Breaking News
Home / Latest News / വെറും എട്ടു മാസം കുറച്ചത് 67 കിലോ അതും അമ്മ പറഞ്ഞ ഇ രീതിയിൽ വൈറൽ കുറിപ്പ്

വെറും എട്ടു മാസം കുറച്ചത് 67 കിലോ അതും അമ്മ പറഞ്ഞ ഇ രീതിയിൽ വൈറൽ കുറിപ്പ്

ജീവിതശൈലിയും രോഗങ്ങളുമൊക്കെ കാരണം അമിതവണ്ണക്കാർ പെരുകുകയാണിന്ന്. ടീനേജ് കടക്കുംമുമ്പേ പൊണ്ണത്തടിയുള്ളവരുടെ പട്ടികയിൽ പെടുന്ന യുവാക്കൾ ഏറെയുണ്ട്. അത്തരക്കാരെ കാണുമ്പോൾ കളിയാക്കാനും ഭക്ഷണം കുറയ്ക്കൂ എന്ന് ഉപദേശിക്കാനുമൊക്കെ തുടങ്ങും മുമ്പ് ഒരു കാര്യം അറിയേണ്ടതുണ്ട്, എല്ലാവരിലും അശ്രദ്ധമായ ഭക്ഷണരീതി മാത്രമല്ല അമിതവണ്ണം ഉണ്ടാക്കുന്നത്. രോഗങ്ങളും അവയ്ക്കു കഴിക്കുന്ന മരുന്നുകളുമൊക്കെ വണ്ണം കൂട്ടാൻ സാധ്യതയുണ്ട്. സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന വിനീത് ഡൊമിനിക് എന്ന യുവാവിന്റെ അനുഭവക്കുറിപ്പ് അതിനുദാഹരണമാണ്.

ഇരുപത്തിയാറിലേക്കു കടക്കാനിരിക്കുന്ന വിനീതിന്റെ കുട്ടിക്കാലവും സ്കൂൾ–കോളജ് പഠനകാലങ്ങളുമൊക്കെ പലരുടെയും കളിയാക്കലുകൾക്ക് ഇരയായാണ് കഴിഞ്ഞു പോയത്. നൂറുകിലോയ്ക്കു മീതെ പോയ വിനീത് എന്നും കേട്ടിരുന്ന കാര്യം ഡയറ്റ് ചെയ്യാനായിരുന്നു. പക്ഷേ അവർക്കാർക്കും അറിയാത്ത ഒരു കാര്യമുണ്ടായിരുന്നു, വിനീതിന്റെ വണ്ണത്തിന്റെ കാരണം അവന്റെ ജീവിതശൈലിയോ അമിത ഭക്ഷണോ ഒന്നുമല്ല രോഗത്തെ തുടർന്നു കഴിച്ച മരുന്നുകളാണ്. കളിയാക്കുന്നവർക്കെല്ലാം ചുട്ടമറുപടി നൽകാൻ വിനീതിനു താങ്ങായത് അവന്റെ അമ്മയായിരുന്നു. അമ്മയുടെ സ്നേഹവും കരുതലും പിന്തുണയും ഒക്കെ ചേർന്നപ്പോൾ വെറും എട്ടുമാസം കൊണ്ട് 67 കിലോയാണ് വിനീത് കുറച്ചത്. വിനീതിന്റെ വാക്കുകളിലേക്ക്…

”ഒരു സങ്കീർണമായ പ്രസവത്തിലുണ്ടായ കുഞ്ഞായിരുന്നതിനാൽ മൂന്നാമത്തെ വയസുവരെയും ഞാനൊരു തൂക്കം കുറഞ്ഞ കുട്ടിയായിരുന്നു. അപകടകരമായ അലർജി നേരിട്ടിരുന്നതിനാൽ േഡാക്ടർമാർ എനിക്കു നൽകിയിരുന്ന സ്റ്റിറോയ്ഡിന്റെ അളവും കൂട്ടി, ഇത് എന്റെ തൂക്കവും കൂട്ടിത്തുടങ്ങി. സ്കൂൾകാലങ്ങളിൽ പൊണ്ണത്തടിയുണ്ടായിരുന്ന എന്നെ സുഹൃത്തുക്കളൊക്കെ കളിയാക്കി പല പേരുകളും വിളിക്കുമായിരുന്നു. അതവർ തമാശയ്ക്കു ചെയ്യുന്നതാണെന്നാണ് പറഞ്ഞിരുന്നത്. ചിലപ്പോഴൊക്കെ ടീച്ചർമാർ പോലും കളിയാക്കുകയും ഭക്ഷണം കുറയ്ക്കാൻ ഉപദേശിക്കുകയും ചെയ്തിരുന്നു, പക്ഷേ അവർക്കാർക്കും അറിയുമായിരുന്നില്ല വണ്ണം കൂടുന്നത് ഞാൻ കാരണമല്ലെന്ന്. തടിയന്‍ എന്ന അവരുടെ വിളി എന്നെ സംബന്ധിച്ചിടത്തോളം അത്ര തമാശയായ കാര്യമായിരുന്നില്ല, കാരണം അതൊരു മെഡിക്കൽ കണ്ടീഷൻ ആയിരുന്നു. ആ വിളികൾ എന്റെ ആത്മവിശ്വാസത്തെ പൂര്‍‌ണമായും തകർത്തു.

എന്റെ അമ്മയായിരുന്നു ​എന്റെ ശക്തി, എന്നിൽ വിശ്വസിക്കാനുള്ള ധൈര്യം പകർന്നു തന്നത് അമ്മയാണ്. ഡാൻസ്, ഡ്രാമ, പ്രസംഗം, പഠനം എന്നിങ്ങനെ എനിക്കു തിളങ്ങാൻ കഴിയുന്ന മേഖലകളെക്കുറിച്ച് അമ്മ എപ്പോഴും പറഞ്ഞു കൊണ്ടിരുന്നു. എന്റെ സ്വഭാവവും കഠിനാധ്വാനവും കണക്കിലെടുത്ത് ‘സ്കൂൾ ഹെഡ് ബോയ്’ ആയി എന്നെ തിരഞ്ഞെടുത്തു. പക്ഷേ അപ്പോഴും ഇവനെപ്പോലൊരു തടിയന്‍ എങ്ങനെ ‘സ്കൂൾ ഹെഡ് ബോയ്’ ആയെന്നു പറഞ്ഞു പലരും കളിയാക്കി.

കോളജ് കാലങ്ങളും വലിയ മാറ്റമുള്ളതായിരുന്നില്ല. ഈ തടിയുമായി പോവുകയാണെങ്കിൽ ഒരു പെൺകുട്ടിയും പ്രണയിക്കില്ലെന്ന് നിരന്തരം കേൾക്കേണ്ടി വന്നു. ഞാൻ വണ്ണം കുറയ്ക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നതിനിടയിലാണ് ഒരിക്കൽ അമ്മ ആരോടോ ഇങ്ങനെ പറയുന്നതു കേട്ടത്. ” അവന് ഒരു ഇരുപത്തിയഞ്ചു വയസാകുന്നതുവരെ കാത്തിരിക്കൂ, തിരിച്ചറിയാൻ പറ്റാത്ത മാറ്റം അവനിലുണ്ടാകും. ”. എന്നെച്ചൂണ്ടി കുറ്റം പറഞ്ഞവരോടൊക്കെ അമ്മ നൽകിയിരുന്ന മറുപടി ഇതായിരുന്നു. എന്റെ ഉപബോധ മനസിലെവിടെയോ ആ വാക്കുകൾ കൊത്തിവയ്ക്കപ്പെട്ടു, ’25 വയസാകുമ്പോൾ ഞാൻ മറ്റൊരാളായിത്തീരും’.

2015 ആഗസ്റ്റില്‍ എന്റെ ഇരുപത്തിനാലാം പിറന്നാൾ കഴിഞ്ഞ സമയത്താണ് ഞാനോർക്കുന്നത് എന്റെ അമ്മ പറഞ്ഞത് യാഥാർഥ്യമാക്കാൻ മുന്നിൽ കുറച്ചു മാസങ്ങൾ മാത്രമേയുള്ളു. ഡോക്ടറെ ആദ്യമായി കാണാൻ പോയിരുന്നത് എനിക്കിപ്പോഴും ഓർമയുണ്ട്, അന്ന് 136 കിലോ ആയിരുന്നു എന്റെ ഭാരം. മരുന്നും സർജറിയും കൂടിയേതീരൂവെന്ന് അവർ ആദ്യം തന്നെ പറഞ്ഞു, അതു ഞാൻ അപ്പോൾ തന്നെ നിരസിച്ചു. വണ്ണം ശരിയായ രീതിയിൽ തന്നെ കുറയ്ക്കാൻ ഞാൻ തീരുമാനിച്ചു.

കൃത്യനിഷ്ഠമായ ഡയറ്റിങ്ങിനൊപ്പം ജിമ്മിലെ വ്യായാമവും നിർബന്ധമാക്കി. നാലുമണിയാകുമ്പോഴേക്കും എനിക്കുള്ള ടിഫിൻ തയ്യാറാക്കാനായി എഴുന്നേൽക്കുന്ന അമ്മ എനിക്കൊപ്പം നടക്കാനും കൂട്ടുവന്നു. ജോലി ചെയ്തു ക്ഷീണിച്ചു വന്നാൽപ്പോലും വർക്ഔട്ട് മുടക്കരുതെന്ന് അമ്മ പറഞ്ഞിരുന്നു. ഞാൻ നടക്കുകയും ഓടുകയും നീന്തുകയും സ്പോർട്സിനു വേണ്ടി സമയം കണ്ടെത്തുകയുമൊക്കെ ചെയ്തു. ഫലം എന്തെന്നാൽ വെറും എ‌ട്ടുമാസം കൊണ്ട് 67 കിലോ കുറഞ്ഞു. അമ്മ പറഞ്ഞതുപോലെ തന്നെ 25 വയസായപ്പോഴേക്കും എന്നെ തിരിച്ചറിയാതെയായി.

ഇന്ന് ഞാൻ 85 കിലോ കുറച്ചു, തിരിഞ്ഞു നോക്കുമ്പോൾ ഈ നേട്ടത്തിന്റെ അഗീകാരം മുഴുവൻ അമ്മയ്ക്കുള്ളതാണ്. ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ ആളുകൾ ഇപ്പോൾ എന്നെ വേറൊരാളെപ്പോലെയാണു കാണുന്നത്, പക്ഷേ ഞാൻ പഴയ വിനീത് തന്നെയാണ്. ഒരാളുടെ വ്യക്തിത്വത്തെ മനസിലാക്കാതെ നാമെല്ലാം അയാളുടെ പുറംമോടിക്കാണ് പ്രാധാന്യം നൽകുന്നത്. എല്ലാവരും സൗന്ദര്യമുള്ളവരാണ്. വണ്ണത്തിന്റെയോ നിറത്തിന്റെയോ മറ്റെന്തെങ്കിലും സവിശേഷതകളുടെയോ ഒക്കെ പേരിൽ ആളുകളെ വേദനിപ്പിക്കുന്നത് സമൂഹം നിർത്തണമെന്നാണ് എന്റെ ആഗ്രഹം. എല്ലാത്തിനുമുപരി അയാളുടെ ഉള്ളിലെ വ്യക്തിയെയാണ് കാണാൻ ശ്രമിക്കേണ്ടത്

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *