Breaking News
Home / Lifestyle / ശസ്ത്രക്രിയ നടത്തിയത് രാഷ്ട്രപതി നൽകിയ പതക്കം വിറ്റ് ദുരിതപർവ്വം താണ്ടി വൈശാലിയുടെ കലാസംവിധായകൻ

ശസ്ത്രക്രിയ നടത്തിയത് രാഷ്ട്രപതി നൽകിയ പതക്കം വിറ്റ് ദുരിതപർവ്വം താണ്ടി വൈശാലിയുടെ കലാസംവിധായകൻ

വിശ്വസിക്കുക പ്രയാസം…ഇന്ത്യൻ സിനിമകളുടെ ഇന്നലെകളിൽ അപൂർവ ഏടുകളായി മാറിയ ഒരുപിടി ചിത്രങ്ങൾക്ക് കലാസംവിധാനം നിർവഹിച്ച മനുഷ്യനാണ് ഈ ദുരവസ്ഥയെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കുകയില്ല തന്നെ. തമിഴ്, ഹിന്ദി, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ 50-ല്‍പ്പരം ചിത്രങ്ങള്‍ക്കു വേണ്ടി കാലാസംവിധാനവും, വസ്ത്രാലങ്കാരവും നിര്‍വ്വഹിച്ചിട്ടുള്ള കൃഷ്ണമൂർത്തിയെന്ന അതുല്യ കലാകാരന്റെ ജീവിതത്തിന് സിനിമയിലെ ഫ്രെയിമുകളിലെ നിറങ്ങളില്ല.

അഞ്ച് തവണ ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും നേടിയ ഇദ്ദേഹം പതക്കം വിറ്റ് ഹൃദയ ശസ്ത്രക്രിയ നടത്തിയ വാര്‍ത്ത പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. സ്വാതി തിരുനാള്‍, ഒരു വടക്കന്‍ വീരഗാഥ, വൈശാലി, പരിണയം, ഗസല്‍ പെരുന്തച്ചന്‍, രാജശില്പി, കുലം തുടങ്ങിയ ആസ്വാദക ഹൃദയങ്ങളിലേക്ക് കുടിയേറിയ നിരവധി ചിത്രങ്ങൾക്ക് പിന്നിലും ഈ കലാകാരന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

ചലച്ചിത്ര നിരൂപകന്‍ പ്രേം ചന്ദാണ് ലൈം ലൈറ്റിനപ്പുറത്തെ കൃഷ്ണമൂർത്തിയുടെ ദുരിത ജീവിതം പൊതുജനമധ്യത്തിൽ കൊണ്ടു വരുന്നത്. തന്റെ ഫെയ്സ്ബുക്ക് പേജില്‍ ഇതേക്കുറിച്ച് ഇട്ട പോസ്റ്റ് കണ്ട് കൃഷ്ണമൂര്‍ത്തിയെ സഹായിക്കാന്‍ ഇപ്പോൾ സര്‍ക്കാരും, ചലച്ചിത്ര അക്കാദമിയും മുന്നോട്ട് വന്നിരിക്കുകയാണ്.

” കലയെ മാത്രമാണ് സ്‌നേഹിച്ചത്. പ്രതിഫലം കണക്ക് പറഞ്ഞ് വാങ്ങിയില്ല. ഷൂട്ടിങ്ങ് തുടങ്ങുമ്പോള്‍ രണ്ടായിരമോ അയ്യായിരമോ അഡ്വാന്‍സ് തരും. ജോലി കഴിയുമ്പോള്‍ വെറും കയ്യോടെ തിരിച്ചയക്കും” – കൃഷ്ണമൂര്‍ത്തി ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരത്തിനൊപ്പം ലഭിച്ച സ്വര്‍ണപ്പതകങ്ങള്‍ വിറ്റാണ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൃദയ ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സിനിമയില്‍ നിന്നുണ്ടാക്കിയ പണംകൊണ്ട് വീട് പണിതിരുന്നു. അമ്മയുടെ പേരിലായിരുന്നു വീട്. പിന്നീട് സഹോദരി അവകാശം ചോദിച്ച് വന്നതോടെ വില്‍ക്കേണ്ടിവന്നു. ഇതില്‍ നിന്നുള്ള ചെറിയൊരു വിഹിതം ബാങ്കിലുണ്ട്, ഇതിന്റെ പലിശ കൊണ്ടാണ് കൃഷ്ണമൂര്‍ത്തി ഇപ്പോള്‍ ജീവിക്കുന്നത്. ” സഹായവുമായെത്തിയ കേരളസര്‍ക്കാരിനും മലയാളസിനിമാ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ”റൊമ്പ നന്റീങ്കെ…കേരളാവെ മറക്കവേ മുടിയാത്. ആരോടും സഹായം ചോദിക്കാന്‍ വിചാരിച്ചതല്ല. കഷ്ടപ്പാടിലാണ് ജീവിതം. ആരോഗ്യസ്ഥിതിയും മോശമായി. ഗത്യന്തരമില്ലാതായപ്പോഴാണ് കൈനീട്ടേണ്ടി വന്നത്.” – കൃഷ്ണമൂര്‍ത്തി പറഞ്ഞു.

സര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള അപേക്ഷ കൃഷ്ണമൂര്‍ത്തിയില്‍ നിന്ന് വാങ്ങിയതായും കമലിനെ ഉദ്ധരിച്ച് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ”കൃഷ്ണമൂര്‍ത്തിക്ക് സഹായം നല്‍കണമെന്നാവശ്യപ്പെട്ട് ‘ഫെഫ്ക’ ഫിലിം ആര്‍ട്ട് ഡയറക്ടേഴ്‌സ് യൂണിയന്‍ കത്തു നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. കൃഷ്ണമൂര്‍ത്തിയുടെ അപേക്ഷയ്ക്കൊപ്പം ഈ കത്തും ഉള്‍പ്പെടുത്തി ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറി വിവരം ധരിപ്പിക്കും. ചലച്ചിത്ര അക്കാദമിയുടെ വക ചികിത്സാസഹായമായ 25,000 രൂപ ചൊവ്വാഴ്ച കൃഷ്ണമൂര്‍ത്തിയുടെ ബാങ്ക് അക്കൗണ്ടില്‍ ഇടും” – കമല്‍ അറിയിച്ചു.

” ആര്‍ട്ട് ഡയറക്ടേഴ്‌സ് യൂണിയന്‍ 50,000 രൂപ നല്‍കും. സംഘടനയിലെ അംഗങ്ങളില്‍ നിന്ന് തുക സമാഹരിച്ച് കൃഷ്ണമൂര്‍ത്തിയുടെ പേരില്‍ ബാങ്കില്‍ സ്ഥിരനിക്ഷേപമിടാനും ആലോചനയുണ്ട്. ഇതില്‍ നിന്നുള്ള പലിശ ഉപയോഗിച്ച് മാസച്ചെലവിനുള്ള തുക ലഭ്യമാക്കുകയാണ് ഉദ്ദേശം. രണ്ടുദിവസത്തിനുള്ളില്‍ ചെന്നൈയിലെത്തി കൃഷ്ണമൂര്‍ത്തിയെ നേരില്‍ക്കാണും.” – സംഘടനാ സെക്രട്ടറിയും കലാസംവിധായകനുമായ എം. ബാവ പറഞ്ഞു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *