Breaking News
Home / Latest News / ഹെന്ന ടാറ്റുവിന് പിന്നാലെ പോകുന്ന സ്ത്രീകള്‍ ഇത് ഒരു മുന്നറിയിപ്പായി കണക്കാക്കണം

ഹെന്ന ടാറ്റുവിന് പിന്നാലെ പോകുന്ന സ്ത്രീകള്‍ ഇത് ഒരു മുന്നറിയിപ്പായി കണക്കാക്കണം

കൈകളില്‍ ഹെന്ന ടാറ്റൂ ചെയ്തതിനു ശേഷം തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെയ്ക്കുകയാണ് സൗത്ത് ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഇരുപത്തിയഞ്ചുകാരി. ഹെന്ന ടാറ്റുവിന് പിന്നില്‍ താന്‍ നേരിട്ടതുപോലെയുള്ള അപകടം പതിഞ്ഞിരിക്കുന്നുവെന്നാണ് ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ക്ക് ബ്രൂക്ക് ക്രാന്നഫോര്‍ഡ് എന്ന യുവതി മുന്നറിയിപ്പ് നല്‍കുന്നത്.

ഈജിപ്ത് യാത്രയ്ക്കിടെയാണ് ബ്രൂക്ക് തന്റെ കൈയ്യില്‍ ഹെന്ന ടാറ്റു പതിച്ചത്. പ്രകൃതിദത്ത കൂട്ടുകള്‍ ഉപയോഗിച്ചുള്ള ഹെന്ന ആണെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഹെന്ന ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്റെ കയ്യില്‍ അസ്വസ്ഥതകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയെന്ന് ബ്രൂക്ക് പറയുന്നു.

“ഇതിനു മുന്‍പ് ഇന്ത്യ സന്ദര്‍ശനത്തിനിടെയും ഹെന്ന ടാറ്റു ചെയ്തിരുന്നു. അന്ന് യാതൊരു പ്രശ്‌നങ്ങളും ഉണ്ടായില്ല. മാത്രമല്ല ടാറ്റൂ ചെയ്യാന്‍ എനിക്ക് ഇഷ്ടവുമാണ്. എന്നാല്‍ ഇത് മറ്റൊരനുഭവമായിരുന്നു. ഹെന്ന ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ കയ്യില്‍ ചൊറിയലും നീറ്റലും വന്നുതുടങ്ങി. ആദ്യ ദിവസം ഇതാ കാര്യമാക്കിയില്ലെങ്കിലും അടുത്ത ദിവസത്തോടെ കൈ പൊള്ളി. നിറയെ കുമിളകള്‍ പ്രത്യക്ഷപ്പെട്ടു. ചെറുതായി തുടങ്ങിയ പൊള്ളല്‍ കൈയുടെ പുറംഭാഗത്തേക്ക് മുഴുവന്‍ വ്യാപിച്ചു. പഴുപ്പ് നിറഞ്ഞ അവസ്ഥയിലായിരുന്നു കൈ”- താന്‍ നേരിട്ട അനുഭവത്തെ കുറിച്ച് ബ്രൂക്ക് പറയുന്നു.

തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ കൈയില്‍ ഉണ്ടായത് സെല്ലുലൈറ്റിസ്(cellulitis) എന്ന അണുബാധയാണെന്ന് കണ്ടെത്തി. രണ്ടാഴ്ചയോളം നീണ്ടുനിന്ന സ്റ്റിറോയിഡ് ചികിത്സ, ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകള്‍, ആന്റിബയോട്ടിക് മരുന്നുകള്‍ എന്നിവ ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് ശേഷമാണ് ബ്രൂക്കിന്റെ കൈകള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം ലഭിച്ചത്. കൈകള്‍ പഴയ അവസ്ഥയിലേക്ക് തിരിച്ചുകിട്ടില്ലെന്ന് പോലും ഒരു ഘട്ടത്തില്‍ തോന്നിയതായി ബ്രൂക്ക് പറയുന്നു.

ഹെന്ന ടാറ്റുവിന് പിന്നാലെ പോകുന്ന സ്ത്രീകള്‍ ഇത് ഒരു മുന്നറിയിപ്പായി കണക്കാക്കണം എന്ന് പറഞ്ഞുകൊണ്ടാണ് ബ്രൂക്ക് തന്റെ കഥ മാധ്യമങ്ങളിലൂടെ പുറത്തെത്തിച്ചത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *