Breaking News
Home / Latest News / 36 വർഷമായി കട്ടിൽ ചുമന്നു ജീവിക്കുന്നു എഴുപത്താറു വയസുള്ള അശോകൻ

36 വർഷമായി കട്ടിൽ ചുമന്നു ജീവിക്കുന്നു എഴുപത്താറു വയസുള്ള അശോകൻ

ഫാനിന്റെ കീഴിലിരുന്നു ജോലി ചെയ്തു മാസാമാസം പോക്കറ്റ് നിറയെ ശമ്പളം വാങ്ങിക്കുന്ന സർക്കാർ ജോലിക്കാർ പുറത്തേക്ക് ഒന്ന് ഇറങ്ങി നോക്കണം. അപ്പോൾ കാണാം ഈ നാട്ടിൽ ജീവിക്കാൻ വേണ്ടി ഓരോരുത്തർ ചെയ്യുന്ന ജോലികൾ എന്തൊക്കെയാണെന്ന് .

തലയിൽ കട്ടിൽ ചുമന്നു വില്പന നടത്തി കുടുംബം പുലർത്തുകയാണ് എഴുപത്താറു വയസുള്ള കരുനാഗപ്പള്ളി സ്വദേശി അശോകൻ. 36 വർഷമായി ഈ പണി തുടരുന്നു.

എല്ലാദിവസവും രാവിലെ കട്ടിലും ചുമന്ന് അശോകൻ ഇറങ്ങും. എപ്പോൾ വിൽപന നടക്കുന്നുവോ അതുവരെ കട്ടിൽ തലയിൽ തന്നെ. അതും ഭാരമുള്ള തടി കട്ടിൽ. ഗ്രാമ പ്രദേശങ്ങളിൽ ആണ് വിൽപന ഏറെയും .

കരുനാഗപ്പള്ളിയിൽ നിന്ന് ലോറിയിൽ മൂന്നോ നാലോ കട്ടിൽ കൊണ്ടുവന്ന് ഒരിടത്തു സൂക്ഷിക്കും. അവിടെനിന്നു ഓരോന്നായി എടുത്തു തലയിൽ ചുമന്നു നടന്നാണ് വിൽപ്പന. നടന്നു മടുക്കുമ്പോൾ വഴിപോക്കരുടെ സഹായത്തോടെ താഴെ ഇറക്കി വച്ച് കുറേനേരം ഇരുന്നു ക്ഷീണം മാറ്റും. കട്ടിലിൽ ഇരുന്നുതന്നെയാണ് വിശ്രമം. ക്ഷീണം മാറുമ്പോൾ വഴി യാത്രക്കാരുടെ സഹായത്തോടെ വീണ്ടും കട്ടിൽ തലയിലേറ്റി ഒരു നടപ്പാണ്.

”കട്ടിലേ… കട്ടിൽ” എന്ന് വിളിച്ചുകൊണ്ടു പോക്കറ്റ് റോഡിലൂടെയെല്ലാം നടന്നു നീങ്ങും. മഴയും വെയിലുമൊന്നും പ്രശ്നമല്ല. ചില ദിവസങ്ങളിൽ ഇരുപത് കിലോമീറ്ററോളം നടന്നിട്ടുണ്ടെന്ന് അശോകൻ പറയുന്നു. ഒന്നോ രണ്ടോ എണ്ണം വിറ്റാലായി. ഒന്നും വിറ്റു പോകാത്ത ദിവസങ്ങളും ഉണ്ട് .

വാങ്ങുന്നവരാകട്ടെ വില പേശി ഏറ്റവും കുറഞ്ഞവിലക്കേ വാങ്ങൂ. തലച്ചുമടായി കൊണ്ടുവരുന്നതുകൊണ്ട് ഗുണമേന്മ കുറഞ്ഞതാണെന്ന തോന്നൽ പലർക്കും ഉണ്ട്. കടയിൽ നിന്നാണെങ്കിൽ ഇതേ കട്ടിൽ പറയുന്ന വിലയ്ക്ക് വാങ്ങാൻ ആളുകൾക്ക് മടിയില്ല താനും. അശോകൻ പറയുന്നു.

മഴക്കാലത്തു വിൽപ്പന ബുദ്ധിമുട്ടാണ്. വേനലിൽ പൊള്ളുന്ന വെയിലിനെ അവഗണിച്ചും വില്പനയ്ക്കായി ഇറങ്ങും. ജീവിക്കണ്ടായോ? അശോകൻ ചോദിക്കുന്നു. ഒരു സ്ഥലത്ത് ഒരിക്കൽ പോയാൽ പിന്നെ ഒരു കുറെ ദിവസം കഴിഞ്ഞേ ആ സ്ഥലത്തേക്ക് പോകാറുള്ളൂ. പല ജില്ലകളിലും തലച്ചുമടായി നടന്നു കച്ചവടം നടത്താറുണ്ടെന്നു അശോകൻ പറയുന്നു.

ലോക് ഡൗൺ കാലത്ത് രണ്ടുമൂന്നു മാസം വില്പന നടത്താനാവാതെ വീട്ടിൽ ഇരിക്കേണ്ടി വന്നു. അത് വരുത്തിവച്ച സാമ്പത്തിക നഷ്ടം ചില്ലറയല്ല. ഇപ്പോഴാകട്ടെ വില്പന തീർത്തും കുറവാണ്. കോവിഡ് ഭയത്താൽ ആളുകൾ വീട്ടിലേക്ക് അടുപ്പിക്കാറേയില്ല. സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിചെയ്തില്ലെങ്കിലും ശമ്പളം കിട്ടും. ഞങ്ങളുടെയൊക്കെ കാര്യം അങ്ങനെയാണോ? അശോകൻ ചോദിക്കുന്നു .

കോവിഡ് വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധിയിൽ മാസത്തിൽ ആറുദിവസത്തെ ശമ്പളം താത്കാലികമായി മാറ്റിവയ്ക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ ബഹളം വയ്ക്കുകയും ഉത്തരവ് കത്തിക്കുകയും ചെയ്ത സർക്കാർ ജീവനക്കാർ കണ്ണ് തുറന്നൊന്നു നോക്കണം. അപ്പോൾ കാണാം ഇതുപോലുള്ള കുറെ ജീവിതങ്ങളും ചുറ്റും ഉണ്ട് എന്ന്. അന്നന്നത്തെ വരുമാനം കൊണ്ട് അടുപ്പു പുകയ്ക്കുന്ന പാവങ്ങൾ. കോവിഡ് തല്ലി തളർത്തിയിട്ട ജീവിതങ്ങൾ .

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *