Breaking News
Home / Lifestyle / കണ്ണീരിന്റെ മഴവെള്ളപ്പാച്ചിൽ മക്കൾ ഭാര്യ, വാപ്പ ഉമ്മ കൺമുന്നിൽ ഒലിച്ചു പോയി

കണ്ണീരിന്റെ മഴവെള്ളപ്പാച്ചിൽ മക്കൾ ഭാര്യ, വാപ്പ ഉമ്മ കൺമുന്നിൽ ഒലിച്ചു പോയി

ദൈവമേ.. ഞങ്ങളെ എന്തിനിങ്ങനെ പരീക്ഷിക്കുന്നു…ഇതിന് മാത്രം എന്തു തെറ്റാണ് ഞങ്ങൾ ചെയ്തിട്ടുള്ളത്..?– ഒമാനിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് 6 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട മുംബൈ സ്വദേശി സർദാർ ഫസൽ അഹമ്മദിൻ്റെ ഹൃദയംപൊട്ടിയുള്ള വാക്കുകളാണിത്. ഒമാനിൽ ഫാർമസിസ്റ്റായ ഇൗ യുവാവും നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളോടും കുടുംബത്തോടുമൊപ്പം ബനീ ഖാലിദ് തടാകം കാണാൻ ചെന്നപ്പോഴായിരുന്നു ദുരന്തം മലവെള്ളപ്പാച്ചിലിൽ എത്തിയത്. ഭാര്യ അർഷി, പിതാവ് ഖാൻ, മാതാവ് ശബാന,മകൾ സിദ്ര(4), മകൻ സെയ്ദ്(2), 28 ദിവസം മാത്രം പ്രായമുള്ള മകൻ നൂഹ് എന്നിവരാണ് ഒലിച്ചുപോയത്.

ടൈംസ് ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംഭവം വിവരിക്കുന്നു:

നല്ല വെളിച്ചമുള്ള ദിവസമായിരുന്നു ഞങ്ങൾ ഇബ്രയിൽ നിന്ന് കാറിൽ വാദി ബനീ ഖാലിദിലേയ്ക്ക് യാത്ര പുറപ്പെട്ടത്. നല്ല ചൂടുമുണ്ടായിരുന്നു. ആകാശം മേഘാവൃതമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വാദിയുടെ സമീപത്ത് നിൽക്കുമ്പോൾ പെട്ടെന്ന് മഴ ചാറാൻ തുടങ്ങി.ഉടൻ കാറിൽ കയറി അവിടെ നിന്ന് മാറാൻ തീരുമാനിച്ചു. കൂടിപ്പോയാൽ 10 മിനിറ്റിനകം മഴ നിലയ്ക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, പ്രതീക്ഷകൾക്ക് വിപരീതമായി മഴ ശക്തിപ്പെട്ടു. ഇടയ്ക്ക് ഒരു സ്വദേശി ഞങ്ങളോട് പറഞ്ഞു, ഇത് കുറച്ച് അപകടം പിടിച്ച സ്ഥലമാണ്.

പെട്ടെന്ന് പോയിക്കോളൂ എന്ന്. കുറച്ച് ഉയർന്ന ഭാഗത്തുള്ള പ്രധാന റോഡിലേയ്ക്ക് പോകാനും വരാനും ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ പെട്ടെന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ഞാനായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. ചുറ്റും കറുത്തിരുണ്ട് ആകെ ഭയപ്പെടുത്തുന്ന അന്തരീക്ഷം രൂപപ്പെട്ടു.എനിക്കൊന്നും പറയാനോ മറ്റോ സാധിച്ചില്ല. കാറിൻ്റെ ചില്ലുകളിൽ മൂടൽമഞ്ഞ് നിറഞ്ഞ് പുറംകാഴ്ചകളൊന്നും കാണാൻ പറ്റാതായി. കാറിനകത്ത് നിന്നുള്ള ഉച്ഛ്വാസ വായു പോലും അകത്ത് തങ്ങിനിന്നു.

ദൈവമേ, ഞങ്ങളെ പരീക്ഷിക്കരുതേ.. ചെറിയ കുട്ടികളാണ് ഞങ്ങളുടെ കൂടെയുള്ളത് എന്നെല്ലാം പറഞ്ഞ് എല്ലാവരും കരഞ്ഞുകൊണ്ട് പ്രാർഥിച്ചു. ഒടുവിൽ എങ്ങനെയെങ്കിലും കാർ മുകൾഭാഗത്തെത്തി. അപ്പോഴേയ്ക്കും മണൽനിറഞ്ഞ വെള്ളം കുത്തിയൊഴുകാൻ തുടങ്ങിയിരുന്നു. ഇനിയും മുന്നോട്ടു പോയാൽ അപകടത്തിൽപ്പെടുമെന്ന് കരുതി ഞാൻ കാർ പിന്നോട്ടെടുത്ത് ഒരു മതിലിനോട് ചേർത്ത് നിർത്തി.

28 ദിവസം പ്രായമുള്ള മകന് മഴ കൊണ്ട് അസുഖം പിടിച്ചാലോ എന്നാലോചിച്ച് എല്ലാവരും കാറിനകത്ത് തന്നെ ഇരിക്കാന്‍ തീരുമാനിച്ചു. പെട്ടെന്നാണ് ഞെട്ടിക്കുന്ന ആ യാഥാർഥ്യം തിരിച്ചറിഞ്ഞത്, കാർ ഒഴുകാൻ തുടങ്ങിയിരിക്കുന്നു. ഒടുവിൽ കാറിൽ നിന്ന് പുറത്തിറങ്ങാൻ തന്നെ തീരുമാനിച്ചു. വാതിൽ തുറന്നപ്പോൾ എൻ്റെ മകൾ വെള്ളത്തിൽ വീണു. അവളെ പിടിക്കാൻ എൻ്റെ പിതാവ് ശ്രമിച്ചെങ്കിലും അദ്ദേഹവും വെള്ളത്തിൽവീണു.

പിതാവിന് നീന്തലറിയില്ലായിരുന്നു. മകളും പിതാവും വെള്ളത്തിൽ ഒലിച്ചുപോയി. ഇതെല്ലാം കണ്ട് നിലവിളിക്കാനേ കാറിലുണ്ടായിരുന്ന എനിക്കും മാതാവ്, ഭാര്യ എന്നിവർക്കും കഴിഞ്ഞുള്ളൂ. വൈകാതെ കാർ വെള്ളത്തില്‍ ഒലിച്ച് വാദി(തടാകം)യിലേയ്ക്ക് നീങ്ങി. രണ്ട് വയസുകാരനായ മകനെവിടെയാണെന്ന് എനിക്ക് ഒാർക്കാനേ സാധിക്കുന്നില്ല. എൻ്റെ ഭാര്യ പിഞ്ചു കുഞ്ഞിനെ എടുത്തിരിക്കുകയായിരുന്നു.

ഒഴുക്കിൽ കാർ തടാകത്തിലേയ്ക്ക് പതിച്ചു. ഞാൻ കാറിൽ നിന്ന് തെറിച്ചു പുറത്തുവീണു. മണൽ നിറഞ്ഞ വെള്ളം വയറിനകത്തേയ്ക്ക് പോയി. എനിക്ക് ആദ്യം ഒരു പാറയിലും പിന്നീട് ഇൗന്തപ്പനയോലയിലും പിടിത്തം കിട്ടി. അതിൽപിടിച്ച ഞാൻ പാറയിൽകയറി നിന്നു നിസഹായതയോടെ തിരിഞ്ഞുനോക്കിയപ്പോൾ അവിടെ ഒന്നും കാണാനില്ലായിരുന്നു.

എനിക്ക് പൊട്ടിക്കരയാനേ കഴിഞ്ഞുള്ളൂ. ഞാൻ മലനിരകളുടെ മുകളിലെത്തി നോക്കിയെങ്കിലും അകലെ റഡാർ വെളിച്ചമല്ലാതെ ചുറ്റുവട്ടത്തൊന്നും ആരെയും കാണാനില്ലായിരുന്നു. പിന്നീട് ഞാൻ മറ്റൊരു മലമുകളിൽ കയറി. അകലെ കുറേ വീടുകൾ കണ്ടു അങ്ങോട്ടേയ്ക്ക് നീങ്ങി. ഒരു വീടിന് മുന്നിൽ നിന്നപ്പോൾ ഒരു സ്ത്രീ വാതിൽ തുറന്നു. ഞാൻ സംഭവം പറഞ്ഞപ്പോൾ അവർ അവിടെ നിൽക്കാൻ അനുവദിച്ചു. എൻ്റെ നാല് വയസുകാരിയായ മകളും രണ്ട് വയസുകാരനായ മകളും പിഞ്ചുകുഞ്ഞുമടക്കം ആരുമിനി തിരിച്ചുവരില്ലേ എന്ന് ഞാൻ ഭയക്കുന്നു.. –സർദാർ ഫസൽ അഹമ്മദിൻ്റെ വാക്കുകൾ മുറിഞ്ഞു.

സംഭവം ഗൾഫിലെ ഇന്ത്യക്കാർക്കിടയിൽ വലിയ ഞെട്ടലാണുണ്ടാക്കിയത്. കുടുംബത്തിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *