Breaking News
Home / Latest News / സ്വപ്നങ്ങളുടെ ജീവന്‍ ഒരു പനി വന്നാല്‍ പോലും തളര്‍ന്നുപോകുന്നവര്‍ അറിയാന്‍

സ്വപ്നങ്ങളുടെ ജീവന്‍ ഒരു പനി വന്നാല്‍ പോലും തളര്‍ന്നുപോകുന്നവര്‍ അറിയാന്‍

കുഞ്ഞുന്നാളിലേ ആരെങ്കിലും എന്നെയൊന്ന് എടുക്കാന്‍ ശ്രമിച്ചാല്‍ എന്‍റെ എല്ലുകള്‍ ഒടിഞ്ഞുതൂങ്ങുമായിരുന്നു. ചിലപ്പോഴൊക്കെ വെറുതെ ഇരുന്നാലും എല്ലുകള്‍ ഒടിയും. എന്നും കൈയ്യില്‍ പ്ലാസ്റ്ററും കെട്ടിത്തൂക്കിയാണ് സ്‌കൂളില്‍ പൊയ്ക്കൊണ്ടിരുന്നത്…” ഇതായിരുന്നു ജീവന്‍.

എന്നാല്‍, ഇന്ന് ഇതൊന്നുമല്ല ജീവന്‍.

”എന്‍റേത് ഒരു രോഗമായിരുന്നില്ല. അവസ്ഥയായിരുന്നു.” ഓസ്റ്റിയോ ജെനസിസ് ഇംപെര്‍ഫ്ക്ടാ (ബ്രിറ്റില്‍ ബോണ്‍ ഡിസോഡര്‍) എന്ന അവസ്ഥ..എന്നാല്‍ ആ അവസ്ഥയുടെ തടവില്‍ കിടക്കാന്‍ ജീവന്‍ ഒരുക്കമല്ലായിരുന്നു. തളരാത്ത മനസ്സുകൊണ്ടും കഠിനമായ പരിശ്രമം കൊണ്ടും സ്വയംസ്വതന്ത്രനായ കഥയാണ് ജീവന്‍റേത്.

തനിക്ക് വേണ്ടി മാത്രമല്ല, ഒരു പനി വന്നാല്‍ തളര്‍ന്നു പോകുന്നവര്‍ക്കു വേണ്ടിക്കൂടിയാണ് ജീവന്‍ തന്‍റെ സ്വപ്നങ്ങളെ തളരാതെ പിന്തുടര്‍ന്നത് എന്ന് തോന്നിപ്പോവും.എന്നാല്‍, കരുതുന്നതു പോലെ അത്ര എളുപ്പമായിരുന്നില്ല അത്. ഇത്തരമൊരു ഗുരുതരമായ ശാരീരികാവസ്ഥയെ തരണം ചെയ്ത് രണ്ടാഴ്ചക്കപ്പുറം കുഞ്ഞ് ജീവിക്കില്ലായെന്ന് വിധിയെഴുതിയിടത്തു നിന്നു തുടങ്ങുകയാണ് ജീവന്‍റെയും അച്ഛന്‍റെയും അമ്മയുടെയും പോരാട്ടം.

“വെറുതെ ഇരിക്കുമ്പോഴും എല്ലുകള്‍ ഒടിഞ്ഞുപോകും. സഹിക്കാന്‍ പറ്റാത്ത വേദനയാണ്. ഉറക്കത്തില്‍ തിരിയുമ്പോഴും മറിയുമ്പോഴുമൊക്കെ വേദന സഹിക്കവയ്യാതെ ഉറക്കെ നിലവിളിയ്ക്കും. ചികില്‍സയില്ലാത്ത ശാരീരികാവസ്ഥ.. എപ്പോഴും പ്ലാസ്റ്ററും കെട്ടിയായിരുന്നു നടപ്പ്. എന്നാല്‍ എന്‍റെ മുന്നില്‍ പഠനവും ഭാവിയും മാത്രമാണുണ്ടായിരുന്നത്. വേണമെങ്കില്‍ ശാരീരികാവസ്ഥയെ പഴി പറഞ്ഞ് എനിക്ക് ഒതുങ്ങിക്കൂടാമായിരുന്നു. എന്നാല്‍ എന്നിലെ ആത്മവിശ്വാസത്തെ ഞാന്‍ ശരിക്കും ഉപയോഗിച്ചു. പത്താംക്ലാസിലും പ്ലസ്ടുവിലും മിക്ക വിജയം നേടി,” ജീവന്‍ ജീവിതത്തെക്കുറിച്ച് പറയുന്നതിങ്ങനെ.

“പുതിയ അറിവുകളെ ആര്‍ജിക്കാനുള്ള അടക്കാനാവാത്ത ആഗ്രഹം എപ്പോഴും അവനുള്ളിലുണ്ടായിരുന്നു. അതാണ് അവനെ മുന്നോട്ടു നയിച്ചത്. ഒരു കുഞ്ഞ് പൂമ്പാറ്റയായി പാറി നടക്കേണ്ട പ്രായത്തില്‍ അവനേയും എടുത്താണ് ഞാന്‍ സ്‌കൂളിന്‍റെ പടവുകള്‍ ചവിട്ടിയിരുന്നത്,” ജീവന്‍റെ അമ്മ താര പറഞ്ഞു.

പ്ലസ്ടുവിനു ശേഷം എന്‍ജിനിയറിംഗിനു പോകണമെന്നായിരുന്നു ജീവന്. അതിനുള്ള സാധ്യതകള്‍ തേടി. ചെറുപ്പം മുതല്‍ തന്നെ കമ്പ്യൂട്ടറിനോടൊരു താല്‍പര്യമുണ്ടായിരുന്നു. അങ്ങനെ പ്രവേശന പരീക്ഷയെഴുതി. മികച്ച റാങ്കോടെ എന്‍ജിനിയറിംഗ് പഠനം. തുടര്‍ന്ന് ക്യാമ്പസ് പ്ലേസ്മെന്‍റ്. ഇപ്പോള്‍ മൈക്രോസോഫ്റ്റില്‍ ജോലി

ഈ സംഭവം നടക്കുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. അതായത് ജീവന്‍റെ സ്‌കൂള്‍ ദിനങ്ങള്‍ ആരംഭിക്കുന്ന കാലം.

“എല്ലാ ദിവസവും ഉച്ചസമയത്ത് എന്നെക്കാണാന്‍ ക്ലാസ് മുറിയുടെ പുറത്ത് ഒരാള്‍ക്കൂട്ടം കാണും. എന്നെ അവരൊക്കെ കൗതുകത്തോടെ നോക്കും. ചിലരൊക്കെ മനസില്‍ തറച്ചു കയറുന്ന കമന്‍റുകളൊക്കെ പറയും.

“നോക്കൂ, സ്‌കൂളില്‍ പോകും മുന്‍പു തന്നെ അത്തരം സാഹചര്യങ്ങളെ നേരിടാന്‍ അമ്മ എന്നെ പ്രാപ്തനാക്കിയിരുന്നു. എന്നെപ്പോലെ ഒരാളെ അത്തരത്തില്‍ നോക്കുന്നത് സ്വാഭാവികമല്ലേ? ആദ്യമൊക്കെ ചെറിയ രീതിയില്‍ വിഷമമുണ്ടായെങ്കിലും അത്തരം നോട്ടങ്ങളൊന്നും എന്നേ തളര്‍ത്തിയതേയില്ല. ഒരു പക്ഷെ അതിനൊന്നും എന്‍റെ ആത്മവിശ്വാസം തകര്‍ക്കാന്‍ കഴിയില്ലായിരുന്നു.

“പഠനത്തില്‍ മാത്രമായിരുന്നു അധികസമയവും ഞാന്‍ ശ്രദ്ധിച്ചിരുന്നത്. എന്‍റെ ക്ലാസിലെ കുട്ടികളൊക്കെ എപ്പോഴും സഹായിച്ചിരുന്നു. എന്നെത്തന്നെ നോക്കി ക്ലാസിന്‍റെ പുറത്ത് കാഴ്ചക്കാരായി നിന്ന കുട്ടികളെ അവിടെ നിന്നു പറഞ്ഞുവിടുന്നതും അവരായിരുന്നു,” സ്‌കൂള്‍ കാലം ജീവന്‍ ഓര്‍ക്കുന്നു.

അങ്ങനെ മികച്ച രീതിയില്‍ തന്നെ പന്ത്രണ്ടാം ക്ലാസ് പാസായി. “ഏതൊരു സാധാരണ മനുഷ്യനെയും പോലെ എനിക്കും ചില ആഗ്രഹങ്ങളുണ്ടായിരുന്നു. എന്‍ജിനിയറിംഗിനു പോകണം, മികച്ച കമ്പനികളില്‍ ജോലി ചെയ്യണം…ആളുകള്‍ കേട്ടാല്‍ മൂക്കത്തു വിരല്‍ വെച്ചു പോകുന്ന ആഗ്രഹം..’രണ്ടുകാലില്‍ നടക്കാന്‍ കഴിയുന്നവര്‍ക്ക് എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. പിന്നല്ലേ നിന്നേപ്പോലൊരാള്‍ക്ക്.’ പലരും മനസിലെങ്കിലും ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ടാകാം..

“എന്നെ പരിമിതികളിലേക്ക് സ്വയം തളച്ചിടാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. പ്ലസ്ടുവിനു ശേഷം എന്‍ട്രന്‍സ് എഴുതുന്നതിനായി തയ്യാറെടുത്തു. അപ്പോഴാണ് മറ്റൊരു പ്രശ്നം. സ്ഥിരമായി എന്‍ട്രന്‍സ് കോച്ചിംഗിനു പോകുന്നത് അത്ര എളുപ്പമല്ല. അതുകൊണ്ട് കൊല്ലത്തെ പ്രമുഖ കോച്ചിംഗ് കേന്ദ്രം എനിക്കായി ആഴ്ചയില്‍ മൂന്നു ദിവസം പ്രത്യേക പരിശീലനം ഒരുക്കി. സുഹൃത്തുക്കളും അധ്യാപകരും പിന്തുണ നല്‍കി.

“മല്‍സര പരീക്ഷയില്‍ മികച്ച വിജയം നേടി. ഭിന്നശേഷിക്കാരുടെ സീറ്റില്‍ എനിക്ക് വളരെ എഴുപ്പത്തില്‍ അഡ്മിഷന്‍ ലഭിക്കുമായിരുന്നു. പക്ഷെ ജനറല്‍ സീറ്റില്‍ തന്നെയാണ് എന്‍ജിനിയറിംഗിന് കൊല്ലം ടി കെ എം കൊളേജില്‍ ഞാന്‍ ചേര്‍ന്നത്. പ്രാക്ടിക്കല്‍ ക്ലാസുകളിലേയ്ക്കൊക്കെ അച്ഛനാണ് പലപ്പോഴും കൊണ്ടു പോയിരുന്നത്. സുഹൃത്തുക്കളും അധ്യാപകരും ഏറെ സഹായിച്ചിരുന്നു,”ജീവന്‍ പറയുന്നു

കൊല്ലം ജില്ലയിലെ മയ്യനാടെന്ന ഗ്രാമത്തില്‍ നിന്നും ബാംഗ്ലൂരിലേക്ക് സോഫ്റ്റ് വെയര്‍ എന്‍ജിനിയറായാണ് ജീവന്‍ എത്തുന്നത്.

“ഒരു പക്ഷെ ഇത്ര കാലം വളര്‍ന്ന നാടിനേക്കാള്‍ ബാംഗ്ലൂര്‍ എനിക്ക് കുറച്ചു കൂടി സൗഹൃദം പകര്‍ന്നു തരുന്ന ഒരു സ്ഥലമായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്. എനിക്കിവിടെ ഒറ്റയ്ക്കു യാത്ര ചെയ്യാന്‍ കഴിയും. ഓഫീസിലേയ്ക്കു ഞാന്‍ തനിച്ചാണ് പോകുന്നത്. ഇപ്പോള്‍ അച്ഛനോ അമ്മയോ കൂടെയുണ്ട്.

“പക്ഷെ എനിക്കുറപ്പാണ് അവര്‍ കൂടെയില്ലെങ്കിലും എനിക്ക് ഈ നഗരത്തില്‍ ഒറ്റയ്ക്കു നില്‍ക്കാന്‍ കഴിയുമെന്ന്. കാരണം ഇവിടുത്തെ സ്ഥലങ്ങളൊക്കെ അംഗപരിമിതര്‍ക്കു വേണ്ടി പ്രത്യേകം ഉണ്ടാക്കിയിരിക്കുന്നതാണ്. ഇവിടെ എനിക്ക് ഓണ്‍ലൈനിലൂടെ വാടകവീടുകള്‍ തന്നെ കണ്ടുപിടിയ്ക്കാന്‍ കഴിയുന്നു. ഞാന്‍ എന്‍റെ പരിമിതികള്‍ക്കപ്പുറം സ്വതന്ത്രനാണെന്ന് കരുതുന്നു,” ജീവന്‍റെ ആത്മവിശ്വാസം നിറയുന്ന വാക്കുകള്‍.

”എന്‍റെ പരിമിതികളില്‍ ഒരിക്കല്‍ മാത്രമേ ഞാന്‍ അത്യധികം വിഷമിച്ചിട്ടുള്ളു. ഒരിക്കല്‍ ഭിന്നശേഷിക്കാരുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിനായി തിരുവനന്തപുരത്തുള്ള ഒരു സര്‍ക്കാരോഫിസില്‍ പോകേണ്ടതായി വന്നു. അവിടെ ചെന്നപ്പോള്‍ മൂന്നാം നിലയിലാണ് ഓഫീസ്. എങ്ങനെ മുകളിലോട്ട് കയറും. എത്ര അംഗപരിമിതരാണ് ദിവസേന ഇത്തരത്തില്‍ കഷ്ടപ്പെടുന്നതെന്ന് അറിയാമോ? ഞങ്ങളെപോലെയുള്ളവര്‍ക്കു വേണ്ടി ഒരു ഓഫീസ് പ്രവര്‍ത്തിക്കുമ്പോള്‍ അതെങ്ങനെ ആയിരിക്കണമെന്ന് അറിയില്ലേ,” ജീവന്‍ ചോദിക്കുന്നു.

ജീവനെന്ന ഒന്നര അടിക്കാരന് ആകാശത്തോളം ഉയരാന്‍ കഴിഞ്ഞത് ജീവിതത്തില്‍ വളരെ ഉള്‍ക്കാഴ്ചയോടെ പ്രവര്‍ത്തിച്ചതുകൊണ്ടു മാത്രമാണ്. പലപ്പോഴും സംസാരത്തില്‍ കുടുംബമാണ് തന്നെ ഈ നിലയിലേക്ക് ഉയര്‍ത്തിയതെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും അയാള്‍ സ്വയം ആര്‍ജ്ജിച്ചെടുത്ത ചില കഴിവുകളിലൂടെയാണ് ജീവന്‍ വളര്‍ന്നത്.

എപ്പോഴും വളരെ പോസീറ്റീവായി മാത്രം ജീവിതത്തെ കാണുകയും തമാശകള്‍ പറയുകയും ചെയ്യുന്ന ആ ഇരുപത്തേഴുകാരന് മൈക്രോസോഫ്റ്റിലെത്തുകയെന്നത് ജീവിതാഭിലാഷമായിരുന്നു. ആദ്യം പ്ലേസ്മെന്‍റ് കിട്ടിയ കമ്പനിയില്‍ ജീവന്‍ ഒരിക്കലും തൃപ്തനായിരുന്നില്ല. രണ്ടാമതെത്തിയ കമ്പനിയും സന്തുഷ്ടനാക്കിയില്ല. നിരന്തരമായ പരിശ്രമവും കഠിനാധ്വാനവും ഒടുവില്‍ ഫലം കണ്ടു. സ്വപനം കണ്ടതുപോലെ മൈക്രോസോഫ്റ്റില്‍ ജോലി കിട്ടി.

ആറ്റുനോറ്റിരുന്ന കുരുന്നു പിറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. താരയും മനോജും ഏറെ പ്രതീക്ഷകളോടെയാണ് അന്ന് ആശുപത്രിയിലേക്കു പോയത്. പക്ഷെ അവസാന ഘട്ട പരിശോധനയില്‍ എന്തോ അസ്വാഭിവകത തോന്നിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജിസ്റ്റ് സ്‌കാനിംഗ് നിര്‍ദ്ദേശിച്ചു.

“സ്‌കാനിംഗില്‍ വീണ്ടും അസ്വാഭാവികത. ഡോക്റായ എന്‍റെ അമ്മ പോലും ഒരു നിമിഷം പതറി. സ്‌കാനിംഗില്‍ കണ്ട പ്രശ്നം എന്താണെന്ന് സ്ഥിരീകരിക്കാന്‍ ഗര്‍ഭിണികള്‍ക്ക് വളരെ അപൂര്‍വ്വമായി മാത്രം നിര്‍ദ്ദേശിക്കാറുള്ള എക്സറേയാണ് ഡോക്ടര്‍ അടുത്ത ഘട്ടത്തില്‍ നിര്‍ദ്ദേശിച്ചത്. ഒരു നിമിഷം ഞാനും പതറി.

“എക്സറേ കൂടി കണ്ടതോടെ ഡോക്ടര്‍ക്കും ആവലാതിയായി. കുഞ്ഞിന്‍റെ എല്ലാ അവയവങ്ങളും യഥാസ്ഥാനത്തു കാണുന്നില്ല. പക്ഷെ ഞാന്‍ പിടിച്ചുനിന്നു. വരുന്നിടത്തു വെച്ചു കാണാം എന്നായിരുന്നു ചിന്ത. മാസം തികഞ്ഞ് വളരെ സാധാരണ പ്രസവവമാണ് നടന്നത്. കുഞ്ഞിക്കാലുകള്‍ നെഞ്ചില്‍ ചേര്‍ന്നിരിക്കുന്ന രീതിയിലായിരുന്നു അവന്‍റെ ജനനം. ജന്മനാ എല്ലുകള്‍ ഒടിഞ്ഞു പോകുന്ന അവസ്ഥയുമായായിരുന്നു. കുഞ്ഞ് ആ അവസ്ഥ അതിജീവിക്കുമോയെന്ന് എല്ലാവര്‍ക്കും ഭയമുണ്ടായിരുന്നു. പക്ഷെ ഞാന്‍ ഭയന്നില്ല,”താര പറയുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *