Breaking News
Home / Lifestyle / ഒമ്പതാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചു ജോലി പാഠപുസ്തകത്തിന്റെ കവര്‍ ഡിസൈനിങ്

ഒമ്പതാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചു ജോലി പാഠപുസ്തകത്തിന്റെ കവര്‍ ഡിസൈനിങ്

പാഠപുസ്തകത്തിന്റെ പുറംചട്ട കണ്ടാല്‍ത്തന്നെ അത് തുറന്നു നോക്കണമെന്ന് അറിയാതെ തോന്നിപ്പോകുന്ന സ്ഥിതി! അത്തരത്തിലൊരു ഡിസൈനിങ് സ്‌കില്ലാണ് ഈറോഡ് സ്വദേശിയായ കതിര്‍ അറുമുഖത്തെ തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പിലെത്തിച്ചത്. ഭംഗിയുള്ള പുറംചട്ടകള്‍ കുട്ടികളെ കൂടുതല്‍ ആകര്‍ഷിക്കുമെന്ന് ഒമ്പതാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച കതിര്‍ പറയുന്നു.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് പുറംചട്ടകളും പാഠഭാഗങ്ങളും അപ്രത്യക്ഷമായെങ്കിലും കുട്ടികളെ ആകര്‍ഷിക്കത്തക്ക വിധത്തില്‍ പാഠപുസ്തകങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ വിദ്യാഭ്യാസ ബോര്‍ഡുകള്‍ക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കതിര്‍ ഡിസൈന്‍ ചെയ്ത പുറംചട്ടയോടുകൂടിയുള്ള പുസ്തകങ്ങള്‍ വരുന്നതോടെ തമിഴ്‌നാട്ടില്‍ ഇതിന് മാറ്റം വരുമെന്നതില്‍ സംശയമില്ല.

കഷ്ടതകള്‍ നിറഞ്ഞതായിരുന്നു കതിറിന്റെ കുട്ടിക്കാലം. ചെറുപ്പകാലത്തുതന്നെ പിതാവിനെ നഷ്ടപ്പെട്ട കതിറിന്റെയും സഹോദരന്റെയും പഠനഭാരം കൂലിപ്പണിക്കാരിയായ അമ്മയുടെ ചുമലിലായിരുന്നു. പത്താംക്ലാസ് പാസായാലും തുടര്‍പഠനം സ്വപ്‌നം മാത്രമാകുമെന്ന് അറിയാമായിരുന്ന കതിര്‍ ഒമ്പതാം ക്ലാസില്‍ പഠനം നിര്‍ത്തി.

തുടക്കത്തില്‍ ചായക്കടയിലും, പലചരക്ക് കടയിലും ന്യൂസ്‌പേപ്പര്‍ ബോയിയായും കതിര്‍ ജോലി ചെയ്തു. പിന്നീട് ഈറോഡിലെ ഒരു ഡിസൈന്‍ കമ്പനിയില്‍ ചായ എത്തിച്ചുകൊടുക്കുന്നതിനിടെ ഗ്രാഫിക് ഡിസൈനിങിനെക്കുറിച്ച് അറിയാനിടയായി. എന്നാല്‍ അപ്പോഴും കോഴ്‌സിനാവശ്യമായ 4000 രൂപ കതിറിന് വലിയ തുക തന്നെയായിരുന്നു.

രാപ്പകല്‍ ജോലി ചെയ്ത് പണമുണ്ടാക്കി കതിര്‍ കോഴ്‌സിന് ചേര്‍ന്നു. പകല്‍ ക്ലാസിലും രാത്രി ജോലിയിലുമായി തുടര്‍ന്നു. കോഴ്‌സ് നടത്തുന്ന സ്ഥാപനം തവണകളായി ഫീസ് അടയ്ക്കാനുള്ള അവസരം നല്‍കിയതും കതിറിന് ആശ്വാസമായിരുന്നു. ഒടുവില്‍ മൂന്ന് മാസത്തെ കോഴ്‌സ് ആറ് മാസംകൊണ്ട് പൂര്‍ത്തിയാക്കി. പിന്നീട് ചെറിയ ചെറിയ ഡിസൈനിങ് ജോലികളിലേര്‍പ്പെട്ടു.

കതിറിന്റെ വരകളില്‍ ആകൃഷ്ടനായ ചെന്നൈ സ്വദേശിയായ ആര്‍ട്ടിസ്റ്റ് അയാളെ തമിഴ്‌നാട്ടിലെ പ്രാദേശിക മാസികയിലെ ഡിസൈനിങ് ജോലിക്കായി ക്ഷണിച്ചു. അവിടെ നിന്നും തമിഴിലെ പ്രമുഖ എഴുത്തുകാരായ സുജാത, എസ്. രാമകൃഷ്ണ, ബാലകുമരന്‍ എന്നിവരുടേതുള്‍പ്പെടെ കൃതികള്‍ക്ക് കവര്‍ ഡിസൈന്‍ ചെയ്യാനുള്ള അവസരം കതിറിനെ തേടിയെത്തി.

ഒടുവില്‍ 2018-ല്‍ കതിറിന്റെ ജീവിതത്തിലേക്ക് മറ്റൊരു നിയോഗം വന്നുചേര്‍ന്നു. തമിഴ്‌നാട് ടെക്‌സ്റ്റ്ബുക്ക് കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥനും ഐ.എ.എസ് ഓഫീസറുമായ ടി. ഉദയചന്ദ്രന്‍ കതിറിനെ പാഠപുസ്തകങ്ങളുടെ കവര്‍ ഡിസൈന്‍ ചെയ്യാന്‍ ഏല്‍പ്പിക്കുകയായിരുന്നു.കുട്ടികളെ ആകര്‍ഷിക്കത്തക്ക വിധത്തില്‍ ഭംഗിയുള്ള പുറംചട്ടകള്‍ തയ്യാറാക്കാനുള്ള ജോലിയും കതിര്‍ സന്തോഷത്തോടെ ഏറ്റെടുത്തു.

കതിര്‍ ഡിസൈന്‍ ചെയ്ത പുറംചട്ടകളില്‍ ചിലത്

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *