Breaking News
Home / Lifestyle / ദേ പുട്ട് ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്ത പഴകിയ ഭക്ഷണം നമ്മള്‍ അറിയേണ്ടത്

ദേ പുട്ട് ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്ത പഴകിയ ഭക്ഷണം നമ്മള്‍ അറിയേണ്ടത്

നടന്മാരായ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് കോഴിക്കോട് തുടങ്ങിയ ‘ദേ പുട്ട്’ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്ത വാര്‍ത്ത നമ്മള്‍ കണ്ടു. പഴകിയ ചിക്കനും പൂപ്പല്‍ കയറിയ ഐസ്‌ക്രീമുമാണ് കോര്‍പറേഷന്റെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.

മാംസാഹാരം അത്, ചിക്കനാണെങ്കിലും മറ്റേത് ഇറച്ചിയാണെങ്കിലും ചീത്തയായിക്കഴിഞ്ഞാല്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് വഴിവയ്ക്കുക. പച്ചക്കറികളിലെക്കാള്‍ എളുപ്പത്തില്‍ അണുക്കള്‍ക്ക് വളരാനുള്ള സാഹചര്യം മാംസാഹാരം ഉണ്ടാക്കുന്നുണ്ട് എന്നതാണ് ഇതിനുള്ള കാരണം. ‘സാല്‍മോണെല്ല’ എന്ന ബാക്ടീരിയയാണ് ഇറച്ചിയില്‍ എളുപ്പത്തില്‍ പെറ്റുപെരുകുന്ന ഒരു പ്രധാന പ്രശ്‌നക്കാരന്‍. മരണത്തിന് വരെ കാരണമാകുന്ന ഗുരുതരമായ ഭക്ഷ്യവിഷബാധ തന്നെയാണ് ഇതുണ്ടാക്കുക. അതുകൊണ്ട് തന്നെ മാംസാഹാരം പഴകിയാല്‍ അത് വില്‍പന നടത്താനും, വിളമ്പാനും പല ഹോട്ടലുകാരും മടിക്കാറുമുണ്ട്.

എങ്കിലും പാകം ചെയ്ത ഇറച്ചിയുടെ പഴക്കം പരിശോധിക്കാന്‍ കഴിക്കുന്നവര്‍ക്ക് പലപ്പോഴും കഴിയില്ലെന്ന ധൈര്യത്തില്‍ അത് വില്‍പന നടത്തുന്ന ഹോട്ടലുകളും കുറവല്ല. ഒരല്‍പം കരുതലുണ്ടെങ്കില്‍ ഹോട്ടലിലെ ചിക്കനും നല്ലാതാണോയെന്ന് പരീക്ഷിക്കാവുന്നതേയുള്ളൂ. അതെങ്ങനെയെന്ന് നോക്കാം

ചീത്തയായ ചിക്കന്‍ തിരിച്ചറിയാം…

ചിക്കന്‍ പാകം ചെയ്യുന്നതിന് മുമ്പേ ചീത്തയായതാണെങ്കില്‍ അതെളുപ്പത്തില്‍ തിരിച്ചറിയാവുന്നതേയുള്ളൂ. നിറത്തിലും മണത്തിലും ഘടനയിലുമെല്ലാം പ്രത്യക്ഷമായ വ്യത്യാസങ്ങള്‍ തന്നെ കാണും. എന്നാല്‍ പാകം ചെയ്താല്‍ ഈ പരിശോധന സാധാരണക്കാരെ സംബന്ധിച്ച് അത്ര എളുപ്പമല്ല. എങ്കിലും മണവും രുചിയും വച്ചുതന്നെ ഇത് കണ്ടെത്താന്‍ ഒന്ന് ശ്രമിക്കാം.

മുട്ട ചീഞ്ഞ മണത്തോടോ, സള്‍ഫറിന്റെ മണത്തോടോ സാമ്യമുള്ള ഗന്ധമായിരിക്കും ചീത്തയായ ചിക്കനുണ്ടാവുക. ഇത് പാകം ചെയ്താലും പോകില്ല. അതിനാല്‍ ഹോട്ടലുകളില്‍ നിന്ന് ചിക്കന്‍ വാങ്ങിക്കഴിക്കുമ്പോള്‍ മണത്തിലുള്ള വ്യത്യാസം പ്രത്യേകം ശ്രദ്ധിക്കുക.

ധാരാളം സ്്‌പൈസ് ചേര്‍ത്തുണ്ടാക്കുന്ന ചിക്കനാണെങ്കില്‍ മണം പെട്ടെന്ന് മനസിലാകില്ല. അങ്ങനെയുള്ളപ്പോള്‍ നിറവും ഒന്ന് പരിശോധിക്കാം. പാകം ചെയ്ത ചിക്കന്റെ നിറവ്യത്യാസം കണ്ടെത്തലും ബുദ്ധിമുട്ട് തന്നെയാണ്. എന്നാലും ഇതിലും അരക്കൈ നോക്കാം. ഇതിനായി ചിക്കന്‍ കഷ്ണം ഒന്ന് മുറിച്ച് നോക്കുക. ചെറുതായി ചാരനിറം കയറിയിട്ടുണ്ടെങ്കില്‍ മനസിലാക്കാം സംഗതി അപകടമാണ്.

അതുപോലെ തന്നെ വായില്‍ വച്ചുനോക്കുമ്പോള്‍ പ്രത്യേകിച്ച് രുചി തോന്നാതിരിക്കുകയോ, പുളി തോന്നുകയോ ചെയ്താലും ഉറപ്പിക്കാം, ചിക്കന്‍ ചീത്തയാണ്.

ഐസ്‌ക്രീം അത്ര പ്രശ്‌നക്കാരനോ?

മാംസാഹാരത്തിന്റെ കാര്യം ചര്‍ച്ച ചെയ്തതില്‍ നിന്ന് വ്യത്യസ്തമാണ് ഐസ്‌ക്രീമിന്റെയും ചോക്ലേറ്റ്‌സിന്റെയുമെല്ലാം കാര്യം. ഇത് ചീത്തയാണോ അല്ലയോ എന്ന് എളുപ്പത്തില്‍ തിരിച്ചറിയാനാകില്ല. മാത്രമല്ല, ഐസ്‌ക്രീമൊക്കെയാണെങ്കില്‍ അല്‍പം ചീത്തയായാലും കഴിക്കുന്നതില്‍ തരക്കേടില്ലെന്ന് ചിന്തിക്കുന്നവരും കുറവല്ല.

എന്നാല്‍ ഐസ്‌ക്രീമും ചീത്തയായാല്‍ അത് കഴിക്കുന്നത് അപകടം തന്നെയാണ്. തണുപ്പിച്ച് വയ്ക്കുന്ന സാധനമായതിനാല്‍ ബാക്ടീരിയകള്‍ക്ക് ഇതില്‍ വളരാനാകില്ലെന്ന ധാരണാണ് പലര്‍ക്കും. ബാക്ടീരിയകള്‍ക്ക് വളരാന്‍ അനുയോജ്യമായ കാലാവസ്ഥയല്ല എന്നേയുള്ളൂ, പക്ഷേ അവയെ ഇല്ലാതാക്കാന്‍ ഫ്രീസറിന് കഴിയുന്നില്ല. അതിനാല്‍ തന്നെ ഭക്ഷ്യവിഷബാധ പഴകിയ ഐസ്‌ക്രീമിന്റെ കാര്യത്തിലും സാധ്യമാണ്.

കൂടാതെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, കാലാവധി തീരുന്ന തീയ്യതി മാത്രം നോക്കിയല്ല ഐസ്‌ക്രീം ഉപയോഗിക്കേണ്ടത്. എത്രമാത്രം സുരക്ഷിതമായി എങ്ങനെ, എവിടെ സൂക്ഷിക്കുന്നു എന്നതും പ്രധാനമാണ്. അതായത് പൊട്ടിക്കാത്ത ഒരു പാക്കറ്റ് ആണെങ്കില്‍ സീറോ ഡിഗ്രിയില്‍ അത് സുരക്ഷിതമായി രണ്ട് മാസം വരെ കേട് കൂടാതെയിരിക്കും. എന്നാല്‍ ഒരിക്കലെങ്കിലും തുറന്ന പാക്കറ്റാണെങ്കില്‍ രണ്ടോ മൂന്നോ ആഴ്ചയില്‍ കൂടുതല്‍ ഇത് സൂക്ഷിക്കുന്നതും, പിന്നീടുപയോഗിക്കുന്നതും അത്ര ആരോഗ്യകരമല്ല.

പുറത്തുനിന്ന് ഐസ്‌ക്രീം കഴിക്കുമ്പോള്‍, പാക്കറ്റ് ആണെങ്കില്‍ അതിന്റെ കാലാവധി തീരുന്ന തീയ്യതിയും പാക്കിംഗിലെ സുരക്ഷിതത്വവും നോക്കി വാങ്ങിക്കുക. നല്ലരീതിയില്‍ അടച്ചുവച്ച പാക്കറ്റല്ലെങ്കില്‍ അത് തിരിച്ചേല്‍പിക്കുക. കുട്ടികളിലും നേരത്തേ ആരോഗ്യപ്രശ്‌നങ്ങളുള്ളവരിലും എളുപ്പത്തിലാണ് ഇത് അപകടങ്ങളുണ്ടാക്കുക. എന്നാല്‍ ബൗളില്‍ വാങ്ങിക്കഴിക്കുന്ന ഐസ്‌ക്രീമാണെങ്കില്‍ അത് കാലാവധി തീര്‍ന്നതാണോയെന്ന് തിരിച്ചറിയാന്‍ സാധാരണക്കാര്‍ക്ക് മാര്‍ഗങ്ങളില്ല. അതിനാല്‍ വിശ്വസ്തതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാത്രം അത്തരത്തില്‍ വാങ്ങിക്കഴിക്കുക.

ഭക്ഷ്യവിഷബാധ അത്ര ചെറിയ സംഗതിയല്ലെന്നും ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന പ്രശ്‌നമാണെന്നും എപ്പോഴും ഓര്‍ക്കുക. വയറുവേദന, അമിതമായി ഗ്യാസ് ഉണ്ടാവുക, ഛര്‍ദി, വയറിളക്കം, ക്ഷീണം, പനി, തലകറക്കം, തലവേദന- ഇവയെല്ലാം ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങളെ കണ്ടില്ലെന്ന് നടിക്കുമ്പോഴാണ് അത് അപകടത്തിലേക്ക് നീങ്ങുക. അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ വൈകാതെ തന്നെ ആശുപത്രിയിലേക്ക് പോയി പരിശോധന നടത്തി, സുരക്ഷിതരാണ് എന്ന് സ്വയം ഉറപ്പുവരുത്തുക.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *