Breaking News
Home / Latest News / സിനിമയിലെ വില്ലന്‍മാരുടെ ജീവിതം കഷ്ടമാണ് മാനസികമായും സാമ്പത്തികമായി നേട്ടമൊന്നുമില്ല

സിനിമയിലെ വില്ലന്‍മാരുടെ ജീവിതം കഷ്ടമാണ് മാനസികമായും സാമ്പത്തികമായി നേട്ടമൊന്നുമില്ല

ചെന്നൈയിലെ വീട്ടിലിരുന്ന് കീരിക്കാടന്‍ കിരീടത്തിന്റെ വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങി… മുപ്പതുവര്‍ഷത്തിനിപ്പുറവും മറവി മായ്ക്കാത്ത ഓര്‍മകള്‍ അടുക്കും ചിട്ടയോടും കൂടി അദ്ദേഹം വിവരിച്ചു.

”മുറിപ്പാടുകള്‍ നിറഞ്ഞ മുഖവും രണ്ടാള്‍പ്പൊക്കവും ചോരക്കണ്ണുകളുമുള്ള വില്ലന്‍ മലയാളിക്കന്ന് പുതിയ അനുഭവമായിരുന്നു. കീരിക്കാടന്‍ എന്ന വട്ടപ്പേരിനു മുന്‍പില്‍ മോഹന്‍രാജ് എന്ന യഥാര്‍ഥ പേര് മാഞ്ഞുപോയി. സിനിമാക്കാരനാകാന്‍ പറ്റിയ ആളല്ല ഞാനെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.”

മുറിച്ചിട്ടാല്‍ മുറികൂടുന്ന ജോസും തെരുവില്‍ ജീവിതം വീണുടഞ്ഞുപോയ സേതുമാധവനും പ്രേക്ഷകമനസ്സില്‍ നീറുന്ന ഓര്‍മയാണ്. നടനാകാന്‍ ഒരുശതമാനം പോലും താത്പര്യമില്ലായിരുന്ന മോഹന്‍രാജ് എന്ന എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനെ സിനിമ അങ്ങോട്ടുചെന്ന് ക്ഷണിക്കുകയായിരുന്നു. അഭിനയിക്കാന്‍ അറിയാത്ത ഒരാളാകണം കീരിക്കാടന്റെ വേഷം ചെയ്യേണ്ടതെന്ന ലോഹിതദാസിന്റെ തീരുമാനമാണ് മോഹന്‍രാജിന് നറുക്കുവീഴ്ത്തിയത്.

”കീരിക്കാടനാണ് കിരീടത്തിന്റെ നട്ടെല്ലെന്ന് ലോഹിതദാസ് പലതവണ പറഞ്ഞിട്ടുണ്ട്. അഭിനയിക്കാന്‍ അറിയില്ലെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. സംവിധായകന്‍ പറഞ്ഞുതരുന്നത് ക്യാമറയ്ക്കുമുന്നില്‍ അവതരിപ്പിക്കുകമാത്രമാണ് ചെയ്യുന്നത്.”

നായകന്റെ ഇടിയേറ്റുവീഴാനായിരുന്നു എന്നും വിധി. മോഹന്‍ലാലിന്റെ പ്രതിയോഗിയായെത്തിയപ്പോഴെല്ലാം തിയേറ്ററുകള്‍ ഇളകിമറിഞ്ഞു. ആറാംതമ്പുരാനിലും നരസിംഹത്തിലും നരനിലുമെല്ലാം പഴയ കീരിക്കാടനെ തല്ലിത്തോല്‍പ്പിച്ചാണ് ലാലിന്റെ കഥാപാത്രം കരുത്തുതെളിയിച്ചത്. ആദ്യ മലയാളചിത്രത്തിലേക്കെത്തിയതിന്റെ വഴികള്‍ ഇന്നും മോഹന്‍രാജിന്റെ മനസ്സിലുണ്ട്.

കലാധരന്‍ എന്ന സുഹൃത്തുവഴിയാണ് കിരീടത്തിലേക്കെത്തുന്നത്. സംവിധായകനും എഴുത്തുകാരനും കണ്ട് ഇഷ്ടമായതോടെ വേഷം ലഭിച്ചു. അഭിനയിക്കാനെത്തിയപ്പോഴും കഥയൊന്നും ആരും പറഞ്ഞുതന്നില്ല. ചോദിക്കാനും പോയില്ല. തിരുവനന്തപുരം ആര്യനാടുവെച്ചാണ് സംഘട്ടനരംഗം ചിത്രീകരിച്ചത്. മോഹന്‍ലാല്‍തന്നെയാണ് ഇങ്ങനെ അടിക്കണം, ഇത്തരത്തില്‍ തടുത്താല്‍ നന്നാകുമെന്നെല്ലാം പറഞ്ഞുതന്നത്. സ്‌കൂള്‍കാലത്ത് നാഷണല്‍ അത്ലറ്റിക് ആയതിന്റെ ഗുണം സംഘട്ടനരംഗങ്ങള്‍ക്ക് ഉപകരിച്ചു. ക്ലൈമാക്സ് രംഗത്തിനായി ശരീരം ഒരുപാട് ചളിതിന്നിട്ടുണ്ട്.”

സൈന്യത്തില്‍ ചേരണമെന്നതായിരുന്നു കുട്ടിക്കാലംമുതലുള്ള മോഹന്‍രാജിന്റെ ആഗ്രഹം. അത് സാധിക്കുകയും ചെയ്തു. എന്നാല്‍ കാലിനേറ്റ പരിക്കിനെതുടര്‍ന്ന് തിരിച്ചുപോരേണ്ടിവന്നു. അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസറായി കോഴിക്കോട്ട് ജോലി ചെയ്യുമ്പോഴാണ് കിരീടം റിലീസ് ചെയ്യുന്നത്.

”നളന്ദ ഹോട്ടലിലായിരുന്നു അന്ന് താമസം. അഭിനയിച്ച സിനിമ പ്രദര്‍ശനത്തിനെത്തിയ വിവരം ഒപ്പമുള്ളവരോട് പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. പിന്നെ അവരെയും കൂട്ടി നേരെ തിയ്യറ്ററിലേക്ക്. കോഴിക്കോട് അപ്സരയില്‍ നിന്നാണ് കിരീടം ആദ്യമായി കാണുന്നത്.

സംഘട്ടനരംഗമെല്ലാം ശ്വാസമടക്കിപ്പിടിച്ചാണ് അന്ന് പ്രേക്ഷകര്‍ കണ്ടത്. ഇടവേളയായപ്പോള്‍ സിനിമയിലെ വില്ലന്‍ തിയ്യറ്ററിലുണ്ടെന്ന വാര്‍ത്ത പരന്നു. സുഹൃത്തുക്കള്‍ വട്ടംനിന്ന് എനിക്ക് സുരക്ഷ ഒരുക്കുകയായിരുന്നു. സിനിമ കഴിയുമ്പോഴേക്കും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായി പോലീസിന്റെ സഹായം തേടേണ്ടിവന്നു. തിയ്യറ്ററില്‍ നിര്‍ത്തിയിട്ട എന്റെ ബുള്ളറ്റ് സുഹൃത്തുക്കളാണ് പിന്നീട് താമസസ്ഥലത്തെത്തിച്ചത്. സിനിമാപ്രേമികള്‍ക്ക് ഇത്രത്തോളം ആവേശമുണ്ടാകുമെന്ന് എനിക്കറിയില്ലായിരുന്നു.”

ജോലിയില്‍ നിന്ന് വിരമിച്ച മോഹന്‍രാജ് ഇപ്പോള്‍ കുടുംബസമേതം ചെന്നൈയിലാണ് താമസം. ഇടയ്ക്ക് സിനിമ വീണ്ടും പഴയ വില്ലനെ അന്വേഷിച്ച് ചെല്ലും.

”അടിവാങ്ങുന്ന വേഷങ്ങള്‍ തന്നെയാണ് ഇപ്പോഴും വരുന്നത്. അതിലൊരു പുതുമയില്ല. സിനിമയിലെ വില്ലന്‍മാരുടെ ജീവിതം കഷ്ടമാണ്. മാനസികമായും സാമ്പത്തികമായി നേട്ടമൊന്നുമില്ല. സിനിമയോട് ഇന്നും വലിയ കമ്പമില്ല. പക്ഷേ, സിനിമ നല്‍കിയ പേരും പ്രശസ്തിയും ആസ്വദിച്ചിട്ടുണ്ട്.”

നായകന് തല്ലിത്തോല്‍പ്പിക്കാനായി മാത്രം പഴയ കീരിക്കാടന്‍ സിനിമയിലേക്കിനി വരില്ല. വേറിട്ട വേഷങ്ങളുണ്ടെങ്കില്‍ ധൈര്യമായി വിളിക്കാം… ഒരു വരവുകൂടി വരാന്‍ താരം ഒരുക്കമാണ്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *