Breaking News
Home / Lifestyle / ബിസിനസ് പഠിക്കാൻ കൂലിപ്പണി മൂർത്തി സ്വപ്നങ്ങളിലേക്ക് പാലം പണിയുന്ന ഉഴൈപ്പാളി

ബിസിനസ് പഠിക്കാൻ കൂലിപ്പണി മൂർത്തി സ്വപ്നങ്ങളിലേക്ക് പാലം പണിയുന്ന ഉഴൈപ്പാളി

വീട്ടിൽ കൂലിപ്പണിക്കെത്തിയ യുവാവിനോടു ഗൃഹനാഥൻ അറിയാവുന്ന തമിഴിൽ കുശലാന്വേഷണം നടത്തുകയാണ്. തമ്പീ ഉൻ പേരെന്ന?: ‘മൂർത്തി’. എന്ത ഊര്?: ‘ആത്തൂർ… സേലം.’ ഈ സംഭാഷണത്തിനിടയ്ക്കായിരുന്നു മൂർത്തിയുടെ വെളിപ്പെടുത്തൽ. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടാനുള്ള പണമുണ്ടാക്കാനാണ് മൂർത്തി കേരളത്തിൽ കൂലിപ്പണിക്കു വന്നിരിക്കുന്നത്. സേലത്തെ സ്വകാര്യ കോളജിൽ ബിബിഎ പഠനത്തിനു സീറ്റ് ഉറപ്പാക്കിയിട്ടുണ്ട്.

അധ്യയനം തുടങ്ങുന്നതിനു മുൻപ് ആദ്യവർഷത്തേക്കുള്ള ഫീസിലേക്ക് 20,000 രൂപ അടയ്ക്കണം. ആത്തൂരിനടുത്തുള്ള തെടാവൂർ ഗ്രാമത്തിലെ സഹദേവൻ– പരമേശ്വരി ദമ്പതികളുടെ മകൻ എസ്.മൂർത്തി (20) ഒറ്റപ്പാലത്തെത്തിയിട്ടു മൂന്നു മാസത്തോളമായി. സഹോദരിയും ഭർത്താവും നേരത്തെ ഇവിടെയെത്തിയിരുന്നു. ഭാരതപ്പുഴയോരത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക വീടുകളിലൊന്നിൽ സഹോദരിയോടൊപ്പമാണു താമസം.

ദിവസവും രാവിലെ അന്നന്നത്തെ പണിക്കുള്ള വിളി പ്രതീക്ഷിച്ചു ബസ് സ്റ്റാൻഡ് പരിസരത്ത് ഒത്തുകൂടുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ മൂർത്തിയുമുണ്ടാകും. കെട്ടിടം പണിയെന്നോ തോട്ടം പണിയെന്നോ ഭേദമില്ല. കിട്ടുന്ന പണിക്കു പോകും, സ്വപ്നങ്ങളിലേക്കു പാലം പണിയുന്ന ‘ഉഴൈപ്പാളി’. തെടാവൂരിൽ കുടുംബത്തിനു രണ്ടേക്കർ ഭൂമിയുണ്ട്. അതിൽ ചോളവും മാടുകൾക്കുളള തീറ്റപ്പുല്ലുമാണു കൃഷി.

മഴ കുറവായ പ്രദേശമായതു കൊണ്ടു കൃഷിയിൽനിന്നു കാര്യമായി വരുമാനമൊന്നുമില്ല. നാമമാത്രമായ പാൽ വിൽപനയാണു മറ്റൊരു വരുമാന മാർഗം. കോളജിൽ അധ്യയനം തുടങ്ങാറായിരിക്കെ നാട്ടിലേക്കു മടങ്ങാനുള്ള തയാറെടുപ്പിലാണു മൂർത്തി. അടുത്ത അവധിക്കാലത്തു വീണ്ടും വരണം, പഠിപ്പു തീരുവോളം കോളജിൽ ഫീസടയ്ക്കണമല്ലോ. മൂർത്തിയുടെ സഹോദരൻ മുത്തു, മെക്കാനിക്കൽ എൻജിനീയറിങ് പഠനത്തിനു ഫീസ് കണ്ടെത്തിയതും ഇങ്ങനെയൊക്കെത്തന്നെ!.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *