Breaking News
Home / Latest News / ഒരു രാത്രി കൊണ്ട് മലയാളിയെ ശപിച്ച ജുമാഖാനു തുണയായതും മലയാളി തന്നെ

ഒരു രാത്രി കൊണ്ട് മലയാളിയെ ശപിച്ച ജുമാഖാനു തുണയായതും മലയാളി തന്നെ

ചെറുവത്തൂര്‍: ഒരു രാത്രിയില്‍ മലയാളമണ്ണിനെ മനസ് കൊണ്ട് ശപിച്ചിരുന്നു ജുമാഖാന്‍ എന്ന ഉത്തരാഖഡ്ഡുകാരനായ ലോറി ഡ്രൈവര്‍. എന്നാല്‍ ഒരു പകല്‍ കൊണ്ട
് മലയാളി മനസുകളുടെ നന്മയറിഞ്ഞു അദ്ദേഹം. രണ്ടുലക്ഷം രൂപയുടെ കടം വീട്ടാതെ വീട്ടി ജുമാഖാന്‍ യാത്രതുടര്‍ന്നു. എറണാകുളത്തേക്ക് പുതിയ ലോറിയുടെ ചെയ്സുമായി ഉത്തരാഖഡ്ഡില്‍ നിന്നും പത്തുദിവസം മുന്‍പ് പുറപ്പെട്ടതായിരുന്നു ഇദ്ദേഹം. കനത്ത മഴ കാരണം യാത്ര തുടരാനാകാതെ വന്നപ്പോള്‍ കാസര്‍കോട് പിലിക്കോട് മട്ടലായി പെട്രോള്‍ പമ്പിന് മുന്നില്‍ വാഹനം നിര്‍ത്തിയിട്ട് അല്‍പമൊന്ന് മയങ്ങി.

അര്‍ധരാത്രിയില്‍ ഉറങ്ങി പുലര്‍ച്ചയോടെ എഴുന്നേറ്റപ്പോഴേക്കും ഡിസ്‌ക് ഉള്‍പ്പെടെ നാല് ടയറുകള്‍ മോഷ്ടാക്കള്‍ കൊണ്ട് പോയി. ഇതിന്റെ വില ഏതാണ്ട് രണ്ടു ലക്ഷത്തോളം വരും. കമ്പനിയില്‍ വിവരം അറിയിച്ചപ്പോള്‍ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഉത്തരവാദിത്തം താങ്കള്‍ക്ക് മാത്രമാണെന്ന മറുപടിയാണ് ലഭിച്ചത്.ചെയ്സ് എറണാകുളത്ത് എത്തിച്ചാല്‍ കൂലിയായി കിട്ടുക 7500 രൂപ മാത്രം.

എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന ജുമാഖാന്റെ സങ്കടങ്ങള്‍ ‘സുപ്രഭാതം’ വാര്‍ത്തയായി. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്ത പ്രചരിച്ചതോടെ അദ്ദേഹത്തെ സഹായിക്കാമെന്ന വാഗ്ദാനവുമായി നിരവധിപേരെത്തി.

സുപ്രഭാതം വാര്‍ത്ത വാട്‌സ് ആപ് വഴി കമ്പനി അധികൃതരിലേക്ക് അയച്ചു നല്‍കി. ഇദ്ദേഹത്തിന്റെ സങ്കടം മനസിലാക്കിയപ്പോള്‍ ടയറുകളുടെ വില താങ്കളില്‍ നിന്നും ഈടാക്കില്ലെന്ന മറുപടി ലഭിച്ചു.

ഇതോടെയാണ് മണിക്കൂറുകളോളം തീ തിന്ന ജുമാഖാന്റെ മനസ് ആശ്വാസതീരമണിഞ്ഞത്. കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടു ചെയ്സുകളിലെ കരുതല്‍ ടയറുകള്‍ ഉറപ്പിച്ചു. പൊലീസ് സ്റ്റേഷനിലെ നടപടികള്‍ വേഗത്തിലാക്കാനും പ്രദേശത്തെ നന്മമനസുകള്‍ ഇടപെട്ടു. ഇന്നലെ സന്ധ്യയോടെ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

ജുമാഖാന്‍ യാത്രതുടര്‍ന്നു. ടയറുകള്‍ മോഷണം പോയപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ യായിരുന്നു; ”മറ്റൊരു സംസ്ഥാനമാണെങ്കിലും എത്ര ക്ഷീണമുണ്ടെങ്കിലും ഒന്ന് കണ്ണുചിമ്മുക പോലുമില്ല. കേരളമായത് കൊണ്ട് മറ്റൊന്നും സംഭവിക്കില്ലെന്ന ധൈര്യത്തില്‍ ഒന്ന് മയങ്ങി പോയി.

പക്ഷെ പ്രതീക്ഷകളെല്ലാം തെറ്റി”. എന്നാല്‍ യാത്ര തുടരാനൊരുങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞു.കേരളം നന്മയുള്ള നാടാണ്. നന്മയില്ലാത്ത ചിലരുണ്ടെന്നു മാത്രം.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *