Breaking News
Home / Lifestyle / ക്യാൻസർ രോഗികൾക്ക് സൗജന്യം നന്മയുടെ വേറിട്ട കാഴ്ചയുമായി രണ്ട് ഉള്ളിക്കച്ചവടക്കാർ

ക്യാൻസർ രോഗികൾക്ക് സൗജന്യം നന്മയുടെ വേറിട്ട കാഴ്ചയുമായി രണ്ട് ഉള്ളിക്കച്ചവടക്കാർ

വിവരണം – Paachi Vallappuzha.

ഓർക്കുമ്പോൾ തന്നെ അഭിമാനവും സന്തോഷവും കൊണ്ട് മനസ്സ് നിറയുന്ന ചില ജീവിതങ്ങൾ ഉണ്ട് നമുക്ക് ചുറ്റും. അണ്ണാറകണ്ണനും തന്നാലായത് എന്ന് കേട്ടിട്ടില്ലേ? അതു തന്നെയാണ് ഒരു ഫോട്ടോക്ക് പോലും നിന്ന് തരാതെ “ഇതൊക്കെ എന്ത്? ചെറിയ കാര്യമല്ലേ” എന്ന് പറഞ്ഞു കൊണ്ട് ആ കുടക്കുള്ളിൽ ഇരിക്കുന്ന രണ്ട് മനുഷ്യർ…!!

പെരിന്തൽമണ്ണ EMS ഹോസ്പിറ്റലിലേക്ക് ഒരു പേഷ്യന്റിനെ ആക്കി ആംബുലൻസിൽ വീട്ടിലേക്ക് തിരിച്ചു വരും വഴിയാണ് ഈ വഴിയോര കച്ചവടക്കാരെ പെരിന്തൽമണ്ണ ചോലയിൽ വെച്ചു ഞാൻ കാണുന്നത്. വണ്ടിയിൽ നിന്നും റോഡിലേക്ക് വലിയ ഉള്ളി ഇട്ട് കച്ചവടം ചെയ്യുന്നു. 4 Kg 50 രൂപ എന്ന നിരക്കിൽ. വിലക്കുറവ് ആണല്ലോയെന്നോർത്ത് ഉള്ളി വാങ്ങിക്കാൻ വണ്ടി സൈഡാക്കി ഇറങ്ങി നോക്കുമ്പോളാണ് ആ വില എഴുതിയതിന് താഴെ കണ്ട മറ്റൊരു വാചകം എൻ്റെ കണ്ണിലുടക്കിയത്. അത് ഇങ്ങനെയായിരുന്നു – “ക്യാൻസർ ഡയാലിസിസ് രോഗികൾക്ക് സൗജന്യം.”

ചില നിമിഷങ്ങളിൽ ചിലർക്ക് മുന്നിൽ നാം ഒന്നുമല്ലാതെയാവും. മൗനം നമ്മെ സ്വയം വന്ന് മൂടും. കാർമേഘങ്ങൾ നമ്മെ ഇരുട്ടിൽ പൊതിയും നിശ്ശബ്ദരാക്കും. ആ നിമിഷം ആർക്കൊക്കെയോ നേരെ നമ്മൾ അടച്ച കണ്ണുകൾ അവർക്ക് നേരെ ഉള്ളിന്റെ ഉള്ളിൽ സ്വയം തുറക്കും. അങ്ങനെ അങ്ങനെ നമുക്ക് സ്വന്തം ജീവിതം കൊണ്ട് അധ്യാപകർ തന്നെ ആവുന്നവരുമുണ്ട്. അങ്ങനെയുള്ള രണ്ട്‌ മാതൃക വ്യക്തികളാണ് മുതുകുറിശ്ശി സ്വദേശികളായ സുധീഷേട്ടനും നാരായണെട്ടനും. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുമ്പോൾ അവരെക്കൊണ്ട് കഴിയുന്ന പുണ്യം അവർക്കാകുന്ന വിധം സഹജീവികൾക്ക് അവരും ചെയ്യുന്നു.

ഇതൊരു ചെറിയ കാര്യമല്ല. ഒരുപാട് പേരുടെ കണ്ണ് തുറപ്പിക്കാൻ ഇവരുടെ ഈ പ്രവർത്തനങ്ങൾ കൊണ്ട് കഴിയും എന്നുള്ളത് നിസംശയം തന്നെ പറയാം. സൃഷ്ടാവ് തന്ന അപാര കഴിവു കൊണ്ട് ഞാനും എന്റെ കുടുംബവും എന്ന ചിന്തയുമായി നാലു ചുവരുകൾക്കുള്ളിൽ മാത്രം കഴിയുന്നവർ ഇതൊക്കെ ഒന്ന് കണ്ണ് തുറന്ന് കാണുക. നമുക്ക് ചുറ്റും ഇങ്ങനെയും ചില മനുഷ്യർ ഉണ്ട്, അല്ല മാലാഖമാർ ഉണ്ട്.

ഉള്ളവന്റെ കയ്യിൽ നിന്നും ഇല്ലാത്തവന് വാങ്ങികൊടുക്കുന്ന മഹത് വ്യക്തിത്വങ്ങളുടെ സൽപ്രവർത്തനങ്ങളുടെ ഇടയിൽ, ഉള്ളതിൽ നിന്നും ഒരു പങ്ക് അശരണർക്ക് കൊടുക്കുന്ന ഇവരും വാഴ്ത്തപ്പെടേണ്ടവരാണ്‌. ഇത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ വിമർശനങ്ങൾ അടങ്ങിയ കമന്റുകൾ വന്നിരുന്നു. “കച്ചവടക്കാരുടെ മാർക്കറ്റിങ് തന്ത്രമാണ്” ഇതെന്നായിരുന്നു ചിലരുടെ അഭിപ്രായം. അവരോടായി ഒന്നേ പറയാനുള്ളൂ. അവർ അവർക്ക് കഴിയുന്ന രീതിയിൽ ഒരു സഹായം ചെയ്യുന്നു. അതിനെ വിമർശിക്കുന്ന സമയത്ത് നിങ്ങൾക്കും നല്ല നന്മപ്രവൃത്തികൾ ചെയ്തുകൂടെ?

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *