Breaking News
Home / Latest News / ഒരു ബുള്ളറ്റ് യാത്രികന്റെ ഓർമയ്ക്കായി ഒരു പോലീസ് SI യുടെ കുറിപ്പ്

ഒരു ബുള്ളറ്റ് യാത്രികന്റെ ഓർമയ്ക്കായി ഒരു പോലീസ് SI യുടെ കുറിപ്പ്

ഒരു ബുള്ളറ്റ് യാത്രികന്റെ ഓർമയ്ക്കായി..!

സ്‌ഥിരം ചെക്കിങ് നടപടികളുമായി ഒരു വളവിന്റെ മറവിൽ നിൽക്കുകയായിരുന്നു പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി പോലീസ് സ്റ്റേഷൻ SI ആയ ഞാനും സഹപ്രവർത്തകരും.

ഇരു ചക്ര വാഹനങ്ങൾ അടക്കം മണിക്കൂറുകളിൽ ഒരുപാട് പേർ ഞങ്ങളുടെ വലയിൽ വീണു…
എത്ര പറഞ്ഞാലും ബോധവത്കരിച്ചാലും ആളുകൾക്ക് റോഡ് നിയമങ്ങൾ അനുസരിക്കാൻ പ്രയാസം ആണ്, ഹെൽമെറ്റ്‌ വെയ്ക്കാനും മടിയാണ്.

ബൈക്ക് യാത്രക്കാരായ ചെറുപ്പക്കാരാണ് എവിടെയും കുഴപ്പക്കാർ. എത്ര പറഞ്ഞാലും മുടി ചീകിയതിന്റ ഭംഗി പോകുമെന്നത് പോലെയുള്ള നിസാര കാരണം പറഞ്ഞു അവർ ഹെൽമെറ്റ്‌ വയ്ക്കില്ല. ഒരു അപകടം പറ്റിയാൽ ഞങ്ങൾ പോലീസുകാർ തന്നെ വേണം പോകാൻ. നടുറോഡിൽ ചോരയിൽ കുളിച്ചു ജീവനില്ലാതെ കിടക്കുന്നതിനെ കുറിച്ച് അവർ ഓർക്കില്ലായിരിക്കാം…

അപ്പോഴാണ് കാതടപ്പിക്കുന്ന ശബ്ദവുമായി ഒരു ബുള്ളറ്റ് ആ വഴി വന്നത്. ബുള്ളറ്റ് നിർത്താൻ ആംഗ്യം കാണിച്ചു. അയാൾ വണ്ടി സൈഡിലേക് നിർത്തി ഇറങ്ങി വന്നു. ധരിച്ചിരുന്ന ഹെൽമെറ്റ്‌ അയാൾ ഊരി മാറ്റി എന്റെ കൂടെ നടന്നു വന്നു. ഞാൻ ജീപ്പിന്റെ ബോണറ്റിൽ ചാരി നിന്ന് ഒരു കാൽ എടുത്തു ഫ്രണ്ട് ബമ്പറിൽ വച്ചു നിന്നു അവനെ നോക്കി. കണ്ടാൽ 28-30 വയസ്സ് തോന്നിക്കുന്ന സുമുഖൻ ആയ ഒരു ചെറുപ്പക്കാരൻ. അവൻ നിഷ്കളങ്ക ചിരിയോടെ വണ്ടിയുടെ ബുക്കും പേപ്പറുകളും എന്റെ നേരെ നീട്ടി.. കൂട്ടത്തിൽ അവന്റെ ലൈസൻസ് ഉണ്ട്. എല്ലാം ഓക്കേ ആണ്.. ഒരു മാസം പോലും ആകാത്ത പുത്തൻ വണ്ടി ആണ്.

“എന്തിനാണ് തന്നോട് വണ്ടി നിർത്തി ഇറങ്ങി വരാൻ ഞാൻ പറഞ്ഞത് എന്നു അറിയുമോ.?”

“എന്റെ വണ്ടിയുടെ അമിതമായ ശബ്‍ദം..”

“എല്ലാം അറിയാമല്ലേ..? വണ്ടികൾ പിടിക്കുമ്പോൾ അവിടെ വച്ചു തനെ സൈലെന്സർ അഴിപ്പിക്കൽ ആണ് ശിക്ഷ അതുകൊണ്ട് വേഗം ടൂൾസ് കിറ്റ് എടുത്തു പണി തുടങ്ങിക്കോ..

“സാർ, അല്പം അങ്ങോട്ടു മാറി നിന്നു സംസാരിക്കാം..

ഇപ്പോളത്തെ പിള്ളേർ ആണ്. എവിടെയൊക്കെ ക്യാമറ കാണും എന്നു പറയാൻ പറ്റില്ല, എന്റെ ചിന്തകൾ വായിച്ചു അറിഞ്ഞ പോലെ അവൻ പറഞ്ഞു….

“പേടിക്കേണ്ട സാർ ആളുകൾ കേൾക്കെ പറയാൻ മടിയുള്ള ഒരു വിഷയം പറയാൻ മാത്രം ആണ്.”

ഞാൻ ശരി എന്നു പറഞ്ഞുകൊണ്ട് അവന്റെ കൂടെ അല്പം മാറി നിന്നു…

“സാർ ഞാൻ 5 വർഷം കുവൈറ്റിൽ ആരുന്നു. ഇപ്പോൾ നിർത്തി വന്നതാണ്. സാർ എന്നെ കൊണ്ട് ഈ വണ്ടിയുടെ സൈലെന്സർ ഇവിടെ വച്ചു അഴിപ്പിക്കരുത്. നിയമവിരുദ്ധം ആണ് എന്നു അറിഞ്ഞുകൊണ്ട് ഞാൻ അത് ചെയ്തത് എന്റെ അവസാന ആഗ്രഹമായതു കൊണ്ട് ആണ്.”

അത് കേട്ടതും ഞാൻ ഒന്ന് ഞെട്ടി.

“ക്യാൻസർ ആണ് സാർ… ബോൺ ക്യാൻസർ… അതും ലാസ്റ്റ് സ്റ്റേജ്. അറിയാൻ വൈകി പോയി. പ്രവാസ ജീവിതത്തിൽ അതിന്റെ തിരക്കിൽ വേദനകൾക്ക് എല്ലാം ഞങ്ങൾ പ്രവാസികൾക്ക് പെനഡോൾ ആണ് ആശ്രയം.. വേദനകൾ കഠിനമായ ജോലിയുടെ ഭാഗം ആണ് എന്നു സ്വയം പറഞ്ഞു വിശ്വസിപ്പിച്ചു. ആറാം വർഷത്തേക്കുള്ള വിസ പുതുക്കുന്നതിനോട് അനുബന്ധിച്ചു നടത്തിയ മെഡിക്കൽ ടെസ്റ്റിൽ ആണ് രോഗം കണ്ടെത്തിയത്. അപ്പോളേക്കും വൈകി പോയി. പിന്നെ അവിടെ തുടരാൻ സാധിച്ചില്ല..

തിരികെ പോരേണ്ടി വന്നു. ചെറുപ്പം മുതൽ ഉള്ള ആഗ്രഹം ആണ് ബുള്ളറ്റ്. പ്രാരാബ്ധം കൊണ്ട് എന്നും എന്റെ ആഗ്രഹങ്ങൾ ഞാൻ മാറ്റി വച്ചു എന്നാൽ ഇത്തവണ ഞാൻ അത് സാധ്യമാക്കി. എന്റെ അവസാന ആഗ്രഹം ആണ് ഇത്..” രണ്ടേ.. രണ്ടു ദിവസം കൂടി ഞാൻ ഇങ്ങനെ യാത്ര ചെയ്തോട്ടെ… അത് കഴിഞ്ഞു ഞാൻ തന്നെ അഴിച്ചു മാറ്റിക്കോളാം… ഇപ്പോൾ ഇവിടെ സാറിന്റെ മുന്നിൽ നില്കുമ്പോളും എല്ലുകൾ നുറുങ്ങുന്ന വേദന കടിച്ചമർത്തി ആണ് ഞാൻ നിൽക്കുന്നത്.. പക്ഷെ ആഗ്രഹങ്ങൾ ഉപേക്ഷിച്ചു പോകാൻ വയ്യാ സാർ… ഇത്തവണ പിഴ അടച്ചു പോകാൻ എന്നെ അനുവദിക്കണം. ഇനിയും സാറിനു വിശ്വാസം ആയില്ല എങ്കിൽ സാർ അന്വേഷിച്ചോളു…”

അവൻ ഒരു കാർഡ് എന്റെ നേർക്കു നീട്ടി. ഞാൻ അത് വാങ്ങി നോക്കി. തിരുവന്തപുരത്തെ പ്രസിദ്ധമായ ഒരു ആസ്പത്രിയിൽ പ്രാക്ടീസ് ചെയുന്ന ഒരു ഡോക്ടറുടെ കാർഡ് ആണ്.

“സാർ വിളിച്ചു തിരക്കിക്കോളു..” ഞാൻ വിളിച്ചില്ല ആ കാർഡ് അവനു മടക്കി നൽകി. എനിക്കും ഉണ്ട് ഒരു മകൻ. ഇത്തവണ അവൻ പ്ലീസ് സാർ എന്നെ പോകാൻ അനുവദിക്കണം എന്നു പറഞ്ഞപ്പോൾ അവന്റെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടു. അത് കണ്ടില്ല എന്നു നടിക്കാൻ ഒരുപക്ഷെ എന്നിലെ പോലീസ്‌കാരന് സാധിക്കും. പക്ഷെ എന്റെ ഉള്ളിലെ അപ്പനു സാധിക്കില്ല. ഞാൻ അവന്റെ RC book എടുത്തു അവനോടു പറഞ്ഞു “2 ദിവസം കഴിഞ്ഞു സൈലെന്സർ മാറ്റി സ്റ്റേഷനിൽ കൊണ്ട് വണ്ടി കാണിച്ചു RC book തിരികെ വാങ്ങിക്കോളൂ..” 250 rs പിഴയും അടപ്പിച്ചു ഞാൻ അവനെ പോകാൻ അനുവദിച്ചു, കാതടപ്പിക്കുന്ന ശബ്ദവുമായി അവനും അവന്റെ പ്രിയപ്പെട്ട ബുള്ളറ്റും കാഴ്ച്ചയിൽ നിന്നു മറഞ്ഞു..

പറഞ്ഞത് പോലെ 2 ദിവസം കഴിഞ്ഞപ്പോൾ അവന്റെ അനിയൻ വന്നു സൈലെന്സർ മാറ്റി എന്നും RC book തിരികെ വാങ്ങാൻ വന്നതാണ് എന്നും സുഖമില്ലാത്തതിനാൽ അവനു വരാൻ സാധിക്കില്ല എന്നും പറഞ്ഞു.. RC book വന്ന ആൾക്കു കൈമാറാൻ പറഞ്ഞു കൊണ്ടുള്ള ഒരു കത്തും തന്നു.

ഞാൻ അവന്റെ വിവരങ്ങൾ തിരക്കി. ചേട്ടായി വയ്യാത്തോണ്ട് ഇപ്പൊ എങ്ങും പോകില്ല” അവന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.

അത് കണ്ടു എന്റെ ഉള്ളിലും ഒരു പിടച്ചിൽ ഉണ്ടായി. ഞാൻ RC book കൊടുത്തു അവനെ യാത്രയാക്കി. ഇടയ്ക്ക് അവനെ ഓർക്കുമായിരുന്നു…. പിന്നെ കാണാൻ കഴിഞ്ഞിട്ടില്ല… കാലം കുറച്ചു ഏറെ കടന്നു പോയിരിക്കുന്നു…..

മാസങ്ങൾക്കു ശേഷം ഞാൻ ഇന്നലെ വൈകുന്നേരം അവനെ വീണ്ടും കണ്ടു. ഒരു കേസുമായി ബന്ധപെട്ടു ഒരിടം പോയി മടങ്ങവേ ഒരു ഇലക്ട്രിക് പോസ്റ്റിൽ കാലപ്പഴക്കം ചെന്ന അവന്റെ ഒരു ഫോട്ടോ…. ആദരാഞ്ജലികൾ എന്നാ അടികുറിപ്പോടെ….

ഞാൻ ഒന്ന് ഞെട്ടി… എങ്കിലും വേദനകൾ ഇല്ലാത്ത ഒരു ലോകത്താണല്ലോ അവൻ പോയത് എന്നു ഓർത്തപ്പോൾ സതോഷവും… ബുള്ളെറ്റ് ഇല്ലാത്ത ലോകത്താണല്ലോ അവൻ ഇപ്പൊ എന്നു ഓർത്തപ്പോൾ സങ്കടവും എന്നിൽ ഉണ്ടായി…. ഒന്നും കൂടെ ഞാൻ ആ ഫോട്ടോയിലേക് തിരിഞ്ഞു നോക്കി… മഴയും വെയിലും കൊണ്ട് ദ്രവിച്ചു തുടങ്ങിയ ആ പേപ്പർ പതിപ്പിലെ അവന്റെ മുഖത്തിൽ ഇന്നും ഞാൻ അന്ന് ആദ്യമായി കണ്ടപ്പോൾ ഉണ്ടായിരുന്ന ആ നിഷ്കളങ്കമായ ചിരി നിറഞ്ഞു നിൽക്കുന്നുണ്ട്..!

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *