Breaking News
Home / Latest News / യുവാക്കൾക്കായി ധോണി വാശിപിടിച്ചു ധോണിയുടെ കാര്യത്തിലും അതുമതി ഗംഭീർ

യുവാക്കൾക്കായി ധോണി വാശിപിടിച്ചു ധോണിയുടെ കാര്യത്തിലും അതുമതി ഗംഭീർ

മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ചൂടുപിടിക്കുന്നതിനിടെ, മുൻ ക്യാപ്റ്റനെതിരെ ഒളിയമ്പെയ്ത് മുൻ ഇന്ത്യൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. ധോണിയുടെ വിരമിക്കലിനെ വൈകാരികമായി സമീപിക്കുന്നതിനു പകരം പ്രായോഗിക തീരുമാനങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് ഗംഭീർ അഭിപ്രായപ്പെട്ടു. ക്യാപ്റ്റനായിരുന്ന സമയത്ത് ധോണി ഭാവി താരങ്ങളിൽ വിശ്വാസമർപ്പിച്ചതുപോലെ, ധോണിയുടെ കാര്യത്തിൽ തീരുമാനമെടുക്കുമ്പോഴും അവസരം കാത്തിരിക്കുന്ന യുവതാരങ്ങളെ പരിഗണിക്കണമെന്ന് ഗംഭീർ ആവശ്യപ്പെട്ടു.

ലോകകപ്പ് ക്രിക്കറ്റോടെ ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും, ലോകകപ്പിനു തിരശീല വീണ് ദിവസങ്ങൾ പിന്നിടുമ്പോഴും അദ്ദേഹം മനസ്സു തുറന്നിട്ടില്ല. ഇതിനിടെയാണ് ധോണിയുടെ കാര്യത്തിൽ ‘പ്രായോഗിക തീരുമാന’ങ്ങളാണ് ആവശ്യമെന്ന് ചൂണ്ടിക്കാട്ടി ഗംഭീർ രംഗത്തെത്തിയത്. ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന വെസ്റ്റിൻഡീസ് പര്യടനത്തിൽ ധോണി ടീമിലുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ടീമിനെ ഇന്നു പ്രഖ്യാപിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും ഇത് ഞായറാഴ്ചത്തേക്കു മാറ്റിയിട്ടുണ്ട്.

ഭാവി കൂടി പരിഗണിച്ചാണ് തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതെന്ന് ഗംഭീർ ചൂണ്ടിക്കാട്ടി. ‘ധോണി ക്യാപ്റ്റനായിരുന്ന സമയത്ത് ഭാവിയിലേക്കു നോക്കിയാണ് അദ്ദേഹം തീരുമാനങ്ങളെടുത്തിരുന്നത്. ഒരിക്കൽ ഓസ്ട്രേലിയയിൽവച്ച്, എനിക്കും സച്ചിനും സേവാഗിനും സിബി ടൂർണമെന്റിൽ ഒരുമിച്ച് അവസരം നൽകാൻ സാധിക്കില്ലെന്ന് ധോണി പറഞ്ഞത് ഓർക്കുന്നു. ഗ്രൗണ്ട് വലുതാണ് എന്നതായിരുന്നു കാരണം’ – ഗംഭീർ പറഞ്ഞു.

‘ലോകകപ്പിൽ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകണമെന്നായിരുന്നു അന്ന് ധോണിയുടെ നിലപാട്. അദ്ദേഹം ടീമിൽ ആഗ്രഹിച്ചതും യുവതാരങ്ങളെത്തന്നെ. വൈകാരികമായി കാര്യങ്ങളെ സമീപിക്കുന്നതിനേക്കാൾ പ്രധാനം പ്രായോഗികമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ്. മാത്രമല്ല, ഇത് യുവതാരങ്ങളെ വളർത്തിയെടുക്കേണ്ട സമയമാണ്. അത് ഋഷഭ് പന്തോ, സഞ്ജു സാംസണോ, ഇഷാൻ കിഷനോ ഇവരൊന്നുമല്ലാതെ മറ്റൊരു വിക്കറ്റ് കീപ്പറോ ആകാം. ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പറാകാൻ കഴിവുണ്ടെന്ന് കരുതുന്ന ആരായാലും അവസരം ഉറപ്പാക്കണം’ – ഗംഭീർ പറഞ്ഞു.

യുവതാരങ്ങൾക്ക് ആവശ്യത്തിന് അവസരം ഉറപ്പാക്കിയില്ലെങ്കിൽ, ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്താൻ അവർക്കു സാധിക്കില്ലെന്നും ഗംഭീർ ചൂണ്ടിക്കാട്ടി. ‘ഒരു താരത്തെ പരീക്ഷിക്കുമ്പോൾ ഒന്നര വർഷം അദ്ദേഹത്തിന് അവസരം നൽകുക. ടീമിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നുണ്ടോ എന്നു നോക്കുക. ഇല്ലെങ്കിൽ അടുത്തയാളെ പരീക്ഷിക്കുക. അടുത്ത ലോകകപ്പ് മുൻനിർത്തി ടീമിന്റെ വിക്കറ്റ് കീപ്പറെ കണ്ടെത്തേണ്ടത് ഇങ്ങനെയല്ലേ?’ – മുപ്പത്തേഴുകാരനായ ഗംഭീർ ചോദിച്ചു.

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ് ധോണിയെന്ന് സമ്മതിച്ച ഗംഭീർ, ഇന്ത്യ നേടിയ എല്ലാ വിജയങ്ങൾക്കും ധോണിക്കു മാത്രം ക്രെഡിറ്റ് നൽകുന്നത് ശരിയായ രീതിയില്ലെന്നും അഭിപ്രായപ്പെട്ടു. ടീം തോൽക്കുമ്പോൾ അദ്ദേഹത്തെ മാത്രം കുറ്റപ്പെടുത്തുന്നതും നീതിയല്ലെന്ന് ഗംഭീർ ചൂണ്ടിക്കാട്ടി.

‘കണക്കുകൾ നോക്കിയാൽ, ധോണി തന്നെയാണ് മികച്ച ക്യാപ്റ്റനെന്നു കാണാം. എന്നാൽ, മറ്റു ക്യാപ്റ്റൻമാർ മോശമാണെന്ന് അതുകൊണ്ട് അർഥമില്ല. സൗരവ് ഗാംഗുലിയും മികച്ച ക്യാപ്റ്റനായിരുന്നു. അദ്ദേഹത്തിനു കീഴിൽ ഇന്ത്യയ്ക്ക് പുറത്ത് നമ്മൾ മികച്ച വിജയങ്ങളും നേടിയിട്ടുണ്ട്.

വിരാട് കോലിക്കു കീഴിൽ ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പരയും ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പരയും നമ്മൾ നേടി. 2007ലും 2011ലും ക്യാപ്റ്റനെന്ന നിലയിൽ ധോണി നമുക്കു ലോകകപ്പ് നേടിത്തന്നിട്ടുണ്ട് എന്നത് വാസ്തവമാണ്. എന്നാൽ, അതിന്റെയെല്ലാം സമ്പൂർണ ക്രെഡിറ്റ് ധോണിക്കു നൽകുന്നത് ശരിയല്ല. ടീം തോൽക്കുമ്പോൾ അദ്ദേഹത്തെ മാത്രം പഴിചാരുന്നതിനെയും അനുകൂലിക്കാനാകില്ല’ – ഗംഭീർ പറ‍ഞ്ഞു.

‘ധോണി നമുക്ക് ലോകകപ്പും ചാംപ്യൻസ് ട്രോഫിയും നേടിത്തന്നിട്ടുണ്ട്. ശരിതന്നെ. മറ്റു ക്യാപ്റ്റൻമാരും നമ്മെ മുന്നോട്ടു നയിച്ചവരാണ്. അധിക കാലം ക്യാപ്റ്റനല്ലാതിരുന്നിട്ടുകൂടി അനിൽ കുംബ്ലെ ടീമിന് ശ്രദ്ധേയമായ സംഭാവനകൾ നൽകി. ഇംഗ്ലണ്ടിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് രാഹുൽ ദ്രാവിഡെന്ന കാര്യവും മറക്കരുത്’ – ഗംഭീർ പറഞ്ഞു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *