Breaking News
Home / Latest News / വിൽക്കാം വാങ്ങാം പക്ഷേ ഉപയോഗിക്കരുത് തലതിറഞ്ഞ മോട്ടര്‍ നിയമങ്ങള്‍

വിൽക്കാം വാങ്ങാം പക്ഷേ ഉപയോഗിക്കരുത് തലതിറഞ്ഞ മോട്ടര്‍ നിയമങ്ങള്‍

വിൽക്കാം, വാങ്ങാം പക്ഷേ ഉപയോഗിക്കരുത്. പറഞ്ഞുവരുന്നത് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ആഫ്റ്റർ മാർക്കറ്റ് ആക്സസറീസിനെ കുറിച്ചാണ്. വാഹനങ്ങൾ മോഡിഫിക്കേഷനായി ഉപയോഗിക്കാവുന്ന എല്ലാ ഘടകങ്ങളും നാട്ടിൽ സുലഭമായി വാങ്ങാൻ കിട്ടും വിൽക്കുന്നതിലോ ടാക്സ് അടച്ച് വാങ്ങുന്നതിലോ പ്രശ്നമില്ല. ഉപയോഗിക്കുന്നത് മാത്രമാണ് നിയമവിരുദ്ധം.

ഡോക്ടർ സ്റ്റിക്കറും നിയമവിരുദ്ധം

വാഹനത്തിൽ ഡോക്ടറാണെന്ന് തിരിച്ചറിയുന്ന സ്റ്റിക്കർ ഒട്ടിക്കുന്നതിൽ പ്രശ്നമുണ്ടോ? ഇല്ലെന്നാകും സാധാരണക്കാരന്റെ പൊതുവാദം, എന്നാൽ അത് നിയമവിരുദ്ധമാണ്, പിഴ ഈടാക്കാവുന്ന കുറ്റമാണ്. ഡോക്ടർ സിറ്റിക്കർ അല്ല ഒരു സ്റ്റിക്കറും വാഹനത്തിൽ പാടില്ല എന്നാണ് നിയമം. അലോയ് വീലുകൾ, ബുൾബാറുകൾ, സ്റ്റിക്കറുകൾ…

കുഴപ്പമുണ്ടാകില്ല എന്നു കരുതി വാഹനത്തിൽ വരുത്തുന്ന ഈ മാറ്റങ്ങൾ കീശയിലെ പണം ചോർത്തും, പിഴയുടെ രൂപത്തിൽ. മാറ്റങ്ങൾ വരുത്തിയ വാഹന ഉടമകളിൽ നിന്ന് മോട്ടർവാഹന വകുപ്പ് കനത്ത പിഴയാണ് ഈടാക്കുന്നത്. സ്റ്റിക്കർ പതിക്കുന്നതുവരെ നിയമവിരുദ്ധമാണെന്നത് പുതിയ കാര്യമല്ല. പക്ഷേ കോവിഡ് കാലത്ത് കർശനമായി മോട്ടർവാഹന വകുപ്പ് പിഴ ഈടാക്കി തുടങ്ങി.

മോഡിഫിക്കേഷൻ വേണ്ടത് മോട്ടർവാഹന നിയമത്തിനാണോ?

അന്യസംസ്ഥാനങ്ങളും മറ്റു രാജ്യങ്ങളും സുരക്ഷിതമായ മോഡിഫിക്കേഷൻ അനുവദിക്കുമ്പോൾ നമുക്ക് മാത്രമെന്താണ് ഈ നിയമം. ശരിക്കും മോഡിഫിക്കേഷൻ വേണ്ടത് മോട്ടർവാഹന നിയമത്തിനാണോ? ടാക്സും ജിഎസ്ടിയും അടക്കം നൽകി പുതിയൊരു അലോയ് വീലോ, വലുപ്പം കൂടിയ ടയറോ വാഹനത്തിൽ ഘടിപ്പിക്കുന്നത് കുറ്റകരമാണ്. അപ്പോൾ ഇതൊക്കെ വിൽക്കാൻ അനുവദിക്കുന്നത് എന്തിനാണെന്നതാണ് മറുവാദം.

വാഹനത്തിൽ സൺഫീലിം ഒട്ടിക്കാൻ സാധിക്കില്ല പക്ഷേ വാഹന നിർമാതാക്കൾ നൽകുന്ന ടിൻഡഡ് ഗ്ലാസാണെങ്കിൽ അതു നിയമ വിധേയം. മോഡിഫിക്കേഷൻ നിയമവിരുദ്ധമാണ് എന്ന സുപ്രീം കോടതി വിധിയെ ചുവടുപിടിച്ചാണ് മോട്ടർ വാഹന വകുപ്പ് പരിശോധനകൾ നടത്തുന്നത്.

എന്നാൽ നിയമവിധേയമായി വിൽക്കുന്ന ഘടകങ്ങൾ വാഹനങ്ങൾ വാങ്ങി ഫിറ്റ് ചെയ്താൽ നിയമ വിരുദ്ധം. വാഹനത്തിന്റെ സുരക്ഷയ്ക്കും സ്റ്റബിലിറ്റിക്കും കുഴപ്പം വരാത്ത വാഹന മോഡ‍ിഫിക്കേഷന് എന്തുകുഴപ്പമെന്നാണ് പൊതുജനം ചോദിക്കുന്നത്.

പ്രളയത്തിൽ നിയമം ബാധകമല്ല

പ്രളയം അടക്കമുള്ള സമയങ്ങൾ മുഖ്യമന്ത്രിവരെ അഭ്യർത്ഥിച്ചതിൽ പ്രകാരം രക്ഷിക്കാനായി മോഡിഫൈഡ് വാഹനങ്ങൾ ഇറങ്ങിയിരുന്നു. അധികൃതരുടെ അഭ്യർത്ഥനയെത്തുടർന്ന് പെട്ടെന്നു തന്നെ സഹായ വാഗ്ദാനങ്ങളുമായി എത്തിയ ഇവരുടെ സേവനങ്ങൾ ഒരിക്കലും വിസ്മരിക്കാനാകില്ല. എന്നാൽ അന്ന് ഈ സഹായങ്ങളെ വാനോളം വാഴ്ത്തിയവർ ഇന്ന് ഇവരെ തള്ളിപറയുന്ന സാഹചര്യം ആണ്.

ഈ സാഹചര്യത്തിൽ വാഹനങ്ങളിലെ മോഡിഫിക്കേഷനുകൾ അപകടകരമാണോയെന്നു ചർച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. എപ്രകാരമാണ് വാഹനങ്ങളിൽ മോഡിഫിക്കേഷനുകൾ വരുത്തുന്നത്? ഈ മോഡിഫിക്കേഷനുകൾ അപകടങ്ങൾക്കു വഴിവയ്ക്കുന്നുണ്ടോ?

ചില വിരോധാഭാസങ്ങള്‍

∙ മോ‍ഡിഫിക്കേഷനുകളും അപ്ഗ്രഡേഷനുകളുമെല്ലാം നിർമാതാക്കൾ തന്നെ വാഹനങ്ങളിൽ ചെയ്തുകൊടുക്കുന്നുണ്ട്. നിയമപ്രകാരം ഇതൊന്നും തന്നെ ശിക്ഷാർഹവുമല്ല.

∙ അപ്ഗ്രഡേഷൻ ചെയ്യാൻ ഉപയോഗിക്കുന്ന എല്ലാ ഘടകങ്ങളും നിർമാതാക്കൾ നല്ല നിലവാരത്തിൽ നിർമിക്കുന്നതും വിപണിയിൽ വിൽക്കാൻ സർക്കാർ അനുമതി നൽകിയിട്ടുള്ളതുമാണ്. എന്നാൽ അത് വാങ്ങി വാഹനത്തിൽ വയ്ക്കുമ്പോൾ കുറ്റകരമാകുന്നു.

∙ ഒരേ വസ്തുക്കൾ തന്നെയാണ് ഉപയോഗിക്കുന്നതെങ്കിലും വികസിത രാജ്യങ്ങളിൽ അനുവദനീയമായ കാര്യങ്ങൾ (വെഹിക്കിൾ മോഡിഫിക്കേഷനുകൾ) ഇവിടെ കുറ്റകരമാണ്. അതുകൊണ്ടുതന്നെ നമ്മുടെ മോട്ടോർ വെഹിക്കിൾ നിയമത്തിന് കാലഘട്ടത്തിന് അനുസരിച്ച മാറ്റങ്ങൾ അനിവാര്യമാണ്.

അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന 4×4 ഓഫ്റോഡ് വാഹനങ്ങളെ കാലഹരണപ്പെട്ടതും ഭേദഗതി ചെയ്യേണ്ടതുമായ നിയമം മൂലം ദുരിതത്തിലാക്കാതെ, ശാസ്ത്രീയമായി പഠനം നടത്തി വേണ്ട അംഗീകാരം നൽകേണ്ടതാണ് എന്നാണ് ഇത്തരം വാഹനങ്ങളുടെ ഉടമകൾക്ക് പറയാനുള്ളത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *