത് അവളുടെ തലയ്ക്കടിച്ച് കൊന്നു. അവളുടെ ആത്മാവ് ഗതികിട്ടാതെ യക്ഷിയായി മാറി.

ആഭരണങ്ങൾ വിറ്റ് പണക്കാരനായ ബ്രാഹ്മണൻ മറ്റൊരിടത്ത് പോയി സുഖമായി ജീവിച്ചു. ഒരിക്കൽ അയാൾ അതുവഴി വീണ്ടും വരാനിടയായി. അപ്പോൾ സുന്ദരിയായ ഒരു സ്തീയുടെ രൂപത്തിൽ യക്ഷി ഒരു പനയുടെ ചുവട്ടിൽ നിന്നിരുന്നു. ബ്രാഹ്മണനോട് ചുണ്ണാമ്പ് ചോദിച്ച് ലോഹ്യം കൂടിയ യക്ഷി അയാളെ മടിയിൽ കിടത്തി. മടിയിൽ കിടന്ന് അവളുടെ മുഖത്തേയ്ക്ക് നോക്കിയ ബ്രാഹ്മണൻ അവളുടെ ചുവന്ന കണ്ണുകളും ദംഷ്ട്രകളും കണ്ട് ഞെട്ടി. അവൾ അയാളെ വലിച്ചു കീറി, രക്തം കുടിച്ചു. അങ്ങനെ അവൾ കള്ളിയങ്കാട്ട് നീലി എന്നറിയപ്പെടാൻ തുടങ്ങി.

പുരുഷ വർഗത്തോടുള്ള അടങ്ങാത്ത പകയായിരുന്നു നീലിയുടെ മുഖമുദ്ര. വൈകുന്നേരങ്ങളിൽ അതുവഴി ആർക്കും യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയായി. മനസ്സിൽ എത്ര ഉറച്ച തീരുമാനത്തോടെ വരുന്ന പുരുഷനും അവളുടെ പാലപ്പൂമണത്തിൽ മയങ്ങിപ്പോയി. അവളെ പിടിച്ചു കെട്ടാൻ ശ്രമിച്ച കൊടികെട്ടിയ മാന്ത്രികന്മാരെല്ലാം തോറ്റ് പിന്മാറി.

അപ്പോഴാണ് എറണാകുളം കടമറ്റത്ത് സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ വൈദികനും മഹാ മാന്ത്രികനുമായ പൗലോസ് റമ്പാൻ എന്ന കടമറ്റത്ത് കത്തനാരുടെ വരവ് (പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി).

കത്തനാർ പനയുടെ ചുവട്ടിൽ കാത്ത് നിന്നു. സന്ധ്യയായപ്പോൾ പതിവ് അനുസാരികളൊടെ യക്ഷിയെത്തി.

‘വന്നിട്ട് ഏറെ നേരമായോ?’ ലോഹ്യം കൂടാനെത്തിയ യക്ഷിയുടെ ചോദ്യം.
‘ങ്ഹാ… മുപ്പത്തിനാല് വർഷമായി’. അച്ചന്റെ മറുപടി.
ഏറെ താമസിയാതെ യക്ഷിയ്ക്ക് മനസ്സിലായി; സംഭാഷണം ഈ പുരുഷൻ്റെ വഴിക്കാണ് നീങ്ങുന്നത്. താൻ വഴിതെറ്റി കാട്ടിൽ വന്ന ഒരു പാവം പെണ്ണാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ട് യക്ഷി ചോദിച്ചു, “എനിക്ക് കൂട്ടായി ഇവിടെ നിൽക്കാമോ?”

“അതെങ്ങനെ? ഞാനൊരു വൈദികനാണ്. എല്ലാവർക്കും എൻ്റെ സേവനം ആവശ്യമാണ്.”
“ഒരൽപ്പം താമ്പൂലം തരാമോ?” യക്ഷിയുടെ പതിനെട്ടാം അടവ്.

കത്തനാർ കുറച്ച് ചുണ്ണാമ്പെടുത്ത് ഒരു ഇരുമ്പാണിയിൽ തേച്ചു. വെറ്റിലയിൽ ചുണ്ണാമ്പ് തേയ്ക്കുന്നതായാണ് യക്ഷിയ്ക്ക് തോന്നിയത്. ആവൾ കത്തനാരുടെ മാന്ത്രിക വലയത്തിലായിരുന്നല്ലോ. അച്ചൻ മന്ത്രം ജപിച്ച ആണി അവളുടെ തലയിൽ അടിച്ചു. അതോടെ ആവളിലെ പ്രേത-പൈശാചിക ശക്തികൾ അടങ്ങി. അവൾ ഒരു സാധാരണ പെൺകുട്ടിയായി.

കടമറ്റത്തച്ചൻ അവളെയും കൂട്ടി വടക്കോട്ട് യാത്രയായി. നാലഞ്ചു ദിവസം കൊണ്ട് അവർ കായംകുളത്തെത്തി. അവിടെ അച്ചന്റെ വകയിലൊരു അമ്മായിയുടെ വീട്ടിലെത്തി. തൻ്റെ സഹായത്തിന് കൂടിയ തിരുവനന്തപുരത്തുകാരി എന്നാണ് അച്ചൻ നീലിയെ പരിചയപ്പെടുത്തിയത്.

അമ്മായിക്ക് നീലിയെ നന്നായി ബോധിച്ചു. അച്ചൻ അകത്തെ മുറിയിൽ വിശ്രമിക്കുകയായിരുന്നു. നീലിയും അമ്മായിയും വരാന്തയിലിരുന്ന് ‘പേൻ നോക്കൽ’ ആരംഭിച്ചു. അവളുടെ തലയിൽ ആണി കണ്ട അമ്മായി സ്നേഹത്തോടെ അത് വലിച്ചൂരി. ഒരു കൊടുങ്കാറ്റിൻ്റെ ശബ്ദത്തിൽ അലറിക്കൊണ്ട് നീലി അടുത്ത മരത്തിലേയ്ക്ക് കുതിച്ചു. മരം രണ്ടായി പിളർന്നു പോയി. അവൾ മിന്നൽ വേഗത്തിൽ വീണ്ടും വടക്കോട്ട് വച്ചു പിടിച്ചു.

മാന്ത്രികശക്തി കൊണ്ട് യക്ഷിയുടെ വഴി മനസ്സിലാക്കിയ പൗലോസച്ചൻ പിന്നാലെ പോയി. മാന്നാറിലെത്തിയപ്പോൾ യക്ഷി ആറ്റിനക്കരെയുള്ള പനയിലാണെന്ന് മനസ്സിലായി. കടവിൽ തോണിയൊന്നും ഇല്ലായിരുന്നു. റമ്പാച്ചൻ ഒരു വാഴയില വെട്ടി ആറ്റിലിട്ടു. അതിൻ്റെ പുറത്തു കയറി. വാഴയിലയെ തോണിയാക്കി അക്കരെ കടന്നു.

കത്തനാരുടെ കൈയ്യിൽ നിന്ന് രക്ഷപ്പെടാനാവില്ലെന്ന് യക്ഷിയ്ക്ക് മനസ്സിലായി. തന്നെ നശിപ്പിക്കരുതെന്ന് നീലി അപേക്ഷിച്ചു. താനൊരു വൈദികനാണെന്നും ആരെയും നശിപ്പിക്കുക തൻ്റെ ധർമ്മമല്ലെന്നുമായി കടമറ്റത്തച്ചൻ. ഒടുവിൽ, യക്ഷിയുടെ തന്നെ അപേക്ഷ പ്രകാരം അവളെ അടുത്തുള്ള പനയന്നാർ കാവിൽ കുടിയിരുത്തി. അവിടത്തെ ദേവീക്ഷേത്രത്തിൻ്റെ ഒരു കോണിൽ ഇന്നും നീലിയ്ക്ക് വച്ചാരാധനയുണ്ട്. പനയന്നാർകാവ് യക്ഷി എന്നാണ് അവൾ അറിയപ്പെടുന്നത്.

കുറിപ്പ്:

1. കടമറ്റത്ത് കത്തനാർ ചരിത്ര പുരുഷനായിരുന്നു. കള്ളിയങ്കാട്ട് നീലിയെപ്പറ്റി ആധികാരികമായ ചരിത്ര രേഖകളില്ല.
2. ഈ കഥയുടെ പല വകഭേദങ്ങളുണ്ട്.
3. സി.വി. രാമൻ പിള്ളയുടെ”മാർത്താണ്ഡ വർമ്മ” എന്ന നോവലിൽ “പഞ്ചവൻകാട്ട് നീലി” എന്ന് പറയുന്ന യക്ഷി ഈ നീലി തന്നെയാണ്. ചില വില്ലന്മാരെ നീലി പിടിച്ചു തിന്നതായി രാമൻ പിള്ള പറയുന്നു. എന്നാൽ മാർത്താണ്ഡ വർമ്മയുടെ തൊട്ടു മുമ്പേയുള്ള കാലത്താണ് കടമറ്റത്ത് കത്തനാർ ജീവിച്ചിരുന്നത്. അതിനാൽ രാമൻ പിള്ളയുടേത് ചരിത്ര ബോധമില്ലാത്ത കാലപ്പൊരുത്തമില്ലായ്മ (anachronism) ആണ്.

4. പഴയകാലങ്ങളിൽ യാത്രക്കാരായ പുരുഷന്മാരെ വശീകരിച്ച് വീട്ടിൽ അന്തിയുറക്കി കൈയ്യിലെ വിലപിടിപ്പുള്ളതൊക്കെ കവരുന്ന സ്ത്രീകൾ ഉണ്ടായിരുന്നു. നാട്ടിൽ സർവസാധാരണമായ പനയുടെ ചുവട്ടിലാവാം വൈകുന്നേരങ്ങളിൽ ഇവർ ‘കസ്റ്റമറെ’ത്തേടി നിന്നിരുന്നത്. നന്നായി ഉടുത്തരുങ്ങി, മുല്ലപ്പൂവും ചൂടി…. അക്കാലത്ത് രണ്ട് അപരിചിതർ ലോഹ്യം കൂടിയിരുന്നത് ചുണ്ണാമ്പും വെറ്റിലയുമൊക്കെ പങ്ക് വച്ചിട്ടായിരുന്നു.

ഇങ്ങനെ നിൽക്കുന്ന സ്ത്രീകളും ഇതേ രീതിയിൽ തന്നെ ലോഹ്യം കൂടിയിരിക്കാം. ചെറുപ്പക്കാരായ പിന്മുറക്കാർ ഇവരുടെ പിടിയിൽ പെടാതിരിക്കാൻ കാരണവന്മാർ കൊടുത്ത ‘ആക്സസറീസ്’ ആവാം പനയുടെ മുകളിലെ കൊട്ടാരവും, ദംഷ്ട്രകളും, രാവിലെ പനമരച്ചുവട്ടിൽ കാണുന്ന ചവച്ചു തുപ്പിയ അസ്ഥിയുമൊക്കെ.

5. ജനപ്രിയമായ ഒരു ചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത്. അക്കാലത്തെ വൈദികരുടെ വേഷം ഇതായിരുന്നില്ല. സ്ത്രീകളും ഇത്തരം വേഷം ധരിച്ചിരുന്നില്ല

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *