Breaking News
Home / Latest News / സ്വന്തം ജീവിതത്തോട് പടവെട്ടി ജീവിതത്തിന്റെ പുതിയ പ്രതീക്ഷകളിലേക്ക് ഉറ്റുനോക്കുകയാണ് ഖുശ്ബു

സ്വന്തം ജീവിതത്തോട് പടവെട്ടി ജീവിതത്തിന്റെ പുതിയ പ്രതീക്ഷകളിലേക്ക് ഉറ്റുനോക്കുകയാണ് ഖുശ്ബു

പതിനാറ് വയസ്സുള്ളപ്പോഴാണ് അമ്മ എന്നെ വിവാഹം കഴിച്ച് അയക്കുന്നത്. 26 വയസ്സ് പ്രായമുള്ള ആള്‍ക്ക്. വിവാഹം കഴിഞ്ഞ് നാലുമാസം പിന്നിട്ടപ്പോള്‍ ഞാന്‍ ഗര്‍ഭിണിയായി.

എന്റെ ഭര്‍ത്തൃവീട്ടുകാര്‍ എന്നെ പഠിക്കാന്‍ അനുവദിച്ചില്ല. ഞാന്‍ ഒരു വേലക്കാരിയാണെന്ന രീതിയിലാണ് അവര്‍ എന്നോട് പെരുമാറിയത്. എട്ടുമാസം ഗര്‍ഭിണിയായിരിക്കെ വീട്ടില്‍ ഒരു മോഷണമുണ്ടായി. അതിന് ഭര്‍ത്തൃവീട്ടുകാര്‍ കുറ്റപ്പെടുത്തിയത് എന്നെയാണ്. മതിയെന്ന് ഞാന്‍ കേണപേക്ഷിക്കുന്നത് വരെ അവരെന്നെ പട്ടിണിക്കിട്ടു. പീഡിപ്പിച്ചു. അതേതുടര്‍ന്ന് എനിക്ക് അസുഖമായി. ഞാന്‍ രക്തം ഛര്‍ദിച്ചു. അതോടെ ബാഗ് പാക്ക് ചെയ്ത് ഞാന്‍ എന്റെ അമ്മയുടെ വീട്ടിലേക്ക് പോയി. ഭര്‍ത്താവ് എനിക്കൊപ്പം വന്നു, എന്റെ കാര്യങ്ങള്‍ നോക്കി.

വൈകാതെ, ഞാന്‍ കുഞ്ഞിന് ജന്മം നല്‍കി. എന്റെ ഭര്‍ത്താവ് ഒരു ഡ്രൈവര്‍ ആയാണ് ജോലി നോക്കിയിരുന്നത്. അദ്ദേഹത്തിന്റെ വരുമാനം കൊണ്ട് ജീവിക്കാന്‍ സാധിക്കില്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. അതുകൊണ്ട് ഞാനും ഒരു ജോലി നോക്കി. അപ്പോഴും എനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ടീച്ചറുടെ സഹായിയായി രണ്ടായിരം രൂപ ശമ്പളത്തില്‍ ഒരു ജോലി ലഭിച്ചു.

ഒരുദിവസം പെട്ടെന്ന് എന്റെ ഭര്‍ത്താവ് എന്നോട് പറഞ്ഞു. ഞാന്‍ ജോലിക്ക് പോകുന്നത് ഉള്‍ക്കൊള്ളാനാവുന്നില്ലെന്ന്. പക്ഷേ കുട്ടിയെ നോക്കുന്നതിന് വേണ്ടി ജോലി തുടരാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അതിനാല്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് അച്ഛന്റെയും അമ്മുടെയും അടുത്തേക്ക് മടങ്ങിപ്പോകാന്‍ തീരുമാനിച്ചു. പിന്നീട് എനിക്ക് ലഭിച്ചത് ഒരു കത്താണ്. അദ്ദേഹം രണ്ടാമത് വിവാഹം കഴിച്ചെന്ന് അതിലുണ്ടായിരുന്നു.

പതിനെട്ടുവയസ്സില്‍ രണ്ടുവയസ്സുള്ള ഒരു കുഞ്ഞുമായി ഞാന്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. മകനെ നോക്കാനും ജീവിക്കാനുമായി എനിക്ക് കൂടുതല്‍ പണം സമ്പാദിക്കേണ്ടിയിരുന്നു. എന്നാല്‍ വിദ്യാഭ്യാസമില്ലാതെ അത് നടക്കില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അതുകൊണ്ട് അമ്മയുടെ സഹായം തേടാന്‍ തീരുമാനിച്ചു. 12-ാം തരം വരെയുള്ള വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും.

വീടുപോറ്റുന്നതിന് വേണ്ടി ഞാന്‍ ജോലി തുടര്‍ന്നു. ഒടുവില്‍ ഞാന്‍ 12-ാം തരം പാസ്സായി. എനിക്ക് ഒരു മീഡിയാ കമ്പനിയില്‍ ജോലി ലഭിച്ചു. എനിക്കറിയമായിരുന്നു എനിക്ക് കൂടുതല്‍ ചെയ്യാനുള്ള സാമര്‍ഥ്യമുണ്ടെന്ന്. പക്ഷേ എനിക്ക് ബിരുദമില്ലെന്ന കാര്യം എന്നെ പിന്നിലേക്ക് വലിച്ചു. ഞാനും എന്റെ അമ്മയും പണമില്ലാതെ കഷ്ടപ്പെട്ടു. ഞങ്ങള്‍ക്ക് സമ്പാദ്യം ഒന്നും ഉണ്ടായിരുന്നില്ല. എന്റെ കുഞ്ഞിന് അവന്‍ അര്‍ഹിക്കുന്ന ജീവിതം നല്‍കാന്‍ സാധിക്കില്ലേ എന്നോര്‍ത്ത് ഞാന്‍ ഖേദിച്ചു.

ആ സമയത്താണ് എനിക്ക് എന്തോ പ്രശ്‌നമുള്ളതായി എന്റെ ബോസ് മനസ്സിലാക്കുന്നത്. അവള്‍ എന്നെ വിളിച്ച് എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു. എനിക്ക് നിയന്ത്രിക്കാന്‍ സാധിച്ചില്ല. എന്റെ സങ്കടങ്ങള്‍ ഞാന്‍ അവരുമായി പങ്കുവെച്ചു. വിഷമിക്കേണ്ടെന്ന് അവര്‍ എന്നോട് പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം 15,000 രൂപയുടെ ഒരു ചെക്ക് അവര്‍ എനിക്ക് കൈമാറി. ഇത് നിങ്ങളുടേതാണ്. ഇത് ഉപയോഗിക്കുക, പിന്തിരിഞ്ഞുനോക്കേണ്ട. അവര്‍ പറഞ്ഞു. അതായിരുന്നു വഴിത്തിരിവ്. ഞാന്‍ എന്റെ ബിദുരപഠനം പൂര്‍ത്തിയാക്കി. അതിനെ തുടര്‍ന്ന് പ്രൊജക്ട് മാനേജരായി ഒരു നല്ല ജോലി സമ്പാദിക്കുവാനും കഴിഞ്ഞു.

ഇന്ന് എനിക്ക് 23 വയസ്സായി, ഒറ്റക്ക് എന്റെ കുടുംബം നോക്കുന്നു. മകന്റെ വിദ്യാഭ്യാസത്തിന് വേണ്ടി ഞാന്‍ പണം ചെലവഴിക്കുന്നു. അവന്റ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടി സമ്പാദിക്കാനും കഴിയുന്നുണ്ട്.

എന്റെ ഭര്‍ത്താവ് എനിക്ക് വിവാഹമോചനം നല്‍കാന്‍ വിസമ്മതിച്ചു. ‘അയാളുടെ മകനെ’ അയാള്‍ക്ക് തിരിച്ചുകൊടുക്കാത്തിടം കാലം എനിക്കത് ലഭിക്കില്ല. ഞങ്ങളെ സഹായിക്കാനും ഞങ്ങളെ നോക്കാനും അയാള്‍ തയ്യാറായില്ല. പക്ഷേ ഞാനതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. ഞാന്‍ കരഞ്ഞിരുന്നു, എനിക്ക് കാലിടറിയിരുന്നു, ഒരുവേള വീണുപോയിരുന്നു..പക്ഷേ ഇന്നിപ്പോള്‍ എനിക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കുന്നുണ്ട്. ഞാനും എന്റെ മകനും പരസ്പരം വളരെയധികം സ്‌നേഹിക്കുന്നു. ഞങ്ങള്‍ക്കറിയാം ഞങ്ങള്‍ക്ക് ഞങ്ങള്‍ മാത്രമേ ഉള്ളൂവെന്ന്. ഇത്രയും ഞങ്ങള്‍ക്ക് ചെയ്യാനാകുമെങ്കില്‍ അവസാനം വരേയ്ക്കും ഞങ്ങള്‍ക്കത് സാധിക്കും.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *