Breaking News
Home / Latest News / ഞാനൊരുനാൾ കലക്ടറാകുമ്പോൾ എന്നെ കാണാതെ വേദനിച്ച പെൺകുട്ടിയെ കാണാൻ തീർച്ചയായും സമയം കണ്ടെത്തും

ഞാനൊരുനാൾ കലക്ടറാകുമ്പോൾ എന്നെ കാണാതെ വേദനിച്ച പെൺകുട്ടിയെ കാണാൻ തീർച്ചയായും സമയം കണ്ടെത്തും

കലക്ടറെ ഒന്നു കാണണമെന്നേ ഹരിപ്രിയയ്ക്കുണ്ടായിരുന്നുള്ളൂ. ഇതിപ്പോൾ കണ്ടു, സംസാരിച്ചു, കലക്ടറുടെ സീറ്റിലും കയറിയിരുന്നു… സ്കൂളിലെ ചടങ്ങിൽ കലക്ടറെത്താത്തിന്റെ നിരാശയിലിരുന്ന ഹരിപ്രിയയ്ക്ക് ഇന്നലെ കലക്ടറേറ്റിൽ ‘ലോട്ടറിയടിച്ചു’. മഞ്ചേരി ഗവ. ബോയ്സ് എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് ഹരിപ്രിയ ഹേമന്ത്. 10ന് സ്കൂളിൽ നടന്ന പ്രതിഭകളെ ആദരിക്കൽ ചടങ്ങിൽ കലക്ടർ ജാഫർ മലിക്കിനെ പരിചയപ്പെടുത്തി പ്രസംഗിക്കാനുള്ള ചുമതല ഹരിപ്രിയയ്ക്കായിരുന്നു.

തിരക്കു കാരണം കലക്ടർക്കു ചടങ്ങിനെത്താൻ സാധിക്കാതിരുന്നതോടെ ഹരിപ്രിയയുടെ ആവേശത്തിനുമേൽ നിരാശ പടർന്നു. തന്റെ സങ്കടം ഡയറിയിൽ വടിവൊത്ത ഇംഗ്ലിഷിൽ എഴുതി നിറച്ചാണ് നിരാശ തീർത്തത്. ‘ഞാനൊരുനാൾ കലക്ടറാകുമ്പോൾ എന്നെ കാണാതെ വേദനിച്ച പെൺകുട്ടിയെ കാണാൻ തീർച്ചയായും സമയം കണ്ടെത്തും’– ഇങ്ങനെയാണ് കുറിപ്പ് നിർത്തുന്നത്.

കുറിപ്പു കണ്ട അമ്മ തുഷാര ഇത് സ്കൂളിലെ എസ്പിസി ചുമതലയുള്ള അധ്യാപകൻ ഷാമിന് അയച്ചുകൊടുത്തു. ഇദ്ദേഹമാണ് ഇതു കലക്ടറുടെ വാട്സാപ്പിലേക്കു നൽകിയത്. എഴുത്തു കണ്ട ഉടനെ കലക്ടർ ജാഫർ മലിക് പിറ്റേന്ന് കാണാമെന്നും സ്കൂളിലേക്ക് വാഹനമയയ്ക്കാമെന്നും മറുപടി നൽകി. ഇന്നലെ രാവിലെ സ്കൂളിൽനിന്ന് അധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും നേതൃത്വത്തിലാണ് ഹരിപ്രിയ കലക്ടറേറ്റിലെത്തിയത്. ഇറങ്ങുന്നതിനു തൊട്ടുമുൻപു വരെ അധ്യാപകർ വിവരം രഹസ്യമാക്കി വച്ചു.

5 മിനിറ്റാണ് അനുവദിച്ചിരുന്നതെങ്കിലും അതിലേറെ നേരം കലക്ടറുമായി സംവദിക്കാൻ ഹരിപ്രിയയ്ക്കു കഴിഞ്ഞു. കലക്ടറാകുകയെന്ന തന്റെ സ്വപ്നത്തിലേക്കുള്ള ചവിട്ടുപടികളാണ് അസുലഭ സന്ദർഭത്തിൽ മിടുക്കി തിരഞ്ഞത്. കലക്ടർ പഠിച്ചതെവിടെയാണ്, എത്ര പത്രം വായിക്കും ചോദ്യങ്ങൾ അങ്ങനെ പോയി. ഹരിപ്രിയയെ അടുത്തുവിളിച്ച് ഡയറി പരിശോധിച്ച ജാഫർ മലിക്, ചോദ്യങ്ങൾക്കെല്ലാം ക്ഷമയോടെ മറുപടി നൽകി.

അടുത്ത അവസരത്തിൽ സ്കൂളിൽ വരാമെന്ന് ഉറപ്പും നൽകി. കലക്ടറാകാനുള്ള അഭിലാഷത്തിന് എണ്ണ പകരാൻ കലക്ടറുടെ ലെറ്റർ ഹെഡിൽ ഹരിപ്രിയയ്ക്കൊരു കത്തും നൽകിയാണ് യാത്രയാക്കിയത്. കളയാതെ സൂക്ഷിക്കണമെന്നു നിർദേശവും. പോകും മുൻപ് തന്റെ സീറ്റിലൊന്ന് ഇരുത്താനും മറന്നില്ല. മഞ്ചേരി ഹരിശ്രീയിൽ എം.അനിൽ ഹേമന്തിന്റെ മകളാണ് ഹരിപ്രിയ. ഒരു സഹോദരിയുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *