Breaking News
Home / Latest News / എനിക്കെന്റെ കുഞ്ഞിനെ ഏറ്റുവാങ്ങാനോ ഒന്നു കാണുവാനോ കഴിഞ്ഞില്ല ആരോഗ്യപ്രവര്‍ത്തന്റെ കുറിപ്പ്

എനിക്കെന്റെ കുഞ്ഞിനെ ഏറ്റുവാങ്ങാനോ ഒന്നു കാണുവാനോ കഴിഞ്ഞില്ല ആരോഗ്യപ്രവര്‍ത്തന്റെ കുറിപ്പ്

‘സുഹൃത്തുക്കളേ

ജീവിതത്തിലെ ഒരു പ്രത്യേക സാഹചര്യത്തിലൂടെ കടന്നു പോവുകയാണ് ഞാനിപ്പോള്‍. കോവിഡ് ബാധിച്ച് ഞാനിപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റാണ്. പ്രത്യേകിച്ച് രോഗലക്ഷണങ്ങളോ ബുദ്ധിമുട്ടോ ഇതുവരെ ഇല്ല. എന്റെ പ്രൈമറി കോണ്‍ടാക്ടിലുള്ള എല്ലാവരും നെഗറ്റിവ് ആയിരിക്കുകയാണ്. എന്നാലും അമ്മയും അച്ഛനും ഭാര്യയും ഉള്‍പ്പെടെ എല്ലാവരും ക്വാറന്റീനില്‍ തന്നെയാണ്.

ഐസലേഷന്‍ ഡ്യൂട്ടി എടുക്കുമ്പോഴല്ല എനിക്ക് രോഗം കിട്ടിയത് എന്നറിയുമ്പോഴാണ് ഇതിന്റെ ഗുരുതരാവസ്ഥ നമ്മള്‍ മനസ്സിലാക്കേണ്ടത്.ഭാര്യയുടെ പ്രസവം അടുത്തതിനാല്‍ ഞാന്‍ ഐസലേഷന്‍ ഡ്യൂട്ടിയില്‍ നിന്നു മാറിയിരിക്കുകയായിരുന്നു. കാഷ്വാലിറ്റിയില്‍ ഡ്യൂട്ടി എടുക്കുമ്പോള്‍ യാതൊരുവിധ സമ്പര്‍ക്കമോ യാത്രയോ നടത്തിയിട്ടില്ലാത്ത ഒരു പയ്യന്റെ അടുത്തു നിന്നാണ് എനിക്കും കൂടെയുള്ള 2 സ്റ്റാഫുകള്‍ക്കും രോഗം വന്നത്.

മസ്തിഷക ജ്വരം ബാധിച്ച പയ്യന്‍ മരുന്നുകള്‍ എടുക്കുന്നതിനോ ചികിത്സയ്ക്ക് സഹകരിക്കുകയോ ചെയ്തില്ല. അവനെ അനുനയിപ്പിച്ച് ചികിത്സ നല്‍കിയപ്പോള്‍ ആണെനിക്ക് രോഗം കിട്ടിയത്. ആ സമയത്ത് ഞാന്‍ മാസ്‌ക് ധരിക്കുകയും കൈകള്‍ നന്നായി വൃത്തിയായി കഴുകുകയും സാനിറ്റൈസര്‍ ഇടുകയും ചെയ്തു. എന്നിട്ടും എനിക്ക് അസുഖം വരികയായിരുന്നു.

അതുമൂലം എനിക്ക് പ്രസവസമയത്ത് ഏതൊരാളും, ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നപോലെ അവളുടെ അടുത്ത് ചെല്ലാന്‍ പറ്റിയില്ല, സ്ഥലത്തുണ്ടായിട്ടു പോലും എനിക്കെന്റെ കുഞ്ഞിനെ ഏറ്റുവാങ്ങാനോ ഒന്നു കാണുവാനോ കഴിഞ്ഞില്ല.

ഞാനപ്പോഴെല്ലാം ക്വാറന്റീന്‍ ആയിരുന്നു. ഇനിയും ഒരു മാസത്തോളം കാത്തിരിക്കണം കുഞ്ഞിനെയൊന്നു കാണാന്‍.
എന്റെ രോഗം സ്ഥിരീകരിച്ച ഉടന്‍ ഭാര്യയേയും കുഞ്ഞിനേയും ഐസലേഷനിലേക്ക് മാറ്റി. തുടര്‍ന്നുള്ള പരിശോധനയില്‍ ഭാര്യ നെഗറ്റീവ് ആവുകയും ചെയ്തു.

ഞാന്‍ നന്നായി തന്നെ ക്വാറന്റീന്‍ പാലിച്ചിരുന്നതിനാല്‍ കൂടെയുള്ളവര്‍ നെഗറ്റീവ് ആവുമെന്ന് ഉറപ്പായിരുന്നു.
എന്നിരുന്നാലും ഞങ്ങള്‍ക്കെല്ലാവര്‍ക്കും മാനസികമായി വിഷമതകള്‍ അനുഭവിക്കേണ്ടി വന്നു. ഒറ്റപ്പെടലുകള്‍ അനുഭവിക്കേണ്ടിയും വന്നു. എന്റെ കോണ്‍ടാക്ടിലുള്ള ആളുകള്‍ക്കും ഇതു പോലെ വിഷമങ്ങളും ഒറ്റപ്പെടലുകളും അനുഭവിക്കേണ്ടി വന്നു.

ഞങ്ങള്‍ക്ക് ചികിത്സയുടെ ഭാഗമായി Psychology കണ്‍സള്‍ട്ടേഷനുമെല്ലാം ലഭിച്ചിരുന്നു.
എന്നാലും കുഞ്ഞിനെയും ഭാര്യയേയും കാണാത്തതിനാലും പലരുടെയും ഒറ്റപ്പെടത്തലുകളും കുറ്റപ്പെടുത്തലുകളാലും എനിക്കും എന്റെ കുടുംബത്തിനും ചെറിയ വേദനകള്‍ ഇപ്പോഴും മനസ്സിലുണ്ട്.

പലരും ഞങ്ങള്‍ ചെയ്ത നല്ല കാര്യങ്ങളെല്ലാം മറന്നു. മുന്‍പ് ആരോഗ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നില്‍ നിന്നു ലഭിച്ച സഹായങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ എല്ലാം മറന്നു. ഇപ്പോള്‍ പലരും പേടിയോടും വൈരാഗ്യത്തോടും അറപ്പോടും കൂടിയാണ് നോക്കിക്കാണുന്നത്. നമ്മളും മനുഷ്യരാണെന്നും ഞങ്ങള്‍ക്കും വികാരങ്ങളുണ്ടെന്നും മറന്നു. ഇത് എന്റെ മാത്രം കാര്യമല്ല എല്ലാ ആരോഗ്യപ്രവര്‍ത്തകരും അനുഭവിക്കുന്നതാണിത്.

എനിക്ക് രോഗം വന്നത് ഞാന്‍ കൂട്ടുകാരോടൊപ്പം കൂട്ടം കൂടി നിന്നതുകൊണ്ടല്ല, മാസ്‌ക് താടിയില്‍ വച്ചതു കൊണ്ടല്ല, അനാവശ്യമായ യാത്രകള്‍ നടത്തിയതു കൊണ്ടല്ല എന്റെ ജോലി കൃത്യമായി ചെയ്തതു കൊണ്ടാണ്.
രോഗം ഭേദമായി പുറത്തിറങ്ങി ക്വാറന്റീന്‍ കഴിഞ്ഞു എനിക്ക് ഈ ജോലി തന്നെയാണ് വീണ്ടും ചെയ്യേണ്ടത്. ഞാനുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാവരും ഇത്തരത്തിലുള്ള അപകടസാധ്യതയുള്ള അന്തരീക്ഷത്തില്‍ തന്നെയാണ് ജോലി ചെയ്യുന്നത്.

ഞങ്ങള്‍ ശുശ്രൂഷിക്കുന്ന രോഗികളാരും ഞങ്ങളുടെ ബന്ധുക്കാരോ മിത്രങ്ങളോ അല്ല. എന്നാലും ഞങ്ങളെല്ലാരും ആത്മാര്‍ത്ഥമായാണ് ഓരോ രോഗിയേയും പരിപാലിക്കുന്നത്. കാരണം അവരെല്ലാം മറ്റു പലരുടെയും അച്ഛനോ അമ്മയോ മകനോ സഹോദരങ്ങളോ ഒക്കെയാണെന്നുള്ള ഉത്തമ ബോധ്യം ഞങ്ങള്‍ക്ക് ഉണ്ട്.

എന്നാല്‍ നിങ്ങളില്‍ പലരുമെന്താണ് ചെയ്യുന്നത് മാസ്‌ക് ഇടാതെ, സാമൂഹിക അകലം പാലിക്കാതെ , ഗവണ്‍മെന്റും ആരോഗ്യ വകുപ്പും പറയുന്നതനുസരിക്കാതെ കൂട്ടം കൂടി നില്‍ക്കുന്നു. നിങ്ങള്‍ അറിയാതെ രോഗം നിങ്ങളുടെ ഉറ്റവര്‍ക്ക് നല്‍കുന്നു.

സമ്പര്‍ക്കമോ യാത്രയോ നടത്തിയിട്ടില്ലാത്ത 19 കാരനില്‍ നിന്നും ഇത്രയും മുന്‍കരുതലുകള്‍ എടുത്ത ഞങ്ങള്‍ക്ക് രോഗം വന്നെങ്കില്‍ എല്ലാ സാധാരണ ജനങ്ങളും പേടിക്കേണ്ട അവസ്ഥയാണുള്ളത്. നിങ്ങള്‍ക്കെപ്പോള്‍ വേണേലും രോഗം പിടിപെടാം. സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കാരില്‍ നിന്നോ സഹപ്രവര്‍ത്തകരില്‍ നിന്നോ ആരില്‍ നിന്നുമാവാം.

ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കൂ. മാസ്‌ക് ധരിക്കൂ… സാമൂഹിക അകലം പാലിക്കുക.
കുറച്ചു കാലം വീട്ടില്‍ തന്നെയിരുന്നാല്‍ കുറച്ചു കഴിഞ്ഞാല്‍ ലോകം കാണാം. ഇപ്പോള്‍ ലോകം കാണാനിറങ്ങിയാല്‍ വീട്ടിനുള്ളില്‍ പടമായിരിക്കാം.

NB:  ഈ ദിവസങ്ങളിലെല്ലാം ഞങ്ങളെ വിളിക്കുകയും അന്വേഷിക്കുകയും മാനസികമായും പ്രായോഗിക പരമായും സഹായിച്ച ഒട്ടനവധി സുമനസ്സുകള്‍ ഉണ്ട്. അവര്‍ക്കെല്ലാവര്‍ക്കും മനസ്സു നിറഞ്ഞ് നന്ദി അറിയിക്കുന്നു.
എന്ന് പുരുഷ നഴ്‌സായ

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *