Breaking News
Home / Lifestyle / ഓർമകളിൽ മാലാഖയായി ലിനി

ഓർമകളിൽ മാലാഖയായി ലിനി

പേരാമ്പ്ര:എല്ലാ നിലവിളികൾക്കും മേലെ നീ ഞങ്ങൾക്ക് കാവലിരുന്നു. നിപ മഹാമാരിയായി വേട്ടയാടിയപ്പോൾ ചേർത്തുപിടിച്ച് പരിചരിച്ചു. കർമപഥങ്ങളിൽ നീ നിറച്ച വെളിച്ചമാണ് ഇന്ന് ഞങ്ങൾക്ക് ഊർജം… പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ അനാച്ഛാദനംചെയ്ത നഴ്സ് ലിനിയുടെ ചിത്രത്തിൽ സഹപ്രവർത്തകർ ഇങ്ങനെ എഴുതിയിരുന്നു.

അനുസ്മരണച്ചടങ്ങിനിടെ വേദിയിലേക്ക് ലിനിയുടെ ഭർത്താവ് സജീഷിനൊപ്പം കടന്നുവന്ന മകൻ സിദ്ധാർഥ് അമ്മയുടെ ചിത്രംകണ്ട് ഒരു നിമിഷം അമ്മേ… എന്ന് വിളിച്ച് ഓടിയണഞ്ഞു. ലിനിയുടെ ചിരിക്കുന്ന മുഖത്ത് കൈവെച്ച് അവനും പുഞ്ചിരിച്ചു. ഇതുകണ്ടപ്പോൾ സദസ്സിലുള്ളവരുടെ കണ്ണുകൾ നിറഞ്ഞു.

താലൂക്ക് ആശുപത്രിയിലെ ഓരോ കാര്യവും വിദേശത്തായിരുന്നപ്പോൾ ഫോൺകോളുകളിൽ ഞാനറിഞ്ഞിരുന്നു. അതിനാൽ ഇവിടത്തെ പല മുഖങ്ങളും എനിക്ക് പരിചിതം -ലിനിയുടെ സ്മരണിക ഏറ്റുവാങ്ങി സജീഷ് പറഞ്ഞു.

രോഗം വന്നപ്പോഴും മറ്റുള്ളവർക്ക് അത് വരാതിരിക്കാൻ ലിനിയുടെ കരുതൽ പിന്നീട് പലരും പറഞ്ഞറിഞ്ഞു. ലിനിയോടുള്ള എല്ലാവരുടെയും സ്നേഹം, ബഹുമാനം ഒരിക്കലും മറക്കില്ല -സജീഷ് പറഞ്ഞു. മക്കൾക്കും ബന്ധുക്കൾക്കുമൊപ്പമാണ് സജീഷ് ചടങ്ങിനെത്തിയത്.

ആശുപത്രിയിലെ സഹപ്രവർത്തകരുടെ ഓർമകളിൽ ലിനി നിറഞ്ഞു. രോഗീപരിചരണം ആത്മസമർപ്പണമാക്കിയ ലിനിയെപ്പറ്റി ഓർത്തപ്പോൾ ഡോക്ടർമാർക്ക് വാക്കുകൾ മുറിഞ്ഞു. കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്നിട്ടും വാർഡിലെ ജോലിയിലേക്ക് പകരം ലിനി മാറിയ ആ ദിനം ഹെഡ്നഴ്സ് എം.പി. വത്സല ഓർത്തെടുത്തു.

മൂന്നുമാസത്തേക്ക് താത്കാലികമായിട്ടായിരുന്നു ലിനിയടക്കം രണ്ടുപേരെ നിയമിച്ചത്. പിന്നീട് അത് വീണ്ടും നീട്ടിനൽകുകയായിരുന്നു. എനിക്ക് ചെയ്യാനുള്ളതെല്ലാം ആത്മാർപ്പണത്തോടെ ചെയ്തുവെന്ന് സാബിത്തിനെ പരിചരിച്ച ലിനി പിന്നീട് സഹപ്രവർത്തകരോട് പറഞ്ഞകാര്യം ഡോ. കെ.പി. വിനോദ് കുമാറിന്റെ ഓർമയിൽ ഇന്നുമുണ്ട്. സാബിത്ത് രോഗിയായെത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വരുൺ ഹാരിഷിനും പറയാനുണ്ടായിരുന്നത് നഴ്സുമാരുടെ സേവനത്തിന്റെ ചിത്രമായിരുന്നു.

ചുഴലിക്കാറ്റുപോലെയെത്തിയ നിപയ്ക്കെതിരേ ജീവനക്കാർ ഒന്നിച്ചുനിന്ന് സാധ്യമാക്കിയ അതിജീവനം ഡോ. രാജു ബൽറാം വിവരിച്ചു. വലിയ പാഠമാണ് അക്കാലം പഠിപ്പിച്ചത് -ഡോക്ടർ കൂട്ടിച്ചേർത്തു.

പനിബാധിച്ച് താലൂക്ക് ആശുപത്രിയിലേക്കെത്തിയ ലിനിയെ അധികം താമസിയാതെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിന്നെ 21-ന് അതിരാവിലെ ഫോണിലേക്കുവന്ന ആ ദുരന്തവാർത്തകേട്ട് ഡോക്ടർമാരടക്കം പൊട്ടിക്കരഞ്ഞു. മരണവീടുപോലെ താലൂക്ക് ആശുപത്രി ഒഴിഞ്ഞുകിടന്നു. എങ്ങും ഭീതിയുടെ അന്തരീക്ഷം നിറഞ്ഞുനിന്ന ദിനങ്ങൾ. ജീവനക്കാർക്ക് ദുരനുഭവങ്ങൾ പലതുണ്ടായി. ഡോക്ടർമാർ വീട്ടിൽപ്പോകാതെ ആശുപത്രിക്ക് സമീപം വീടെടുത്ത് താമസിച്ചു.

ഒരു ഡോക്ടർക്ക് പനിവന്നുവെന്ന് കേട്ടപ്പോൾ ഏവരും വീണ്ടും ഞെട്ടി. ഒരോ ദിവസവും എണ്ണിയെണ്ണി കടന്നുപോയി. ജീവനക്കാർ മരിച്ചുജീവിച്ച സമയം. അതെല്ലാം ഒരിക്കൽക്കൂടി ഓർമയിലെത്തി.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *