Breaking News
Home / Latest News / വിധവകൾ രണ്ടാമത് വിവാഹം കഴിക്കുന്നത് കാമമോഹം കൊണ്ടോ സനിത മനോഹറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വിധവകൾ രണ്ടാമത് വിവാഹം കഴിക്കുന്നത് കാമമോഹം കൊണ്ടോ സനിത മനോഹറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നമ്മുടെ സമൂഹം വിധവകളുടെ പുനർവിവാഹത്തെക്കുറിച്ച് എങ്ങനെയാണ് നോക്കിക്കാണുന്നത്? വിധവകൾ മരിച്ചു പോയ ഭർത്താവിനെ ധ്യാനിച്ച് കുട്ടികളെയും നോക്കി അടങ്ങിയൊതുങ്ങി ജീവിക്കണമെന്നാണ് സമൂഹത്തിലെ ഭൂരിഭാഗവും ആഗ്രഹിക്കുന്നതെന്ന് മാധ്യമപ്രവർത്തകയായ സനിതാ മനോഹർ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സനിത മനോഹറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:

നാൽപത്തിയഞ്ച് വയസ്സുള്ള ഭർത്താവ് മരിച്ച കുട്ടികളുള്ള എന്റെയൊരു സുഹൃത്ത് വിവാഹിതയാവാൻ തീരുമാനിച്ചപ്പോൾ അവളുടെ കുടുംബത്തിലെ ചിലരുടെ (ഭൂരുഭാഗവും സ്ത്രീകളുടെ) പ്രതീകരണം ഇങ്ങനെയായിരുന്നു.

ഈ വയസ്സിൽ ഇവൾക്കിതിന്റെ വല്ല ആവശ്യവുമുണ്ടോ? നാണക്കേട് . മക്കളുടെ വിവാഹം നടത്തേണ്ട നേരത്ത് . കുടുംബത്തിൽ പിറന്ന സ്ത്രീകളാരും ഇതിനു മുതിരില്ല ‘ ആശങ്കപ്പെടുന്നവർ വിദ്യാ സമ്പന്നരാണേ. കുടുംബത്തിൽ പിറന്നവരും . വിവാഹത്തിനുള്ള തീരുമാനം അവളുടെയാണ് . മക്കളും സന്തോഷത്തിലാണ് അമ്മയുടെ തീരുമാനത്തിൽ .

അയാളുടെയും അവളുടെയും മക്കൾ ചേർന്നാണ് അവരുടെ വിവാഹം നടത്തുന്നതും. അവളുടെ തീരുമാനം ആയതുകൊണ്ടാവും ചിലരൊക്കെ തൊടുപുഴയിലെ സംഭവവും ഓർമിപ്പിക്കുന്നുണ്ട്. അതൊരു അപൂർവ്വ സംഭവമാണെന്നറിയാമായിരുന്നിട്ടും അച്ഛനും അമ്മാവനും ചേട്ടനും ഒക്കെ ചേർന്ന് അന്വേഷിച്ച് നടത്തിയ വിവാഹത്തിൽ ക്രൂരരായ പുരുഷന്മാരെ കണ്ടിട്ടും ചിലർ നിഷ്‌കളങ്കമായി പറയുകയാണ്. തന്നിഷ്ടത്തിന് അനുഭവിക്കുമെന്ന്.

ഒരാൾക്കൊപ്പം അയാളുടെ കുട്ടികളെയും പ്രസവിച്ചു വളർത്തി സന്തോഷകരമായി ജീവിക്കാനാവുന്നത് നല്ലതു തന്നെ. ആ പ്രിവിലേജിൽ നിന്ന് കൊണ്ട് പതി വ്രതയാവുകയോ കുടുംബത്തിൽ പിറന്നതിൽ ഊറ്റം കൊള്ളുകയോ എന്ത് വേണമെങ്കിലും ആയിക്കോളൂ .

ഭർത്താവിന്റെ മരണം കൊണ്ടോ കൂട്ടിനു കിട്ടിയ പുരുഷൻ മോശക്കാരാനാവുന്നതു കൊണ്ടോ കുട്ടികളെയും കൊണ്ട് മറ്റൊരാൾക്കൊപ്പം ജീവിക്കുന്ന സ്ത്രീകളെ വിധിക്കാൻ നിൽക്കരുത്. വിവാഹ മോചിതരായാലും വിധവകളായാലും കുട്ടികളുണ്ടെങ്കിൽ അവരെയും നോക്കി ശിഷ്ട ജീവിതം നയിക്കുകയാണ് കുടുംബത്തിൽ പിറന്ന സ്ത്രീകൾ ചെയ്യേണ്ടതത്രെ .

ഈ നിബന്ധനകളൊന്നും പുരുഷന് ബാധകമല്ല താനും. പുരുഷന് ഭാര്യ മരിച്ചതാണെങ്കിൽ ഒരു മാസം കഴിയുമ്പോൾ തന്നെ പുനർ വിവാഹിതനാവാം. വിവാഹ മോചനമാണെങ്കിൽ തൊട്ടടുത്ത ദിവസം തന്നെ ആവാം.

അയ്യോ അല്ലെങ്കിൽ കുഞ്ഞുങ്ങളെയും കൊണ്ട് അയാളെങ്ങിനെ തനിച്ച്. വിധവാപുനർ വിവാഹത്തിനുള്ള അവകാശം പൊരുതി നേടിയിട്ടുണ്ടെങ്കിലും വിധവകൾ മരിച്ചു പോയ ഭർത്താവിനെ ധ്യാനിച്ച് കുട്ടികളെയും നോക്കി അടങ്ങിയൊതുങ്ങി ജീവിക്കുന്നത് കാണാനാണ് കേരളീയ സമൂഹത്തിലെ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്.

അങ്ങിനെ കുട്ടികളെയും കൊണ്ട് തനിച്ച് ജീവിക്കാൻ ഒരു സ്ത്രീ തീരുമാനിച്ചാലോ നാട്ടുകാരുടെയും വീട്ടുകാരുടെയും നിരന്തരമുള്ള നിരീക്ഷണത്തിലായിരിക്കും അവർ. മക്കളെയും കൊണ്ടു തനിച്ച് താമസിക്കുന്ന, നാട്ടിലോ അയൽ പക്കത്തോ കുടുംബത്തിലോ ഉള്ള സ്ത്രീകളുടെ വിഷമങ്ങളിലോ ബുദ്ധിമുട്ടുകളിലോ ആശങ്ക ഉണ്ടായില്ലെങ്കിലും അവർ നിറമുള്ള സാരിയുടുത്താൽ ,ഒന്നുറക്കെ ചിരിച്ചാൽ ,സിനിമയ്ക്ക് പോയാൽ,അവരുടെ വീട്ടിൽ മറ്റൊരു പുരുഷനെ കണ്ടാൽ വല്ലാത്ത അസ്വസ്ഥതയാണ് ഇക്കൂട്ടർക്ക് .

എനിക്കറിയാവുന്ന ഭൂരിഭാഗം വിധവകളും പുനർ വിവാഹിതരാവാതെ ജീവിക്കുന്നത് നാട്ടുകാരെയും വീട്ടുകാരെയും മക്കളെയും ഒക്കെ ഭയന്നിട്ടാണ്. ആദ്യ വിവാഹത്തിൽ സന്തോഷകരമായ ജീവിതമായിരുന്നെങ്കിൽ മരിക്കും വരെ മനസ്സിലുണ്ടാവും ആ ജീവിതം.മാഞ്ഞുപോവുകയൊന്നുമില്ല .

ഒരു കൂട്ട് വേണമെന്ന് അവർ ആഗ്രഹിക്കുന്നത് മരിച്ചുപോയ ഭർത്താവിനെ മറന്നു പോയത് കൊണ്ടോ കാമമോഹം കൊണ്ടോ അല്ല. മറിച്ചു തങ്ങൾ അനുഭവിക്കുന്ന അസഹനീയമായ ഏകാന്തതയിൽ നിന്ന് അരക്ഷിതാവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ്. എട്ടു വർഷം മുന്നേ ഭർത്താവ് മരിച്ച കൂട്ടുകാരിയോട് ഒരു പുനർ വിവാഹത്തെ കുറിച്ചാലോചിച്ച് കൂടെ എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞത് വീട്ടിൽ ആരും അതേകുറിച്ച് ആലോചിക്കുന്നു പോലുമില്ല എന്നാണ്.

ഈ അവസ്ഥ ഒരു പുരുഷന് ഒരിക്കലും ഉണ്ടായിട്ടുണ്ടാവില്ല. അവനെ മറ്റൊരു വിവാഹത്തിനായി നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും നിരന്തരം നിർബന്ധിച്ചുകൊണ്ടിരിക്കും. അവൾ വിവാഹം കഴിക്കുമ്‌ബോൾ അത്ഭുതപ്പെടുന്ന സമൂഹം അവൻ വിവാഹം കഴിക്കാതിരുന്നാലാണ് അത്ഭുതപ്പെടുക .

കാമുകന്റെ മരണത്തോടെ മറ്റൊരു വിവാഹത്തിന് തയ്യാറാവാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയോട് ആഗ്രഹിച്ചതാണോ ഇങ്ങനെയൊരു ജീവിതം എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് – അപ്രതീക്ഷിതമായിരുന്നു മരണം .കുറച്ച് കാലത്തേയ്ക്ക് മറ്റൊന്നും ചിന്തിക്കാനാവുമായിരുന്നില്ല.

പിന്നീട് ഒരു ജീവിതമാവാമെന്നു തോന്നിയപ്പോഴേക്കും യഥാർത്ഥ പ്രണയിനിയെന്ന വിശേഷണത്തിൽ വാഴ്ത്തപ്പെട്ടവളായി കഴിഞ്ഞിരുന്നു. അതിനെ മറി കടന്നു ഇനിയൊരു ജീവിതം സാധ്യമാവുമെന്നു തോന്നുന്നില്ല എന്നാണ്.

പുനർ വിവാഹിതരായി സന്തോഷത്തോടെ ജീവിക്കുന്ന എത്രയോ സ്ത്രീകളെ കണ്ടിട്ടുണ്ട്. ആദ്യ വിവാഹവും രണ്ടാം വിവാഹവും പരാജയമായപ്പോൾ മൂന്നാമതൊരു കൂട്ട് കണ്ടുപിടിച്ച് സുഖമായി ജീവിക്കുന്ന സ്ത്രീയെ അറിയാം. അയാളുടെ മക്കളും അവരുടെ മകളും ചേർന്നുള്ള ഭംഗിയുള്ള ജീവിതത്തെ കുറിച്ച് അവർ സന്തോഷത്തോടെ സംസാരിക്കാറുണ്ട് .

മൂന്നാമത്തെ വിവാഹത്തിന് മുതിർന്നപ്പോൾ നാലാമത്തേത് എന്നാണെന്ന് ചോദിച്ചു പരിഹസിച്ചവരോട് അവർ പറഞ്ഞത് ഇയാൾക്കൊപ്പം ജീവിക്കട്ടെ എന്നിട്ട് പറയാമെന്നാണ്.വിവാഹം സ്ത്രീകൾക്ക് അത്യാവിശ്യമാണെന്നോ ആൺ തുണ കൂടിയേ തീരൂ എന്നോ കരുതുന്നില്ല.പക്ഷെ ഒരു കൂട്ട് വേണമെന്ന് തോന്നുന്നുവെങ്കിൽ വിവാഹ മോചിതരായാലും വിധവകളായാലും മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുക തന്നെയാണ് ചെയ്യേണ്ടത്.

കുടുംബത്തിൽ പിറന്നവരുടെ വിവരമില്ലായ്മ കേട്ട് പിന്നോട്ട് നടക്കേണ്ടതില്ല. അവരവരുടെ ജീവിതം ജീവിക്കാനുള്ള അവകാശം ഓരോരുത്തർക്കും ഉണ്ട്.അത് സന്തോഷ പ്രദമാക്കാൻ മറ്റുള്ളവർക്ക് ഉപദ്രവമാകാത്ത എന്ത് മാർഗ്ഗവും സ്വീകരിക്കാം.സഹനമല്ല സന്തോഷമാണ് ജീവിതത്തിൽ ഉണ്ടാവേണ്ടത്. നമ്മുടെ ജീവിതം അളക്കാൻ വരുന്ന സമൂഹത്തെ ശ്രദ്ധിക്കുകയെ വേണ്ട.കുറെ കഴിയുമ്‌ബോൾ നിർത്തിക്കൊള്ളും .

സമൂഹത്തെ ഭയന്ന് ജീവിതം ഇരുട്ടിലാക്കിയ , സ്വപ്നങ്ങളെ മരവിപ്പിച്ച ഒരുപാട് സ്ത്രീകളുണ്ട് നമുക്ക് ചുറ്റും .അവരോടാണ് . ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ ആവട്ടെ കിട്ടിയ കൂട്ട് ക്രൂരമാണെന്നു തോന്നുന്നുവെങ്കിൽ ഇറങ്ങിപ്പോരാൻ ധൈര്യം കാണിക്കുക .

മക്കളെ നോക്കേണ്ട കടമയെ ഉള്ളൂ.അവർക്കു വേണ്ടി സ്വന്തം സന്തോഷം ത്യജിച്ച് ത്യാഗമതികളാവേണ്ട കാര്യമൊന്നും ഇല്ല.വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ഉയർച്ചയുണ്ടെന്നൊക്കെ പറയാമെന്നല്ലാതെ അതുകൊണ്ടു ഉണ്ടാവേണ്ട മാനസിക വികാസമൊന്നും ഇനിയും ആർജ്ജിച്ചിട്ടില്ലാത്ത ഒരു സമൂഹത്തിൽ നിന്ന് യാതൊരു പിന്തുണയും പ്രതീക്ഷിക്കേണ്ടതില്ല.സ്വയം ശക്തരാവുകയാണ് ചെയ്യേണ്ടത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *