Breaking News
Home / Lifestyle / എന്തുകൊണ്ടാണ് ലിവിങ് ടുഗെദർ റിലേഷനിൽ ജീവിക്കുന്നത്

എന്തുകൊണ്ടാണ് ലിവിങ് ടുഗെദർ റിലേഷനിൽ ജീവിക്കുന്നത്

എന്തുകൊണ്ടാണ് ലിവിങ് ടുഗെദർ റിലേഷനിൽ ജീവിക്കുന്നത്..

പലപ്പോഴും ലിവിങ് ടുഗെദർ റിലേഷനുകളെ ‘സെറ്റപ്പെന്നും’ ഒക്കെ വിളിച്ച് കളിയാക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നത് കാണാനാകും. ഞങ്ങളും പലപ്പോഴും സോഷ്യൽ മീഡിയയിൽ ഇത്തരം ആക്ഷേപങ്ങൾ കേട്ടിട്ടുണ്ട്. ലിവിങ് ടുഗെദർ റിലേഷനെന്നത് ഞങ്ങളുടെ ജീവിതത്തിലെ രാഷ്ട്രീയമാണ്. സമൂഹത്തിൽ വിവാഹകെട്ടുകാഴ്ചകളോടുള്ള സമരമാണ് ഞങ്ങൾക്ക് ഞങ്ങളുടെ ഈ ജീവിത രീതി.

മതപരമായോ, നിയമപരമായോ വിവാഹം കഴിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും, ഞങ്ങൾ രണ്ടുപേർക്കും നിലനിൽക്കുന്ന സാമൂഹ്യജീവിതത്തിലെ വിവാഹരീതികളോട് വിയോജിപ്പുകളാണ് ഉള്ളത്.

മതപരമായ ആചാരങ്ങളൂടെ ഭാഗമാണ് നമ്മുടെ സമൂഹത്തിൽ നടക്കുന്ന ഭൂരിഭാഗം വിവാഹങ്ങളും. അതിൽ തന്നെ മിക്കവയും അറേഞ്ച്ഡ് മാര്യേജും. പ്രണയവിവാഹങ്ങളും അറേഞ്ച്ഡ് മാര്യേജുകളും ആയുള്ള അനുപാതം നോക്കിയാൽ, പ്രണയവിവാഹങ്ങൾ വളരെ കുറവാണെന്നത് നമുക്ക് കാണാനാകും. എന്നാൽ ഒരു പെണ്ണുകാണലിൽ തുടങ്ങി, വിവാഹം കഴിക്കാനായി മാത്രം കണ്ടുമുട്ടുന്ന, ആണിനും പെണ്ണിനും പരസ്പരമറിയാനായി വിവാഹത്തിന് മുമ്പ് അവസരം കാര്യമായി ലഭിക്കാത്ത, ആദ്യരാത്രിയെന്ന കെട്ടുകാഴ്ചാവലയത്തിൽ വലിയ പരിചയമില്ലാത്ത ആണും പെണ്ണും ജീവിതം ഒരുമിച്ച് ജീവിക്കാനാഗ്രഹിക്കുന്ന അറേഞ്ച്ഡ് മാര്യേജെന്ന സംവിധാനത്തിലാണ് കൂടുതൽ വിവാഹങ്ങളും ഇന്ന് നടക്കുന്നത്.

ആദ്യരാത്രിമുതൽ രണ്ട്പേർ പരസ്പരം അറിയാനും മനസ്സിലാക്കാനും ആരംഭിക്കുകയാണ്. അവിടെമുതലാണ് വ്യക്തികൾ അവരുടെ ഇഷ്ടങ്ങൾ, താൽപര്യങ്ങൾ, ലൈംഗീകമായ ആഗ്രഹങ്ങൾ, ഫാന്റസികൾ, ജീവിതത്തോടുള്ള കാഴ്ചപ്പാടുകൾ തുടങ്ങി രണ്ടുപേരുടെ പരസ്പര പങ്കുവെക്കലുകളുടേയും മനസ്സിലാക്കലുകളുടേയും ഒക്കെ ആരംഭം. രണ്ടുവ്യക്തികൾ തമ്മിൽ സൌഹൃദം വളരാനായും നല്ല സുഹൃത്തുക്കളാകാനായി പോലും ധാരാളം സമയം വേണ്ടിവരുന്നിടത്താണ് സൌഹൃദത്തേക്കാൾ

ഉത്തരവാദിത്വവും ബാധ്യതയും ധാരണയും ആവശ്യമായ വിവാഹജീവിതത്തിലേക്ക് കാര്യമായ യാതൊരു മനസ്സിലാക്കലുകളും കൂടാതെ രണ്ടുവ്യക്തികൾ കടക്കുന്നത് എന്നത് എത്രയോ വലിയ മണ്ടത്തരമാണ്. പിന്നീടുളള ദിവസങ്ങളിൽ പൊരുത്തങ്ങളേക്കാൾ പൊരുത്തക്കേടുകൾ വരികയും അത്തരം പൊരുത്തക്കേടുകൾ അഡ്ജസ്റ്റ് ചെയ്ത് അഡ്ജസ്റ്റ് ചെയ്ത്, സ്വാഭാവിക ജീവിതം പോലും ഇല്ലാതായി രണ്ടുവ്യക്തികൾ സമൂഹത്തിന് മുമ്പിൽ അഭിനയിക്കേണ്ടി വരികയും, നാലു ചുമരുകൾക്കുള്ളിൽ ശത്രുക്കളേപ്പോലെ ജീവിക്കുകയോ ചെയ്യേണ്ടിവരുന്നു.

നമ്മുടെ സ്വന്തം ജീവിതങ്ങളിലേക്ക് ഒന്നുനോക്കിയാൽ, ഇത്തരം പൊരുത്തക്കേടുകളുടെയോ അകൽച്ചകളുടേയോ നൂറുനൂറ് കാഴ്ചകൾ നമുക്ക് കാണാനാകും. ഇത്തരം പൊരുത്തക്കേടുകളും അകൽച്ചകളുമാണ് പിന്നീട് ഡിവോഴ്സിലേക്ക് വരെ എത്തിച്ചേരുന്നതിന് കാരണമാകുന്നത്. സമൂഹത്തെ പേടിച്ച് ഡിവോഴ്സിലേക്ക് പോകാതെ ആരെയൊക്കെയോ ബോധിപ്പിക്കാനായി ജീവിക്കുന്നവരേയും നമുക്ക് കാണാനാകും. ഇവിടെയാണ് “ജീവിതം ജീവിക്കുകയാണ് വേണ്ടത്” എന്നത് ഞങ്ങൾ ഞങ്ങളുടെ രാഷ്ട്രീയമായി എടുത്തത്. കേവലം ഒരു ചരടിലോ മാലയിലോ കൊരുത്ത താലി കെട്ടി,

കെട്ടിയിടേണ്ടതല്ല ജീവിതങ്ങൾ. കെട്ടിയ ചരടുകളും മാലകളും പൊട്ടുകയോ താലിയൂരുകയോ നിത്യസംഭവങ്ങളാകുമ്പോൾ, ഒരു ചരടും കഴുത്തിൽ കെട്ടാതെ, താലിയിൽ ജീവിതം കുരുക്കാതെ ഞാനും എന്റെ പാർട്ണറും ജീവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ഒരുകാലത്ത് പിരിയേണ്ടി വന്നാൽ പലരും കോടതിവരാന്തയിൽ നിരങ്ങി ജീവിതങ്ങളുടെ വിഴുപ്പുകൾ ഇറക്കുന്നതുപോലെ, ഒരു കോടതിവരാന്തയിലും ഞങ്ങൾക്ക് ഞങ്ങളുടെ വിഴുപ്പുമായി പോകേണ്ടിവരില്ല. ഞങ്ങളുടെ ജീവിതം ഞങ്ങളുടെ മാത്രം ചോയ്സാണ്.

ആരേയും ബോധിപ്പിക്കാനായി ഞങ്ങൾ ജീവിക്കുന്നില്ല, ജീവിക്കുകയുമില്ല. ബന്ധുക്കൾക്കോ സമൂഹത്തിനോ ഞങ്ങളുടെ ഇഷ്ടങ്ങളിലും താൽപര്യങ്ങളിലും ഞങ്ങൾ യാതൊരു സ്പേസും നൽകാറില്ല. ഞങ്ങൾ രണ്ടുവ്യക്തികളല്ലാതെ, മൂന്നാമതൊരാൾക്ക് ഞങ്ങളുടെ തീരുമാനങ്ങളിൽ യാതൊരു സ്ഥാനവും നൽകാറില്ല. ആത്യന്തീകമായി ജീവിത പങ്കാളികളായ ഞങ്ങൾക്കിടയിൽ പരിഹരിക്കാനാകാത്ത ഒന്നും, തീരുമാനമെടുക്കാനാകാത്ത ഒന്നുമില്ല എന്നതാണ് ഞങ്ങളുടെ സന്തോഷവും സ്വാതന്ത്ര്യവും.

ഞങ്ങൾ രണ്ടുപേരുടേയും രണ്ടാം ജീവിതമാണിത്. ആദ്യജീവിതം ഞങ്ങൾക്കുതന്ന പാഠങ്ങളും അനുഭവങ്ങളും തന്നെയാണ് രണ്ടുപേർക്കും ഇത്തരത്തിൽ തീരുമാനമെടുത്ത് മുന്നോട്ട് പോകാനുള്ള ധൈര്യവും ബലവും തന്നത്. കെട്ടിയിടപ്പെടാത്ത, വിരിപ്പാവിനാൽ മൂടിപ്പൊതിയാത്ത ഈ ജീവിതം ഞങ്ങൾ ആസ്വദിക്കുകയാണ്. അഭിമാനിക്കുകയാണ് ഞങ്ങളുടെ ജീവിതത്തിൽ, ഞങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിൽ..

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *