Breaking News
Home / Latest News / അമ്മയുടെ ആ കുഞ്ഞു നുണയാണ് എന്നെ ഇല്ലായ്മ വിളിച്ചു പറയുന്നതിനേക്കാൾ ഉള്ളതിൽ സംതൃപ്തി കണ്ടെത്താൻ പഠിപ്പിച്ചതും

അമ്മയുടെ ആ കുഞ്ഞു നുണയാണ് എന്നെ ഇല്ലായ്മ വിളിച്ചു പറയുന്നതിനേക്കാൾ ഉള്ളതിൽ സംതൃപ്തി കണ്ടെത്താൻ പഠിപ്പിച്ചതും

അതൊരു സങ്കടത്തിന്റെ ഓർമയാണ്.

ആറാം ക്ലാസ്സിൽ പഠിക്കുന്ന സമയം. പുല്ലു മേഞ്ഞ വീട്ടിൽ ഉള്ള സമ്പത്ത് എത്രയെന്നു ഊഹിച്ചാൽ മതി . എങ്കിലും പട്ടിണി കിടന്നിട്ടില്ല അന്ന് വരെ. പക്ഷെ അന്ന് രാവിലെ പല്ല് തേക്കുമ്പോൾ കണി കണ്ടത് ആകെ ഉള്ള ഇത്തിരി മണ്ണിൽ അവിടവിടെ ആയി നിൽക്കുന്ന ചേമ്പ് പറിച്ചെടുക്കുന്ന അമ്മയെ ആണ്.

ചേമ്പ് കറിയാവും ഇന്ന്… എന്ന് വിചാരിച്ച എന്നെ മണ്ടിയാക്കികൊണ്ട് അമ്മ ആകെയുള്ള നാല് ചെറുചേമ്പും രണ്ടു ചെറിയ കാച്ചിൽ കിഴങ്ങും തൊലി കളഞ്ഞ് ഉപ്പിട്ട് അടുപ്പത്ത് വെച്ചു. അപ്പോഴാണ് കാര്യം പിടികിട്ടിയത്. അരി കഴിഞ്ഞിട്ട് രണ്ടു ദിവസം ആയി. ഇന്നലെ അടുത്ത വീട്ടിൽ നിന്ന് കടം വാങ്ങിയതാണ്.

അന്നും ഇന്നും കിട്ടുന്നതെന്തും പരാതിയില്ലാതെ കഴിക്കാൻ പഠിപ്പിച്ചത് അമ്മയും അരി കടം വാങ്ങാൻ ആഴ്ചയിൽ നാല് ദിവസം ഞാൻ തന്നെ നടത്തുന്ന അയൽവീട്ടിലെക്കുള്ള ഓട്ടവും ആയിരുന്നു.

അന്നാണ് എന്റെ അമ്മ ആദ്യമായി നുണ പറയുന്നത് ഞാൻ കേട്ടത്. അതൊരു വല്ലാത്ത അവസ്ഥയായിരുന്നു അമ്മക്ക്. പുഴുങ്ങിയ ചേമ്പും കഴിച്ചു ഞാൻ അടുക്കള വാതിൽക്കൽ കുത്തിയിരിക്കുന്നു. അമ്മ മുറ്റത്ത്‌ വിറകു ഒടിക്കുന്നു. അപ്പോഴാണ്‌ വീട്ടിൽ സ്ഥിരമായി വരാറുള്ള ഒരാൾ വന്നത്. അടുത്ത വീട്ടിലെ ചേച്ചി. വരുന്നത് അവരുടെ പശുവിനു കൊടുക്കാൻ കഞ്ഞിവെള്ളം എടുക്കാൻ വേണ്ടിയാണ്. പഴകിയ കഞ്ഞിവെള്ളം പുറത്തൊരു കലത്തിൽ ഒഴിച്ച് വെക്കാറാണ്‌ പതിവ്.

ബക്കറ്റുമായ് വരുന്ന ചേച്ചിയെ കണ്ടപ്പോൾ ഞാൻ അമ്മയെ ഒന്ന് നോക്കി. അമ്മ എന്നെയും. കലത്തിലേക്ക് നോക്കി ചേച്ചി അമ്മയോട് ചോദിച്ചു .. വെള്ളം ഇല്ലേടീ.?? ഞാൻ ആകാംഷയോടെ അമ്മയെ നോക്കി. അമ്മ എന്ത് മറുപടി പറയും എന്ന് കേൾക്കാൻ അത്രക്കും ആകാംഷ…

അമ്മ ചിരിച്ചുകൊണ്ട് അവരോടു പറഞ്ഞു. ” ഇന്നലെ വെച്ച ചോറ് കുറെ ബാക്കി ഇരിപ്പുണ്ട്. അത് കൊണ്ട് രാവിലെ വെച്ചില്ല”.
അമ്മയുടെ ആ കുഞ്ഞു നുണയിലെ വലിയ സമൃദ്ധി എനിക്ക് ഇഷ്ട്ടപ്പെട്ടു. പക്ഷെ അന്ന് അമ്മയുടെ മുഖത്ത് പ്രതിഫലിച്ച വല്ലായ്മ ഇന്നും എനിക്കൊർമയുണ്ട്. “നുണ പറയരുത്” എന്ന് പഠിപ്പിച്ചു വളർത്തുന്ന തന്റെ കുഞ്ഞിന്റെ മുൻപിൽ വച്ച് തന്നെ നുണ പറയേണ്ടി വന്ന അമ്മയുടെ മാനസികാവസ്ഥ എനിക്ക് ഊഹിക്കാൻ കഴിഞ്ഞിരുന്നു.

പക്ഷെ അമ്മയുടെ ആ കുഞ്ഞു നുണയാണ് എന്നെ ഇല്ലായ്മ വിളിച്ചു പറയുന്നതിനേക്കാൾ ഉള്ളതിൽ സംതൃപ്തി കണ്ടെത്താൻ പഠിപ്പിച്ചതും…..

രചന :-Princy Tijo…

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *