Breaking News
Home / Latest News / ഭിന്നശേഷിക്കാരനായ ഒരു കുഞ്ഞിനെ ചേര്‍ത്തുനിര്‍ത്തി അഭിനന്ദിക്കാന്‍ തയ്യാറാകുന്ന സീമ ടീച്ചര്‍

ഭിന്നശേഷിക്കാരനായ ഒരു കുഞ്ഞിനെ ചേര്‍ത്തുനിര്‍ത്തി അഭിനന്ദിക്കാന്‍ തയ്യാറാകുന്ന സീമ ടീച്ചര്‍

ഒരു കുട്ടിയുടെ ഭാവി നിര്‍ണയിക്കുന്നതില്‍ അധ്യാപകര്‍ക്കുള്ള പങ്ക് ചെറുതല്ല. കുട്ടിക്കാലത്ത് അധ്യാപകരില്‍ നിന്ന് ലഭിക്കുന്ന പ്രോത്സാഹനത്തിന്റെ കരുത്തിലായിരിക്കും കുട്ടികളുടെ മുന്നോട്ടുള്ള യാത്ര. ഒരു അധ്യാപിക എങ്ങനെയായിരിക്കണം എന്നതിന് ഉദാഹരണമാവുകയാണ് വള്ളത്തോള്‍ എ.യു.പി സ്‌കൂളിലെ സീമ എന്ന അധ്യാപിക.

സീമ ടീച്ചറെ സോഷ്യല്‍ മീഡിയക്ക് പരിചയപ്പെടുത്തിയിരിക്കുന്നത് തിരൂരിലെ അധ്യാപകനായ അസ്ലമാണ്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സാധാരണ കുട്ടികള്‍ക്കൊപ്പം പഠിക്കാനുള്ള അവസരമൊരുക്കണമെന്ന് പറയുമ്പോഴും അതിന് തയ്യാറാകാത്ത ഒരു ചെറിയ സമൂഹം നമുക്ക് ചുറ്റിലുമുണ്ട്. എന്നാല്‍ ഭിന്നശേഷിക്കാരനായ ഒരു കുഞ്ഞിനെ ചേര്‍ത്തുനിര്‍ത്തി, അഭിനന്ദിക്കാന്‍ തയ്യാറാകുന്ന സീമ ടീച്ചര്‍ ആ കുട്ടിക്ക് നല്‍കുന്ന അംഗീകാരവും സുരക്ഷിതത്വവും ചെറുതല്ലെന്ന് പറയുകയാണ് തിരൂരിലെ അസ്ലം മാസ്റ്റര്‍.

അസ്ലം മാസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം

ഉദ്ദേശ്യം രണ്ടു വര്‍ഷം മുമ്പ് ഒരു യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ട് വളളത്തോള്‍ എ.യു.പി സ്‌കൂളില്‍ എത്തിയതായിരുന്നു. അതിനിടയിലാണ് ‘ഷെബി’യെക്കാണുന്നത്. അവന് എന്റെ കയ്യിലുള്ള Canon ക്യാമറ കണ്ടപ്പോള്‍ ഒരു കൗതുകം… അവന്‍ ക്യാമറ ഒന്ന് വിശദമായിപ്പരിശോധിച്ചു.

അതുകണ്ട ‘സീമ ടീച്ചര്‍’ ചോദിച്ചു ഷെബി ‘ സെല്‍ഫി’ എടുക്കുന്നത് കണ്ടിട്ടുണ്ടോ എന്ന്..കേള്‍ക്കേണ്ടതാമസം അവന്റെ ഇടത്തേ കൈവിരലുകള്‍ മൊബൈല്‍ ഫോണായി മാറി… എന്നിട്ട് സീമ ടീച്ചറെ സെല്‍ഫിയിലേക്ക് ക്ഷണിച്ചു…. ഒന്നു രണ്ടു നിമിഷങ്ങള്‍ മാത്രം നീണ്ടു നിന്ന ആ ‘പോസ് ‘ എങ്ങനെയോ ക്യാമറക്കുള്ളിലാക്കാന്‍ എനിക്കു കഴിഞ്ഞു.

ലാപ്‌ടോപ് റിപ്പയറുമായി ബന്ധപ്പെട്ട് ഹാര്‍ഡ് ഡിസ്‌കിലേക്ക് മാറ്റപ്പെട്ട ചിത്രം പിന്നെ മറവിയുടെ മാറാല മൂടി. ഈയടുത്ത ദിവസം ഹാര്‍ഡ് ഡിസ്‌ക് പരിശോധിക്കുന്നതിനിടയിലാണ് ഈ സുന്ദര നിമിഷം വീണ്ടും ശ്രദ്ധയിലെത്തിയത്.വിദ്യാഭ്യാസത്തില്‍ അധ്യാപനമെന്നത്, നിരവധിയായ പ്രവര്‍ത്തന ബാഹുല്യം കൊണ്ട് ശരിക്കും ഒരഭ്യാസമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് ‘Differently abled Child’ എന്നു വിളിക്കപ്പെടുന്ന കുട്ടികളെക്കൂടി ‘കൂടെ’ക്കൂട്ടുന്ന വിദ്യാഭ്യാസരംഗം ശരിക്കും അഭിനന്ദനാര്‍ഹമായിത്തീരുന്നു.

‘ഷെബി’ യുടെ സെല്‍ഫി എടുപ്പിനേക്കാള്‍ എനിക്ക് കൗതുകവും, ആദരവും, സ്‌നേഹവും തോന്നിയത് സീമ ടീച്ചറുടെ ആറ്റിറ്റിയൂഡിനോടാണ്. ഷെബിയുടെ നിഷ്‌കളങ്ക മനസ്സിനെ തൃപ്തിപ്പെടുത്താനായി അവന്റെ ക്ഷണം സ്വീകരിച്ച് നിമിഷനേരം കൊണ്ട് അവന്റെ മൊബൈല്‍ ഫ്രെയിമിലേക്ക് തികച്ചും സ്വഭാവികമായ എക്‌സ്പ്രഷനുമായി ചേര്‍ന്നു നിന്ന സീമടീച്ചര്‍ക്കല്ലേ കയ്യടി കൊടുക്കേണ്ടത്! ഇതു തന്നെയല്ലേ ഇത്തരം കുട്ടികളോട് ചേര്‍ന്നു നിന്നു കൊണ്ടുള്ള ‘Adaptation (അനുരൂപീകരണം)!

അവരുടെ സന്തോഷത്തോടൊപ്പം, സങ്കടത്തോടൊപ്പം, കളി ചിരികളോടും, കുറുമ്പുകളോടും, കുറവുകളോടുമെല്ലാമൊപ്പം ചേര്‍ന്നു നിന്ന് അവരെ ‘കൂടെ’നിര്‍ത്തി, ഞങ്ങളുണ്ട് ‘കൂടെ’ എന്നു ഹൃദയം കൊണ്ടു പറയുന്ന അധ്യാപകര്‍ അവര്‍ക്കു നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അധ്യാപകരുടെ ചേര്‍ത്തുനിര്‍ത്തലില്‍, തലോടലില്‍, അഭിനന്ദന വചസ്സുകളില്‍ അവരനുഭവിക്കുന്ന സുരക്ഷിതത്വവും അംഗീകാരവും, മറ്റുള്ളവരോടൊപ്പം നെഞ്ചുവിരിച്ചു തലയുയര്‍ത്തി നില്‍ക്കാന്‍ അവരെ പ്രാപ്തരാക്കും തീര്‍ച്ച.

‘സീമ ടീച്ചര്‍മാര്‍ക്ക് ‘ ഭാവുകങ്ങള്‍, അഭിനന്ദനങ്ങള്‍…!

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *