Breaking News
Home / Latest News / ഞാൻ അച്ഛന്റെ തോളോപ്പം വളർന്നപ്പോൾ അച്ഛന് ഒരു കൂട്ടുകാരിയെ കിട്ടി എന്ന് പറയാം

ഞാൻ അച്ഛന്റെ തോളോപ്പം വളർന്നപ്പോൾ അച്ഛന് ഒരു കൂട്ടുകാരിയെ കിട്ടി എന്ന് പറയാം

ജിനി ഗോപാലിന്റെ ഫേസ്ബുക് പോസ്റ്റ് :

ഇന്ന് ലോക അൽഷിമേഴ്‌സ് ദിനം.. ഈ ചിത്രം ഇവിടെ പങ്കുവെക്കുന്നു എന്തിനാണെന്നോ ഓർമയുടെ ഇതളുകൾ കൊഴിഞ്ഞുപോയിട്ടും, ഓർമ്മകൾ ഇല്ലാതെയും എറ്റവും സന്തോഷമുള്ള മനോഹരമായ ഒരു ജീവിത സായാഹ്നം സാധ്യമാണെന്ന് തെളിയിച്ച ഒരു അച്ഛനും മകളും… ഓർമ്മകൾ മാഞ്ഞു പോയവർക്ക്, അവരെ പരിചരിക്കുന്ന കുടുംബങ്ങൾക്ക്, സമൂഹത്തിനു ഞങ്ങൾ എന്നും ഒരു ഉദാഹരണവും ഊർജ്ജവും ആയിരിക്കട്ടെ…

വൈദ്യശാത്രത്തിൽ ഫലപ്രദമായ മരുന്ന് കണ്ടു പിടിച്ചിട്ടില്ലായിരിക്കാം. പക്ഷേ മരുന്നുണ്ട്.. ഫലപ്രദവുമാണ്. സ്നേഹം.. ക്ഷമ… പരിചരണം എന്റെ അഞ്ചു വർഷത്തെ അച്ഛനുമായുള്ള അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ ഒരുപാട് കുടുംബങ്ങൾക്ക് പകച്ചു പോകാതെ മുന്നോട്ടു പോകാനുള്ള ഊർജ്ജം പകരാൻ ഉപകരിക്കുന്നുണ്ട്.അന്നത്തെ പ്രായത്തിൽ എങ്ങനെ എനിക്കതൊക്കെ സാധിച്ചു എന്ന് ചോദിച്ചാൽ എനിക്കും ഇപ്പോൾ അത്ഭുതം തോന്നുന്നുണ്ട്. ജീവിതത്തിൽ ഉടനീളം ഞങ്ങക്ക് പരസ്പരം ആഴത്തിലുള്ള ഒരു സ്നേഹം ഉണ്ടായിരുന്നു.ഞാൻ അച്ഛന്റെ തോളോപ്പം വളർന്നപ്പോൾ അച്ഛന് ഒരു കൂട്ടുകാരിയെ കിട്ടി എന്ന് പറയാം.എനിക്കും.സ്നേഹം !

അതുകൊണ്ട് മാത്രമാണ് ഒറ്റക്ക് ആയി പോയിട്ടും പ്രതിസന്ധികൾ ഒരുപാട് നേരിടേണ്ടി വന്നിട്ടും എന്റെ കരിയറും ജീവിതവും ഒക്കെമാറ്റിവെച്ചു കൂടെ തന്നെ നിർത്തി സംരക്ഷിച്ചത്. കുട്ടിയായിരുന്നപ്പോൾ ഒരു ഒറ്റപുത്രിക്ക് ഉണ്ടാവുന്ന എല്ലാ വാശികളും നിർബന്ധബുദ്ധിയും ഞാൻ കാണിച്ചിട്ടുണ്ട്.എല്ലാ വാശികളും നിർബന്ധങ്ങളും സാധിച്ചെടുത്തിട്ടുമുണ്ട് “കൊച്ച് “എന്ന് പറഞ്ഞാൽ വീട്ടിൽ പ്രധാനമന്ത്രിയെ പോലെയാണ്.വലിയ പ്രാധാന്യമുള്ള കഥാപാത്രം ആയിരുന്നു. ഞാനും എന്റെ കാര്യങ്ങളും കഴിഞ്ഞേ വീട്ടിൽ എന്തുമുള്ളു.

എന്റെ സ്വഭാവരൂപികരണത്തിലും വ്യക്തിത്വത്തിലും അച്ഛന് നല്ല പങ്കുണ്ട്…എനിക്ക് കിട്ടിയ പേരെന്റിങ്നെ ഒരുപാട് നന്ദിയോടെയും സ്നേഹത്തോടെയും മാത്രമേ ഓർത്തെടുക്കാൻ കഴിയൂ … ഇതൊക്കെ പറഞ്ഞത് എന്താണെന്ന് വെച്ചാൽ അച്ഛന്റെ അവസാനകാലത്ത് എന്റെ കുട്ടികാലത്തെ വികൃതികളെ പത്തുകൊണ്ട് ഗുണിച്ചു എനിക്ക് തിരിച്ചു തന്നു..എല്ലാതരത്തിലും ചെറിയ കുട്ടികളെ പോലെയായി.ഒന്ന് കൈ വിട്ടിട്ട് എനിക്ക് മാറാൻ കഴിയില്ലായിരുന്നു.താഴെ വീഴും അല്ലെങ്കിൽ അപകടമുണ്ടാകുന്ന രീതിയിൽ എന്തെങ്കിലും ചെയ്യും.പാതി ഉറങ്ങി എണീറ്റ ദിവസങ്ങൾ… രാത്രിയും പകലും തമ്മിൽ തല തിരിഞ്ഞ ദിവസങ്ങൾ,എല്ലാത്തിനും ഞാൻ വേണം. എന്തൊക്കെ നുണ പറഞ്ഞു ഭക്ഷണവും മരുന്നും കൊടുത്തിരിക്കുന്നു..

ഉറങ്ങാൻ എന്തൊക്കെ പാട്ട് പാടി..വെള്ളത്തിൽ കളി ഹോ എന്റെ ഈശ്വരാ… കുളി എന്ന് പറഞ്ഞാൽ യുദ്ധം എന്നാണ്..വഴക്ക്,കരച്ചിൽ, ബഹളം…കണ്ണ് തെറ്റിയാൽ ഇറങ്ങി പോകും,ഇഷ്ടമുള്ള സാധനങ്ങൾ കണ്ടാൽ വാശി പിടിക്കും.ഇഷ്ടം ഇല്ലാത്തവരെ കണ്ടാൽ ബഹളം വെക്കും. തീയിലും വെള്ളത്തിലും പോവാതെ ഇടം വലം തിരിയാതെ ഞാൻ ഉണ്ടായിരുന്നു കൂടെ….

വാർധക്യ സഹജമായ അസുഖങ്ങൾ വേറെയും…ഓരോ ദിവസവും എഴുന്നേൽക്കുമ്പോൾ ഓരോ രീതി ആണ്.. ചില ദിവസങ്ങളിൽ കുഞ്ഞുവാവ … ചില ദിവസങ്ങളിൽ കുഞ്ഞുവാവ യുള്ള ഒരച്ഛൻ… ചില ദിവസങ്ങൾ കോളേജിൽ പഠിക്കുന്ന മോളുള്ള അച്ഛൻ .. ചില ദിവസങ്ങൾ മകൾക്ക് വിവാഹം അന്വഷിക്കുന്ന അച്ഛൻ,ചില ദിവസങ്ങൾ സ്കൂളിൽ പോകുന്ന കുട്ടി.ചിലപ്പോൾ ബാങ്കിൽ പോകണം, താലൂക്കിൽ പോകണം, കൂട്ടുകാരെ കാണാൻ പോകണം.ജോലിക്ക് പോകണം.

ചുരുക്കത്തിൽ ആനുകാലിക ഓർമ്മകൾ ഇല്ല.പാട്ട് പാടണം ഞാനും കൂടെ പാടണം കേൾക്കണം.. പാവകൊണ്ടും പന്ത് കൊണ്ടും കളിക്കണം ഞാനും വേണം കൂടെ. പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞുകൊണ്ടിരിക്കും. പരസ്പരബന്ധം ഉണ്ടാവില്ലെന്ന് ഞാൻ പ്രതേകിച്ചു പറയണ്ടല്ലോ. ആരെയും അങ്ങനെ തിരിച്ചറിയില്ല.ഞാനില്ലാതെ ഇത്തിരി സമയം പോലും പറ്റില്ല.. പക്ഷേ കൃത്യമായി ഞാൻ ആരാണെന്ന് അറിയില്ല.എപ്പോഴും കൂടെ ഉള്ളതുകൊണ്ടു ഏറ്റവും പ്രിയപ്പെട്ട ഒരാൾ.എന്റെ പേരൊഴികെ മറ്റെല്ലാം മറന്നു.. പഴയ ഓർമ്മകൾ ഇടവിട്ട് കൃത്യമായി സജീവം..

ഏറ്റവും പ്രധാനപെട്ട കാര്യം കളിച്ചു ചിരിച്ചു കൊഞ്ചിച്ചു കൊണ്ട് നടക്കാൻ ഒരാൾ കൂടെതന്നെ ഉണ്ടെങ്കിൽ ഏറെ കുറെ ഒക്കെയാണ്…ഞാൻ എന്നെ മുഴുവനായും അതിനായി മാറ്റി വെച്ചതുകൊണ്ട് സാധാരണ പ്രായമായവർക്ക് ഉണ്ടാകുന്ന യാതൊരു വൈകാരിക സുരക്ഷിതകുറവും എന്റെ അച്ഛനിൽ കണ്ടിട്ടില്ല. Dementia യുള്ള ഒരാൾ വീട്ടിൽ ഉണ്ടാകുമ്പോൾ പരിചരിക്കുന്നവരുടെ വ്യക്തിജീവിതത്തെ, മാനസികഘടനയെ,കരിയറിനെ,ഇക്കോണമിയെ അതെങ്ങനെ ബാധിക്കുമെന്ന് എനിക്ക് നന്നായി അറിയാം. അതിനെയൊക്കെ എല്ലാ അർത്ഥത്തിലും ഭംഗിയായി അതിജീവിച്ച ഒരാളാണ് ഞാൻ.

പക്ഷേ പ്രായമാകുമ്പോൾ കൂടിയ അളവിൽ മക്കളെ ആശ്രയിച്ചു ജീവിക്കണം എന്ന അഭിപ്രായം എനിക്കില്ല. അവഗണിക്കരുത്.സ്നേഹം, വൈകാരിക സുരക്ഷിതത്വം, സാമ്പത്തിക സുരക്ഷ ഇവ കൊടുക്കണം. എന്നാലും ആരെയും ആശ്രയിക്കേണ്ട കാര്യമില്ല എന്ന തരത്തിൽ മാനസികമായി തയ്യാറെടുക്കുന്നതു നന്നാവും. മറ്റു വികസിത രാജ്യങ്ങളിൽ പ്രായമായവർ സ്റ്റേറ്റിന്റെ കൂടി ഉത്തരവാദിത്തം ആണ്. ഉയർന്ന സാമൂഹിക സുരക്ഷയുണ്ട്. സാമ്പത്തിക സുരക്ഷയുണ്ട്.നമ്മുടെ നാട്ടിൽ കൃത്യമായ പെൻഷൻ പ്ലാൻ എത്ര ആളുകൾക്കുണ്ട്? സർക്കാർ സേവനം ചെയ്തിട്ടുള്ളവർക്ക് ആനുപാതിക പെൻഷൻ.

അല്ലാത്തവർക്ക് 1000 രൂപയിൽ താഴെയുള്ള പെൻഷൻ.അത് കൊണ്ട് മുതിർന്ന പൗരൻമാരുടെ സുരക്ഷ ഉറപ്പായെന്ന് തോന്നുന്നുണ്ടോ? 12ആം ക്ലാസ് വരെയുള്ള സർക്കാരിന്റെ നിർബന്ധിത വിദ്യാഭ്യാസ പദ്ധതി പോലെ വായോജനങ്ങൾക്കും ആവശ്യമായ സുരക്ഷ ഉണ്ടാവണം.അത് ആവശ്യമാണ്. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കുവേണ്ടി ധാരാളം ആളുകൾ സംസാരിക്കുന്നത് കേൾക്കുന്നുണ്ട്.

പക്ഷേ വയോജനങ്ങളുടെ അവകാശങ്ങൾ ക്ക് വേണ്ടി അധികം ആരും അങ്ങനെ സംസാരിച്ചു കാണുന്നില്ല. മാറ്റങ്ങൾക്ക് വേണ്ടി ഞാൻ ആഗ്രഹിക്കുന്നു. Dementia ഫ്രണ്ട്‌ലിയായ ഒരു സൊസൈറ്റിക്കുവേണ്ടി പല സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. ഒപ്പം ഞാനും ഉണ്ടാകും. അത് ഉണ്ടാകുന്നത് വരെ. ഒരു ധാർമിക പിന്തുണ അത്രയെ ആവശ്യമുള്ളു. അൽഷിമേഴ്‍സ് ന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് എന്റെ അനുഭവങ്ങൾ പങ്ക് വെക്കാൻ ഞാൻ തയ്യാറാണ്… നന്ദി

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *