Breaking News
Home / Latest News / മനസ്സിന്റെ കരുത്തുകൊണ്ട് എന്തും നേടാനാകും എന്നതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ഞാന്‍ ട്യൂറിയ പിറ്റ്

മനസ്സിന്റെ കരുത്തുകൊണ്ട് എന്തും നേടാനാകും എന്നതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ഞാന്‍ ട്യൂറിയ പിറ്റ്

സൗന്ദര്യം, വിദ്യാഭ്യാസം, സാമര്‍ഥ്യം എല്ലാം ഒത്തുചേര്‍ന്ന ഒരു ഓസ്ട്രേലിയന്‍ പെണ്‍കുട്ടി… കോളേജില്‍ പഠിക്കുമ്പോള്‍ത്തന്നെ മോഡലിങ് രംഗത്ത് തിളങ്ങിയവള്‍, അറിയപ്പെടുന്ന അത്ലറ്റ്, 23-ാം വയസ്സില്‍ മൈനിങ് എന്‍ജിനീയറായി ലഭിച്ച ജോലി അവളുടെ സ്വപ്നസാക്ഷാത്കാരമായിരുന്നു, ബാല്യകാല സുഹൃത്തും പോലീസ് ഉദ്യോഗസ്ഥനുമായ മൈക്കിളുമായി വിവാഹനിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി… ചുരുക്കിപ്പറഞ്ഞാല്‍ എല്ലാം തികഞ്ഞ ഒരു പെണ്‍കുട്ടി. ആരും തെല്ലൊരു അസൂയയോടെ നോക്കുന്ന ആ സുന്ദരിയുടെ പേര് ട്യൂറിയ പിറ്റ് എന്നായിരുന്നു.

എന്നാല്‍, പൊടുന്നനെ ഒരുനാള്‍ ഇതെല്ലാം നഷ്ടപ്പെട്ട് ഒന്നുമല്ലാതായി അവള്‍ മാറി. വലിയൊരു തീപ്പിടിത്തം അവളുടെ ജീവിതത്തെ ആകെ മാറ്റിമറിച്ചു. ജീവനും മരണത്തിനുമിടയില്‍ അഞ്ചുമാസമവള്‍ ആശുപത്രിയില്‍ കഴിഞ്ഞു. ഒടുവില്‍ ജീവിതത്തിലേക്ക് മടങ്ങിവന്നപ്പോഴേക്കും ആരുംകൊതിക്കുന്ന ആ സൗന്ദര്യത്തിനുടമ, ആരെയും ഭയപ്പെടുത്തുന്ന വിരൂപയായി മാറിക്കഴിഞ്ഞിരുന്നു. എന്നാല്‍, അവളുടെ മനസ്സിനെയും സ്വപ്നങ്ങളെയും ദഹിപ്പിക്കാന്‍ ആ അഗ്‌നിനാമ്പുകള്‍ക്കായില്ല. ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ, തന്റെ സ്വപ്നങ്ങളെ ചാമ്പലാക്കിയ അപകടത്തില്‍നിന്ന് അവള്‍ ഉയിര്‍ത്തെഴുന്നേറ്റു. തുടര്‍ന്നുള്ള അവളുടെ അസാധാരണ മനക്കരുത്തിന്റെ ജീവിതം ഇന്ന് അനേകര്‍ക്ക് പ്രചോദനമാണ്.

1987 ജൂലായ് 24-ന് ഫ്രാന്‍സിലാണ് ട്യൂറിയ ജനിച്ചതെങ്കിലും അവള്‍ക്ക് മൂന്ന് വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ അവളെയുംകൊണ്ട് ഓസ്ട്രേലിയയിലേക്ക് കുടിയേറി. അന്നുമുതല്‍ ഇന്നുവരെ അവര്‍ ഓസ്ട്രേലിയയില്‍ ആണ് താമസം. കുഞ്ഞുന്നാള്‍ മുതല്‍തന്നെ പഠനത്തിലും കളികളിലും കായികരംഗത്തുമെല്ലാം മുന്‍പന്തിയിലായിരുന്നു ട്യൂറിയ. സ്‌കൂള്‍പഠനത്തിനുശേഷം മൈനിങ് എന്‍ജിനീയറിങ്ങില്‍ ആണ് അവള്‍ ബിരുദം നേടിയത്. ഇക്കാലയളവില്‍ത്തന്നെ മോഡലിങ് രംഗത്തും അത്ലറ്റിക്‌സിലും അവള്‍ ശ്രദ്ധേയയായി.

2011 സെപ്റ്റംബറില്‍ അവളൊരു വലിയ മാരത്തണ്‍ മത്സരത്തില്‍ പങ്കെടുക്കുകയായിരുന്നു… ആ ഓട്ടത്തിനിടെ ഒരു പുല്‍മൈതാനത്തിലൂടെ ഓടുമ്പോള്‍ അവിടെയുണ്ടായ ഒരു തീപ്പിടിത്തത്തില്‍ ട്യൂറിയക്ക് പൊള്ളലേറ്റു. പൊള്ളലേറ്റവരില്‍ ട്യൂറിയയുടെ നിലയായിരുന്നു ഏറെ ഗുരുതരം. 65 ശതമാനം പൊള്ളലേറ്റ അവള്‍ ജീവിതത്തിലേക്ക് മടങ്ങിവരുമോ എന്നുപോലും ഡോക്ടര്‍മാര്‍ സംശയിച്ചു. അവളുടെ ദേഹമാസകലം പൊള്ളലേറ്റതിനു പുറമെ, വലതുകൈയിലെ വിരലുകളും നഷ്ടപ്പെട്ടു. അഞ്ചുമാസത്തെ ആശുപത്രി വാസത്തിനിടയില്‍ ചെറുതും വലുതുമായി ധാരാളം ഓപ്പറേഷനുകള്‍ക്ക് അവള്‍ വിധേയയായി.

ഒടുവില്‍, ജീവനോടെ അവള്‍ വീട്ടിലേക്ക് മടങ്ങി. പിന്നീട് രണ്ട് വര്‍ഷത്തോളം അവള്‍ മുഖംമൂടിയണിഞ്ഞാണ് ജീവിച്ചത്. അത്രമാത്രം വിരൂപമായിരുന്നു അവളുടെ മുഖം. ഇതിനിടെ തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായി അവള്‍ പറയുന്നത്, അവളുടെ ഭാവിവരന്‍ ഈ അവസ്ഥയിലും അവളെ ഉപേക്ഷിക്കാതെ, വിവാഹംകഴിക്കാന്‍ തയ്യാറായി എന്നതാണ്.

ഭര്‍ത്താവ് മൈക്കിളിന്റെ പ്രോത്സാഹനം അവള്‍ക്ക് കൂടുതല്‍ കരുത്തുപകര്‍ന്നു. അവള്‍ തന്റെ മുഖംമൂടി മാറ്റി. താനായിരിക്കുന്ന അവസ്ഥയില്‍ അവള്‍ ലോകത്തെ അഭിസംബോധന ചെയ്തു. സമൂഹത്തിന്റെ നന്മയ്ക്കായി പലപല സേവനങ്ങളും അവള്‍ ചെയ്തു. നിരവധി വേദികളില്‍ തന്റെ അതിജീവനത്തിന്റെ കഥ അവള്‍ പങ്കുവച്ചു. അത് അനേകര്‍ക്ക് പ്രചോദനമായിരുന്നു.

ഇന്ന് അറിയപ്പെടുന്ന ഒരെഴുത്തുകാരി കൂടിയാണവര്‍. ‘അണ്‍മാസ്‌ക്ഡ്’, ‘ഗുഡ് സെല്‍ഫി’ തുടങ്ങിയവയെല്ലാം അവരുടെ പ്രസിദ്ധങ്ങളായ പുസ്തകങ്ങളാണ്. 2016-ല്‍ ആദ്യമായി ‘അയണ്‍ മാന്‍’ കോമ്പറ്റീഷനില്‍ പങ്കെടുത്തു. ഒരിക്കലും ഇനി ഓടുകയോ നടക്കുകയോ ചെയ്യില്ല എന്നായിരുന്നു പൊള്ളലിനുശേഷം ഡോക്ടര്‍മാര്‍ അവളെക്കുറിച്ച് പറഞ്ഞത്. എന്നാല്‍, അസാമാന്യധൈര്യത്തോടെ അവള്‍ ജീവിതത്തെ നേരിട്ടു. ഇന്ന് അവളുടെ വാക്കുകള്‍ കേള്‍ക്കാന്‍ ലോകം കാത്തിരിക്കുകയാണ്.

‘ഇന്റര്‍പ്‌ളാസ്റ്റ് ഓസ്ട്രേലിയ ആന്‍ഡ് ന്യൂസീലന്‍ഡി’ന്റെ അംബാസഡര്‍ ആണ് ട്യൂറിയ ഇന്ന്. നിരവധി ടെലിവിഷന്‍ ഷോകളില്‍ അവള്‍ പങ്കെടുത്തു. വലിയ കൈയടിയോടെയാണ് അവളുടെ പരിപാടികളെ ജനങ്ങള്‍ സ്വീകരിച്ചത്. ട്രക്കിങ് പോലുള്ള സാഹസികതകളും ട്യൂറിയ പരീക്ഷിച്ച് വിജയിച്ചു. 2014-ല്‍ ‘വുമന്‍ ഓഫ് ദ ഇയര്‍’ ആയി ട്യൂറിയ തിരഞ്ഞെടുക്കപ്പെട്ടു. ധാരാളം പണം സാമൂഹികസേവനത്തിനായി ചെലവഴിച്ചുകൊണ്ട് താനൊരു മനുഷ്യസ്‌നേഹി കൂടിയാണെന്ന് അവള്‍ തെളിയിച്ചു.

ഉയര്‍ന്ന ജോലിയും കല-കായിക മേഖലയിലെ തിളക്കമാര്‍ന്ന പ്രകടനങ്ങളും ഒക്കെയായി, യൗവനം ആസ്വദിക്കുന്ന സമയത്താണ് അഗ്‌നി വില്ലനായി ട്യൂറിയയുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. സുന്ദരിയായ അവളെ വിരൂപയാക്കിയെന്നു മാത്രമല്ല, അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം തച്ചുടയ്ക്കുകയുമായിരുന്നു ആ ദുരന്തം. ബന്ധങ്ങളുടെ വിലകൂടി തിരിച്ചറിഞ്ഞ കാലഘട്ടമായിരുന്നു അവളെ സംബന്ധിച്ച് ആ നാളുകള്‍. കൂട്ടുകാരില്‍ ഭൂരിഭാഗവും അവളില്‍നിന്നകന്നു. അന്നുവരെ ആരാധനയോടെ, സ്‌നേഹത്തോടെ കണ്ടിരുന്നവര്‍ വെറുപ്പോടെ മുഖംതിരിച്ചു.

ശരീരവും മനസ്സും ഒരുപോലെ വെന്തുനീറിയിട്ടും അതിനെയെല്ലാം അതിജീവിച്ച്, ട്യൂറിയ ജീവിതത്തിലേക്ക് മടങ്ങിയെത്തി; മുമ്പത്തെക്കാള്‍ കരുത്തോടെ, ആത്മവിശ്വാസത്തോടെ. അവള്‍ ഇന്ന് ഭര്‍ത്താവും മൂന്നുവയസ്സുകാരന്‍ കുഞ്ഞുമൊത്ത് ജീവിക്കുന്നു. നിരവധി സാഹസികയാത്രകളും സാമൂഹികപ്രവര്‍ത്തനങ്ങളും ഒക്കെയായി ട്യൂറിയ ഓടിനടക്കുന്നു. തന്റെ എഴുത്തിലൂടെയും വാക്കുകളിലൂടെയും അനേകജീവിതങ്ങളെ പ്രചോദിപ്പിക്കാനും ട്യൂറിയ എന്ന മോട്ടിവേഷണല്‍ ട്രെയിനര്‍ക്ക് കഴിയുന്നു. അതെ, തീയില്‍ കുരുത്ത ട്യൂറിയ ഇനി വെയിലത്ത് വാടില്ല.

”മനസ്സിന്റെ കരുത്തുകൊണ്ട് എന്തും നേടാനാകും എന്നതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ഞാന്‍” -ട്യൂറിയ പിറ്റ്

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *