Breaking News
Home / Latest News / വിജയിക്കണം എന്ന തീവ്രമായ ആഗ്രഹത്തോടെ പ്രവർത്തിക്കുന്നവർക്ക് ഏതൊരു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനാകും

വിജയിക്കണം എന്ന തീവ്രമായ ആഗ്രഹത്തോടെ പ്രവർത്തിക്കുന്നവർക്ക് ഏതൊരു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനാകും

വിജയിക്കണം എന്ന തീവ്രമായ ആഗ്രഹത്തോടെ പ്രവർത്തിക്കുന്നവർക്ക് ഏതൊരു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനാകും എന്നതിന് ഉദാഹരണമാണ് കൽപന സരോജിന്റെ ജീവിതകഥ. ഏറ്റവും പരിതാപകരമായ ജീവിതാന്തരീക്ഷത്തെ മാറ്റിമറിച്ച് അത്ഭുതകരമായ വിജയങ്ങൾ സ്വന്തമാക്കിയ കൽപന ഇന്ത്യയിലെ അറിയപ്പെടുന്ന വ്യവസായിയാണ്. പ്രതിദിനം ലഭിച്ചിരുന്ന രണ്ടു രൂപ വേതനത്തിൽനിന്ന് അവർ രണ്ടായിരം കോടി ആസ്തിയുള്ള വ്യവസായത്തിന്റെ തലപ്പത്തേക്ക് വളർന്നത് തന്റേടവും ഇച്ഛാശക്തിയും കൊണ്ടു മാത്രമാണ്.

മഹാരാഷ്ട്രയിലെ റോപ്പർഘട ഗ്രാമത്തിൽ ഒരു ദളിത് കുടുംബത്തിലാണ് കൽപനയുടെ ജനനം. പിതാവ് പൊലീസ് സേനയിലെ ഒരു കോൺസ്റ്റബിൾ. മൂന്നു സഹോദരിമാരും രണ്ടു സഹോദരന്മാരും. ദളിത് സമൂഹം അനുഭവിച്ചിരുന്ന സാമൂഹിക തിരസ്കാരങ്ങൾ ചെറുപ്പം മുതൽ കൽപന അനുഭവിച്ചിരുന്നു. പഠനത്തിൽ താൽപര്യമുണ്ടായിരുന്നെങ്കിലും സ്കൂളിലെ സഹപാഠികളിൽനിന്നും അധ്യാപകരിൽനിന്നും ലഭിച്ചത് അവഗണനകൾ മാത്രം.

അന്നാട്ടിലെ സാമൂഹിക ആചാരംപോലെ 1973 ൽ പന്ത്രണ്ടാമത്തെ വയസിൽ കൽപനയുടെ വിവാഹം നടന്നു. വിവാഹ ശേഷം ഭർത്താവുമൊത്ത് മുംബൈയിലെ ഒരു ചേരിപ്രദേശത്ത് വസിച്ച അവൾക്ക് അനുഭവിക്കേണ്ടി വന്നത് ഭർത്താവിന്റെ ക്രൂരമായ പീഡനങ്ങൾ. തന്റെ മകളുടെ ദയനീയ സ്ഥിതി മനസിലാക്കിയ പിതാവ് ആറു മാസത്തിനുള്ളിൽ അവളെ തിരിച്ചു വീട്ടിലെത്തിച്ചു.

ഭർത്താവിനെ ഉപേക്ഷിച്ചു തിരികെ വീട്ടിലെത്തിയ കൽപനയെ സമൂഹം ഒറ്റപ്പെടുത്തി. വേദന താങ്ങാനാവാതെ വിഷം കുടിച്ച് അവൾ ആത്മഹത്യയ്ക്കു ശ്രമിച്ചു. എന്നാൽ ചികിൽസയിലൂടെ ജീവിതത്തിലേക്കു മടങ്ങി. പതിനാറാമത്തെ വയസിൽ ജോലി തേടി മുംബൈയിലുള്ള അമ്മാവന്റെ അടുത്തെത്തി. ഒരു വസ്ത്ര നിർമാണശാലയിൽ രണ്ടു രൂപ ദിവസക്കൂലിയിൽ തുന്നൽ ജോലി ലഭിച്ചു.

പിന്നീട് തയ്യൽ മെഷീൻ ഉപയോഗിക്കുന്നതിൽ വിദഗ്ധയായി. കഠിന പരിശ്രമത്താൽ വസ്ത്രങ്ങൾ നിർമിച്ചു പണം സ്വരൂപിച്ചു തുടങ്ങി. പിതാവ് റിട്ടയർ ചെയ്തതോടെ കുടുംബാംഗങ്ങളെ മുംബൈയിൽ എത്തിച്ചു. ഇതിനിടെ ഒരു സഹോദരി രോഗബാധയാൽ മരണപ്പെട്ടു. ചികിൽസിക്കാനുള്ള പണമുണ്ടായിരുന്നെങ്കിൽ തന്റെ സഹോദരിയെ രക്ഷപ്പെടുത്താനാകുമായിരുന്നു എന്ന ചിന്തയിൽ നിന്നുമാണ് പണമുണ്ടാക്കാനായി ബിസിനസ് തുടങ്ങുന്നത്.

21–ാം വയസിൽ 50,000 രൂപ ലോണെടുത്ത് ഫർണിച്ചർ വ്യാപാരം തുടങ്ങി. പിന്നീട് ബ്യൂട്ടി പാർലറും റിയൽ എസ്റ്റേറ്റ് ബിസിനസും തുടങ്ങി. തൊഴിലാളികളുടെ ഉടമസ്ഥതയിലായിരുന്ന കമാനി ട്യൂബ്സ് എന്ന കമ്പനി സാമ്പത്തികമായി തകർന്നടിഞ്ഞപ്പോൾ അത് ഏറ്റെടുത്തു.

ഒരു ദളിത് വനിത വ്യാപാര രംഗത്ത് ചുവടുറപ്പിച്ചപ്പോൾ നിരവധി എതിർപ്പുകളും ആക്രമണങ്ങളുമുണ്ടായി. എന്നാൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം തന്റേടത്തോടെയും ആത്മാഭിമാനത്തോടെയും ജീവിക്കുക എന്ന ഡോക്ടർ അംബേദ്കറുടെ വാചകം എന്നും പ്രചോദനമായി. 2013 ൽ പത്മശ്രീ ബഹുമതി നൽകി രാഷ്ട്രം കൽപനയെ ആദരിച്ചു.

സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തീകരിക്കാത്ത കൽപന ഇന്ന് ലോകമെമ്പാടും നിരവധി വേദികളിൽ മാനേജ്മെന്റ് ക്ലാസുകളും പ്രചോദന പ്രഭാഷണങ്ങളും നടത്തുന്നു. സിനിമ നിർമാതാവ് കൂടിയായ കൽപന ഭാരത സർക്കാരിനു കീഴിലുള്ള ഭാരതീയ മഹിളാ ബാങ്കിന്റെ ഡയറക്ടറാണ്. ഏതൊരു വെല്ലുവിളികളെയും തടസ്സങ്ങളെയും അതിജീവിച്ചുകൊണ്ട് ജീവിതം നൽകിയ പാഠങ്ങളിലൂടെ കൽപന സരോജ് തന്റെ പ്രവർത്തന മേഖലകളിൽ ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുന്നു. സാമൂഹിക സന്നദ്ധ സേവന പ്രവർത്തനങ്ങളിലും മാതൃകയാണ് കൽപന.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *