Breaking News
Home / Lifestyle / ഈ ഇരിക്കുന്ന അമ്മയുടെ മുൻപിൽ ഒരു കൊച്ചു കാര്യം ഉണ്ട് അത്‌ ഞാൻ പറയാം.

ഈ ഇരിക്കുന്ന അമ്മയുടെ മുൻപിൽ ഒരു കൊച്ചു കാര്യം ഉണ്ട് അത്‌ ഞാൻ പറയാം.

ഈ ഇരിക്കുന്ന അമ്മയുടെ മുൻപിൽ ഒരു കൊച്ചു കാര്യം ഉണ്ട്,അത്‌ ഞാൻ വഴിയേ പറയാം.

കോങ്ങാട് ഞാൻ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഒരു വർഷം തികഞ്ഞു .കൃത്യമായി പറഞ്ഞാൽ മെയ്‌ മാസം പതിനെട്ടാം തിയ്യതി.ഇവിടേക്കു വരുമ്പോൾ ഈ സ്‌ഥലത്തെ കുറിച്ച് വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല.മുൻപ് ഞാൻ ഒരു പ്രാവശ്യം വന്നിട്ടുണ്ട്.ആകെ പറഞ്ഞു കേട്ടിരുന്നത് കോങ്ങാട് കുട്ടിശ്ശങ്കരൻ എന്ന ആനയുടെ പേരും പിന്നെ നക്സലുകൾ തല വെട്ടി പടിപ്പുരയിൽ വച്ച നാരായണൻ കുട്ടി നായർ എന്ന ജന്മിയെ കുറിച്ചും മാത്രം.

അങ്ങിനെ മുൻവിധിയൊന്നും ഇല്ലാതെ ഞാൻ അവിടെ ജോലി ചെയ്തു തുടങ്ങി.പല തരക്കാരായ ആളുകൾ,കൂടുതലും സാധാരണക്കാരായ കർഷകർ.ദിവസവും ഒരുപാട് പേർ വന്നു പോകുന്നു. ചിലർ പണമടയ്ക്കാൻ ,ചിലർ സ്വർണ്ണ പണയത്തിനായി അങ്ങിനെ പെട്ടന്നു തന്നെ അവിടത്തെ ജോലിയിൽ ഞാനും അലിഞ്ഞു ചേർന്നു.

ഇതിനിടയ്ക്ക്‌ പല മുഖങ്ങളും പരിചിതമായി തുടങ്ങി,അതിൽ ഒരാൾ ഇടയ്ക്കു കുഞ്ഞു കമ്മലുകൾ പണയം വയ്ക്കാനോ,അല്ലെങ്കിൽ പെൻഷൻ തുക പിൻവലിക്കാനോ വന്നിരുന്ന ഒരു അമ്മ,വെളുത്ത മുണ്ടും ബ്ലൗസുമാണ് വേഷം, മുൻവരിയിലെ ഒന്നു രണ്ടു പല്ലുകൾ ഇളകിപ്പോയത് അവർ ചിരിക്കുമ്പോൾ വ്യക്തമായി കാണാം.ബാങ്കിൽ വന്നാൽ ഒട്ടും ധൃതി കൂട്ടാതെ അങ്ങിനെ ഇരിക്കും.

മിക്കവാറും ദിവസം അവരോടൊത്തു മകനും ഉണ്ടാവും.അമ്മ പൈസ എടുത്തു കഴിയുന്ന വരെ ആ മോനും മിണ്ടാതെ ഇരിക്കുന്നത് കാണാം.അടയ്ക്ക കച്ചവടം വാഴ കൃഷി പിന്നെ പശുവളർത്തൽ ഇതാണ് അവരുടെ വരുമാനം .ഒരുപാട് അമ്മമാർ വന്നിരുന്ന ബാങ്കിൽ ഇവരെ മാത്രം ശ്രദ്ധിക്കാൻ കാരണം അവരുടെ പേര് ആയിരുന്നു,’തങ്കമാളു ‘ അതാണ് അവരുടെ പേര് . ഇതിനു മുൻപ് അധികം ഞാൻ കേട്ടിട്ടില്ലാത്ത പേര് .

ഒരു ദിവസം കാലത്തു ബാങ്കിൽ ചെന്നപ്പോൾ ഒരു വാർത്ത കേട്ടു,ബാങ്കിലെ വിജയേട്ടനാണ് പറഞ്ഞത് . “സാറെ ഇന്നലെ ഇവിടെ അടുത്ത് ഒരാൾ ഇടിവെട്ടേറ്റു മരിച്ചു .. അറിഞ്ഞില്ലേ ?”

“ഇല്ല” ഞാൻ പറഞ്ഞു .

“പത്രത്തിലെല്ലാം ഉണ്ട്‌ സാർ ” എന്ന് പറഞ്ഞു എന്റെ നേർക്ക് പത്രം നീട്ടി .ഞാൻ ആ പത്രം എടുത്തു നോക്കി.എവിടേയോ കണ്ടു മറന്ന മുഖം.പറമ്പിൽ കെട്ടിയിട്ട പശുവിനെ അഴിക്കാൻ പോയതാണ് ,അവിടെ വച്ച് മിന്നലേറ്റു ഉടൻ മരണം സംഭവിച്ചു .

“സാറെ നമ്മുടെ ബാങ്കിൽ ഇടയ്ക്ക് വരുന്നതാ ” വിജയേട്ടൻ പറഞ്ഞു .

‘ആരാ’ ഞാൻ ചോദിച്ചു

” തങ്കമാളു അമ്മയുടെ മോനാ ,പത്തു മുപ്പത്തഞ്ചു വയസേ ആവുള്ളൂ , പിന്നെ രണ്ടു കൊച്ചു കുഞ്ഞുങ്ങളും ഉണ്ട് ” വിജയേട്ടൻ പറഞ്ഞു.

എന്റെ മനസ് നൊമ്പരം കൊണ്ടു.പ്രകൃതിയുടെ വികൃതിയിൽ ആ അമ്മയും കുഞ്ഞുങ്ങളും വിറങ്ങലിച്ചു പോയിട്ടുണ്ടാവും , തങ്കമാളു അമ്മയുടെ മുഖം മനസ്സിൽ കടന്നു വന്നു.

ഒന്നു രണ്ടു ദിവസങ്ങൾക്കുള്ളിൽ ഞാൻ ആ കാര്യം മറന്നു.ആഴ്ചകൾ കടന്നു പോയി , ഒരു ദിവസം ഞാൻ പതിവ് ജോലിയിൽ മുഴുകി ഇരി‌ക്കുകയായിരുന്നു.ആളനക്കം കേട്ടപ്പോൾ തലയുയർത്തി നോക്കി . എന്റെ മുന്നിൽ വിഷാദം നിറഞ്ഞ കണ്ണുകളുമായി ആ ‘അമ്മ . കൈയിൽ ഒരു പാസ്‌ബുക്ക്‌ ഉണ്ട്,അത്‌ എന്റെ നേർക്കു നീട്ടി പറഞ്ഞു “ഇതിലെ അവകാശിയെ മാറ്റി തരണം സാറെ …”

അവരുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ” എന്റെ കാലശേഷം അവനു വല്ലതും ആയിക്കോട്ടെ എന്ന് കരുതി വച്ചതാ ..പക്ഷേ …” അവർ മുഴുമിപ്പിചില്ല .പെയ്തൊഴിയാതെ എന്ന് കേട്ടിട്ടുണ്ട് അവരുടെ മുഖം കണ്ടപ്പോൾ എനിക്ക് അതാണ് ഓർമ്മ വന്നത്.

കഴിഞ്ഞ ദിവസം ബാങ്കിൽ നിന്നും എന്തോ ഒരു കാര്യത്തിനായി പുറത്തിറങ്ങി.ഇടയ്ക്ക് വല്ലാത്ത ദാഹം തോന്നിയപ്പോൾ ഒരു നാരങ്ങാ വെള്ളം കുടിക്കാനായി അടുത്തുള്ള കടയിൽ കയറി.അങ്ങു അറ്റത്തുള്ള ഒരു ഇരിപ്പിടം കാലിയായിരുന്നു ,ഞാൻ അങ്ങോട്ട് നടന്നു.പെട്ടന്നാണ് പരിചിതമായ മുഖം ശ്രദ്ധിച്ചത് .’തങ്കമാളു അമ്മ , അവരുടെ മുന്നിൽ ഒരു ആറുവയസുകാരി ഇരിപ്പുണ്ട്.

ആ കുഞ്ഞ്‌ ഒരു കുഴലിലൂടെ ഓറഞ്ചു നീരു വലിച്ചു കുടിച്ചോണ്ടിരിക്കുന്നു.മുൻപിലെ പാത്രത്തിൽ ഒരു പഫ്സ്‌ പാതി മുറിച്ചു വച്ചിരിന്നു.ജ്യുസ് ഒരു കവിൾ ഇറക്കി അവൾ ആ പഫ്സ്‌ പതുക്കെ എടുത്തു കടിച്ചു. ആ കുഞ്ഞ്‌ കഴിക്കുന്നത്‌ നോക്കി ഇമവെട്ടാതെ ആ അമ്മ ഇരിക്കുന്നു.എന്നെ കണ്ട മാത്രയിൽ ആ അമ്മ പുഞ്ചിരിച്ചു.

അടുത്തു ചെന്ന് ഞാൻ ചോദിച്ചു ” “ഇതാരാ ?”
അവർ പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു ” എന്റെ മോന്റെ കുഞ്ഞാ അന്ന് പോയില്ലേ അവന്റെ..”

ഞാൻ ആ കൊച്ചിനെ നോക്കി , പക്ഷെ അവൾ ഇതൊന്നും ശ്രദ്ധിക്കാതെ രുചിയോടെ പഫ്സ് കഴിച്ചു കൊണ്ടിരിക്കുന്നു .

“സ്‌കൂൾ തുറക്കാറായില്ലേ ബാഗും മറ്റും മേടിക്കണം , അതിന് എന്റെ കൂടെ വന്നതാ ഇവൾ ” തങ്കമാളു അമ്മ പറഞ്ഞു .ഞാൻ അവരുടെ മുഖത്തേക്ക്‌ നോക്കി അവരുടെ കണ്ണുകളിലെ വിഷാദം കുറഞ്ഞിരുന്നു.ഇപ്പോൾ അതിനു പകരം പ്രത്യാശയുടെ കുഞ്ഞു തിളക്കം കാണാം.എനിക്ക്‌ എന്തോ ഒരു വിഷമം തോന്നി.ഞാൻ ഒന്നും മിണ്ടാതെ അവരുടെ പുറകിലെ കസേരയിൽ ചെന്നിരുന്നു.

മകൻ നഷ്ടപ്പെട്ടെങ്കിലും അതിന്റെ വേദന കടിച്ചമർത്തി ആ കുരുന്നിനെ അച്ഛനില്ലാത്ത കുറവ് അറിയിക്കാതെ ആ അമ്മൂമ്മ, ഇഷ്ടങ്ങൾ എല്ലാം നിറവേറ്റി കൊടുക്കുന്നു.ഈ വയസു കാലത്തും അധ്വാനിക്കുന്നു. മകനു വേണ്ടിയല്ല മകന്റെ സ്വപ്നങ്ങൾക്ക് നിറച്ചാർത്തേകാൻ.പ്രകൃതി തല്ലികെടുത്തിയെങ്കിലും തോൽക്കാൻ മനസ്സില്ലാതെ ഇന്നും പൊരുതുന്ന അമ്മ.ഇറങ്ങാൻ നേരം ഞാൻ ആ കുഞ്ഞിന്റെ തലയിൽ പതുക്കെ തലോടി പുറത്തേക്കു നടന്നു . നാളെ ഇവൾ ഉയർന്ന നിലയിൽ എത്തട്ടെ എന്നു പ്രാർഥിച്ചു കൊണ്ട് .

കടപ്പാട്: Binu chenthamara

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *